Flash News

ഒറ്റപ്പെട്ട അഭയാര്‍ഥി കുട്ടികളുടെ എണ്ണത്തില്‍ അഞ്ചു മടങ്ങ് വര്‍ധനയെന്ന് യുനിസെഫ്‌



ന്യൂയോര്‍ക്ക്: ലോകത്ത് ഒറ്റപ്പെട്ട അഭയാര്‍ഥി കുട്ടികളുടെ എണ്ണത്തില്‍ അഞ്ചുവര്‍ഷത്തിനിടെ അഞ്ചു മടങ്ങോളം വര്‍ധനവെന്ന് യുനിസെഫ്. 2015-16 വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ലോകത്താകെ 3 ലക്ഷത്തോളം കുട്ടികളാണ് മാതാപിതാക്കളോ മറ്റു ബന്ധുക്കളോ ഒപ്പമില്ലാതെ അഭയാര്‍ഥികളായി കഴിയുന്നത്. 2010-11 വര്‍ഷത്തില്‍ 66,000 കുട്ടികളായിരുന്നു ഇത്തരത്തില്‍ ഒറ്റപ്പെട്ട അഭയാര്‍ഥികളായി കഴിഞ്ഞിരുന്നത്.മൂന്നു ലക്ഷത്തില്‍ ഒരുലക്ഷത്തോളം കുഞ്ഞുങ്ങള്‍ മെക്‌സിക്കോയില്‍ നിന്ന് യുഎസിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ അതിര്‍ത്തിയില്‍വച്ച് കൂട്ടംതെറ്റുകയും പോലിസ് പിടിയിലാവുകയും ചെയ്തവരാണെന്ന് യുനിസെഫ് കഴിഞ്ഞദിവസം പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നു. രണ്ടുലക്ഷത്തോളം കുട്ടികള്‍ 80 രാജ്യങ്ങളിലായി അഭയംതേടി അപേക്ഷ നല്‍കിയിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ അഭയാര്‍ഥികളായെത്തിയവരാണ് ഇതില്‍ 1.7 ലക്ഷം കുട്ടികള്‍. എന്നാല്‍, ഈ കണക്കുകള്‍ മഞ്ഞുമലയുടെ ഒരു ചെറിയ അറ്റം മാത്രമാണെന്ന് യുനിസെഫ് ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജസ്റ്റിന്‍ ഫോര്‍സൈത് പറഞ്ഞു. യൂറോപിലും വടക്കന്‍ അമേരിക്കയിലും അഭയാര്‍ഥികളായെത്തുന്ന കുട്ടികളുടെ വിവരങ്ങളാണ് പ്രധാനമായും ശേഖരിക്കാന്‍ സാധിച്ചത്. എന്നാല്‍, മറ്റു വന്‍കരകളിലെ രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള കണക്കുകള്‍ ലഭ്യമല്ല. ഒറ്റയ്ക്ക് പലായനം ചെയ്യേണ്ടിവരുന്ന കുഞ്ഞുങ്ങളുടെ എണ്ണം വളരെ വലുതാണ്. ഇത് പ്രതിദിനം വര്‍ധിക്കുകയും ചെയ്യുന്നു. ഫോര്‍സിത് പറഞ്ഞു.
Next Story

RELATED STORIES

Share it