palakkad local

ഒറ്റപ്പാലം നഗരസഭ സമഗ്ര കുടിവെള്ള പദ്ധതി; ശുദ്ധജല വിതരണ പൈപ്പിലൂടെ ഇനിയും വെള്ളം ലഭ്യമായില്ല

എസ് ആര്‍ ജയപ്രഭാത്

ഒറ്റപ്പാലം: ഉല്‍സവ പ്രതീതിയോടെ കണക്ഷന്‍ മേളകളും ഉദ്ഘാടന മാമാങ്കവും നടത്തി 11 ദിവസം പിന്നിട്ടിട്ടും ഒറ്റപ്പാലം നഗരസഭയുടെ സമഗ്ര കുടിവെള്ള പദ്ധതിയുടെ ശുദ്ധജല വിതരണ പൈപ്പിലൂടെ വെള്ളം ലഭ്യമായില്ല.
ജനുവരി 12 ന് ഉദ്ഘാടന ദിവസം തന്നെ മീറ്റ്‌ന പമ്പ് ഹൗസില്‍ നിന്നും കയറംപാറ ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്കുള്ള പ്രധാന പൈപ്പിന്റെ ആങ്കര്‍ ബ്ലോക്ക് പൊട്ടി വേര്‍പെട്ടിരുന്നു. ഇത് കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിക്കാനുള്ള ശ്രമമാണിപ്പോള്‍ നടക്കുന്നത്. ജല അതോറിറ്റിയുടെ പഴയ പൈപ്പ് ലൈനിലൂടെ ജലവിതരണം നടത്തുമ്പോള്‍ ശക്തമായ സമ്മര്‍ദ്ദംമൂലം പൊട്ടിനിടയുള്ള പഴയപൈപ്പുകള്‍ പരിശോധിച്ച് മാറ്റിയിടുന്നതിനുള്ള നടപടിയുമെടുത്തിട്ടില്ല. ഇനി ഒരാഴ്ചയെങ്കിലും കഴിയാതെ ജലവിതരണം പുനസ്ഥാപിക്കാന്‍ കഴിയില്ലെന്നാണ് ജല അതോറിറ്റി അധികൃതര്‍ പറയുന്നത്.
ധൃതി പിടിച്ചുള്ള ഉദ്ഘാടനത്തെ നഗരസഭ കൗണ്‍സിലിലെ പ്രതിപക്ഷാംഗങ്ങള്‍ ശക്തമായി എതിര്‍ക്കുകയും വോട്ടിംഗ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. നഗരസഭയുടെ സമഗ്ര കുടിവെള്ള പദ്ധതിയുടെ ക്രെഡിറ്റ് സ്വന്തം അക്കൗണ്ടിലാക്കാന്‍ ഒറ്റപ്പാലം എംഎല്‍എ എം ഹംസ ശ്രമിക്കുകയാണെന്നും പണികള്‍ പൂര്‍ത്തിയാക്കാതെയുള്ള ഉദ്ഘാടനം മാറ്റിവെയ്ക്കണമെന്നും 36 അംഗ കൗണ്‍സിലിലെ 21 അംഗങ്ങളും ആവശ്യപ്പെട്ടിരുന്നു.
പിന്നീട് പ്രതിപക്ഷവും ഭരണപക്ഷവും സമവായത്തിലെത്തുകയതിനെത്തുടര്‍ന്നാണ് ഉദ്ഘാടനം ജനുവരി 12 ന് നടത്തിയത്. എന്നാല്‍ ഇതുവരെ പൈപ്പിലൂടെ വെള്ളമെത്താതിനാല്‍ ഒറ്റപ്പാലം നഗരസഭാ നിവാസികള്‍ കുടിവെള്ളത്തിന് മറ്റുവഴികള്‍ തേടേണ്ട അവസ്ഥയാണുള്ളത്. അതേസമയം പുഴയ്ക്ക് കുറുകെ നിര്‍മിക്കുമെന്ന് പറഞ്ഞ സ്ഥിരം തടയണയുടെ നിര്‍മ്മാണജോലികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല.
Next Story

RELATED STORIES

Share it