dwaivarika

ഒറിജിനല്‍ തീവ്രവാദികളെ കണ്ടവരുണ്ടോ?

ഒറിജിനല്‍ തീവ്രവാദികളെ കണ്ടവരുണ്ടോ?
X

ബാബര്‍
വല്ലവനും തീവ്രവാദിയാവുമോ എന്ന ഭയപ്പാടില്‍ കഴിയുന്ന മുസ്‌ലിം സംഘടനാ നേതാക്കള്‍ പ്രഗല്‍ഭ പണ്ഡിതനും സലഫി പ്രഭാഷകനുമായ ഡോ. എം.എം അക്ബറിന്റെ അറസ്റ്റിനോട് എങ്ങനെ പ്രതികരിക്കേണ്ടൂ എന്നറിയാതെ ഖിന്നരായി തുടരുകയാണെന്ന ദുഃഖവാര്‍ത്ത ഖേദപൂര്‍വം അറിയിച്ചുകൊള്ളുന്നു. രണ്ടുകൂട്ടര്‍ തമ്മില്‍ അടിപിടിയുണ്ടായാല്‍ തങ്ങളോടു ചോദിക്കാതെ അതിലിടപെടുന്ന അശുക്കള്‍ക്കു നേരെ ആക്രോശിക്കുന്ന സംഘടനകളുടെ വ്യാപ്തിയും ആഴവും അംഗത്വവുമൊക്കെ കാനേഷുമാരി ഉദ്യോഗസ്ഥരെപ്പോലെ കണക്കാക്കുന്ന എഴുത്തുകാരും പ്രാസംഗികരും അക്ബര്‍ വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നു പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. പാണക്കാട്ടെ ഒരു തങ്ങള്‍ മരിച്ചുപോയ ഒരു ബാലനെ തലയില്‍ തടവി യേശു ലാസറിനെ ജീവിപ്പിച്ചപോലെ പുതുജീവന്‍ നല്‍കി തുടങ്ങിയ ചരിത്രസംഭവങ്ങള്‍ പഴയ കിതാബുകളുടെ പിന്‍ബലത്തില്‍ വിശദീകരിച്ചുകൊണ്ടിരിക്കുന്ന ഒരു മതപ്രാസംഗികന്‍ സാകിര്‍ നായിക്കിനെയും അക്ബറിനെയും പിടികൂടിയതില്‍ എന്തിനു സങ്കടപ്പെടണം എന്ന് സദസ്സിനോട് ചോദിക്കുന്ന ദൃശ്യങ്ങള്‍ വൈറലാവുന്നുണ്ട്. വൈറസിനെപ്പോലെ വിഷം ഉല്‍പ്പാദിപ്പിക്കുന്നു എന്നര്‍ഥത്തിലാണ് വൈറലാവുന്നു എന്നു പ്രയോഗിച്ചതെന്നു ന്യൂജന്‍ വായനക്കാരെ ഓര്‍മിപ്പിക്കുന്നു.
അക്ബര്‍ കേരളത്തിലെ മുജാഹിദ് മുഖ്യധാരയുടെ പ്രധാന ഭാഗമാണെന്ന കാര്യത്തില്‍ ഒരു സംശയവുമാര്‍ക്കുമില്ല. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലുള്ള സ്‌കൂളില്‍ പഠിപ്പിക്കുന്ന ഒരു മതപാഠപുസ്തകത്തില്‍ കൊടുത്ത അഭ്യാസത്തില്‍ തൂങ്ങിയാണ് ഇലക്ട്രോമൈക്രോസ്‌കോപ്പ് വച്ചു തീവ്രവാദം കണ്ടുപിടിച്ചുകൊണ്ടിരിക്കുന്ന നിയമപാലകന്മാര്‍ കേസെടുത്തത്. തുടര്‍ന്ന്, ഇബ്രാഹീം നബി തന്റെ പിതാവ് നിര്‍മിച്ച വിഗ്രഹങ്ങള്‍ തട്ടിത്തകര്‍ത്തത് ക്ലാസില്‍ പഠിപ്പിച്ചാല്‍ ഉടനെ തന്നെ കുഞ്ഞുങ്ങള്‍ ചമ്മട്ടിയെടുത്ത് വിഗ്രഹം തകര്‍ക്കാനിറങ്ങില്ലേ എന്ന അഷ്ടദിക്കുകളും മുഴങ്ങുന്ന ചോദ്യങ്ങളുമായി നിയമപാലകരും പ്രോസിക്യൂഷനും രംഗത്തുവന്നു. ആ നിലയ്ക്ക് രാമായണവും മഹാഭാരതവുമൊക്കെ ക്ലാസില്‍ പഠിപ്പിച്ചാല്‍ ഉടനെ പിള്ളാര് വാക്കത്തിയെടുത്ത് പെണ്ണുങ്ങളുടെ മുലയരിയാന്‍ ഇറങ്ങിപ്പുറപ്പെടുകയില്ലേ തുടങ്ങിയ ഉടക്ക് ചോദ്യങ്ങളൊന്നും ചോദിച്ചേക്കരുത്. അക്ബര്‍ പോലിസ് നടപടികളില്‍ നിന്നു രക്ഷപ്പെടാന്‍ തല്‍ക്കാലം മാറിനില്‍ക്കുകയായിരുന്നു എന്നു കരുതാവുന്നതാണ്. രാജ്യത്തെ നിയമം പാലിക്കുന്നതാണ് തൗഹീദ് സ്ഥാപിക്കുന്നതിനേക്കാള്‍ പ്രതിഫലാര്‍ഹം എന്നു കരുതുന്നവര്‍ അങ്ങനെ ചെയ്യേണ്ടിയിരുന്നോ എന്നു ചോദിക്കുന്ന ദോഷൈകദൃക്കുകള്‍ കാണും. അവരെ വിട്ടേക്കുക.


അക്ബറിനെതിരേ പോലിസ് അനാവശ്യമായി നീങ്ങിയപ്പോള്‍ മുഖ്യധാരക്കാര്‍ മിണ്ടിയില്ല. അടുത്തിടെ മലപ്പുറം ജില്ലയില്‍ ഒരു മഹാസമ്മേളനം സംഘടിപ്പിച്ചപ്പോള്‍ ശ്രീധരന്‍പിള്ള, മുഖ്താര്‍ അബ്ബാസ് നഖ്‌വി തുടങ്ങിയ സലഫി ചിന്തകരൊക്കെ ക്ഷണിതാക്കളായതുകൊണ്ടാവണം അക്ബര്‍ പ്രശ്‌നത്തെക്കുറിച്ച് ഒരു വാക്ക് പറയാതിരിക്കാനാണ് എല്ലാ പ്രാസംഗികരും അച്ചട്ടായി ശ്രമിച്ചത്. സംഘടനയില്‍ ഇപ്പോഴും ബാക്കിനില്‍ക്കുന്നുവെന്നു കരുതപ്പെടുന്ന വിഭാഗീയതയ്ക്ക് ഊര്‍ജം നല്‍കുന്നതിനായിരുന്നു ചിലര്‍ ശ്രമിച്ചതെന്നുമൊരു ശ്രുതിയുണ്ട്.
മാത്രമല്ല, ചില തീവ്രവാദികള്‍ ഇതുതന്നെ തക്കമെന്നു കണ്ടു കുഞ്ഞാടുകളെ യമനിലെ ദമ്മാജിലേക്ക് കൊണ്ടുപോവുന്നതിനു പകരം സ്വന്തം താവളങ്ങളിലേക്ക് കടത്തിക്കൊണ്ടുപോവും എന്നായിരുന്നു പലര്‍ക്കുമുണ്ടായിരുന്ന ഉല്‍ക്കണ്ഠ. മുഖ്യമന്ത്രി പിണറായി വിജയനെ മുജാഹിദ് നേതാക്കള്‍ നേരത്തേ കണ്ടു ബോധിപ്പിച്ചതിനാല്‍ അക്ബര്‍ വെറുതെയൊന്ന് ഹാജരായി ജാമ്യമെടുത്താല്‍ മതിയെന്നും അത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ കുടികൊള്ളുന്ന നീതിയുടെ തെളിവാണെന്നുമുള്ള വിശദീകരണമുണ്ടായതോടെ മിക്ക ജംനാപ്പ്യാരികളും സ്വസ്ഥമായി തഹ്ജുദ് നമസ്‌കരിക്കാന്‍ പോയി എന്നുപറയാം.
ഉഗ്രവാദികളുടെ ആക്രമണം ഭയക്കാതെ ജീവിക്കുന്നതിന് ഇത്രയൊക്കെയല്ലേ ഒരു വിശ്വാസിക്ക് ചെയ്യാന്‍ പറ്റൂ. മുംബൈയിലെ എ.ടി.എസ് തലവനായ ഹേമന്ത് കര്‍ക്കരെക്ക് മുമ്പ് 'മുസ്‌ലിം' തീവ്രവാദികളെ പോലിസ് കിറുകൃത്യമായി പിടികൂടുമ്പോള്‍ തീവ്രവാദ സമ്മേളനങ്ങള്‍ നടത്തിയതുകൊണ്ട് കുറച്ചു ഗുണം കിട്ടി. അല്ലെങ്കില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ല്യാരെപോലെ ഇസ്രായേലിന്റെയും യു.എസിന്റെയും കാരുണ്യത്തില്‍ കഴിയുന്ന ജോര്‍ദാനിലെ അബ്ദുല്ലയ്ക്ക് അറബിയില്‍ കവിതയെഴുതി സമര്‍പ്പിക്കാന്‍ കഴിയണം. അഫ്ദലുല്‍ ഉലമ പഠിച്ചതുകൊണ്ടുമാത്രം അറബിയില്‍ കവിത എഴുതാന്‍ ബുദ്ധിമുട്ടാണ്.
മുഖ്യമന്ത്രിയെ കണ്ടതിനു ശേഷം ലഭിച്ച ഉറപ്പിനെ കുറിച്ച് ഫേസ്ബുക്കിലും വാട്‌സ്ആപ്പിലുമായി ഏതാണ്ടൊരു ഔദ്യോഗിക വിജ്ഞാപനം കെ.എന്‍.എമ്മിന്റെ വകയായുണ്ട്. കെ.എന്‍.എം ഖജാഞ്ചിയും പീസ് സ്‌കൂള്‍ ട്രസ്റ്റിയുമായ നൂര്‍ മുഹമ്മദ് നൂരിഷ വകയായി വന്ന വിജ്ഞാപനത്തില്‍... 'ബഹു. മുഖ്യമന്ത്രി, ബഹു. തദ്ദേശവകുപ്പു മന്ത്രി, ബഹു. നിയമസഭാ സ്പീക്കര്‍' എന്നിവരുമായും ബഹുവില്ലാത്ത ജനപ്രതിനിധികളുമായും ചര്‍ച്ച നടത്തിയെന്നും അക്ബറിനെതിരായ ആരോപണങ്ങളുടെ നിജസ്ഥിതി അവരെ ബോധ്യപ്പെടുത്തിയെന്നുമുള്ള വിവരങ്ങളുണ്ട്. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ തികച്ചും അനുകൂലമായ പ്രതികരണമാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്നും അക്ബറിനോടോ 'നാം' നടത്തുന്ന സ്ഥാപനങ്ങളോടോ ശത്രുതാപരമായ എന്തെങ്കിലുമൊരു സമീപനം ഗവണ്‍മെന്റിനില്ലെന്നും അത്തരം കുപ്രചാരണങ്ങളില്‍ വഞ്ചിതരാവരുതെന്നും കുറിപ്പ് തുടരുന്നു.


നിവേദകരില്‍ കെ.എന്‍.എം പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി (മദനിയല്ല മഅ്ദനി എന്ന ആപ്തവാക്യത്തിന്റെ ഉപജ്ഞാതാവ്), വൈസ് പ്രസിഡന്റുമാരായ ഡോ. ഹുസയ്ന്‍ മടവൂര്‍, എച്ച്.ഇ മുഹമ്മദ് ബാബു സേട്ട്, ഖജാഞ്ചി നൂര്‍മുഹമ്മദ് നൂരിഷ എന്നിവരുണ്ടായിരുന്നു. ഇതുസംബന്ധിച്ചുള്ള വൈകാരിക പ്രകടനങ്ങളില്‍ നിന്നു വിട്ടുനില്‍ക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുറിപ്പ് ഓര്‍മപ്പെടുത്തുന്നു.
ഏതായാലും ആ കുറിപ്പ് അനുയായികള്‍ ശരിക്കും വായിച്ചതായി കാണുന്നില്ല. കോഴിക്കോട്ട് അതിനു ശേഷം ചേര്‍ന്ന ഒരു മുജാഹിദ് യുവജന സംഗമത്തില്‍ അക്ബറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പരസ്യമായി കൈ ഉയര്‍ത്തി പ്രതിജ്ഞ ചൊല്ലിയത് വൈകാരികമോ വൈചാരികമോ എന്ന വര്‍ണ്യത്തിലാശങ്ക നിലനില്‍ക്കുന്നു. ശരീരം കൊണ്ടുള്ള എല്ലാം വൈകാരികമാണെന്നാണ് മുഖ്യധാര സുന്നഹദോസിന്റെ ഇതപര്യന്ത നിലപാട്. അതിനിടയ്ക്ക് ഒരു ഉപദംശം പോലെ മറ്റൊരു വര്‍ഗീകരണവും നടക്കുകയുണ്ടായി എന്ന് അസ്മാദൃശരെ ഓര്‍മിപ്പിക്കുന്നു. അക്ബറിനെപ്പോലുള്ളവരെ തീവ്രവാദികളാക്കി അറസ്റ്റ് ചെയ്തതു വഴി ഒറിജിനല്‍ തീവ്രവാദികള്‍ ശക്തിപ്പെടുമോ എന്ന ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് ഈയാംപാറ്റ കണക്കെ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന മുസ്‌ലിം ഐക്യവേദികളിലൊന്നായ സംയുക്തവേദിയുടെ വക്താക്കള്‍ ഒരു പ്രസ്താവനയിറക്കിയിരുന്നു. എന്തായാലും അതു കണ്ട് ഒറിജിനലുകാര്‍ പ്രവര്‍ത്തനം നിര്‍ത്തിയ മട്ടുണ്ട്. ആര്‍ക്കും ഒരു പരിക്കുമില്ലാതെ ബാംഗ്ലൂര്‍ മോഡല്‍ സ്‌ഫോടനം, യാത്രക്കാരെ വഴിയിലിറക്കിവിടുന്ന ബസ് ഹൈജാക്കിങ് തുടങ്ങിയവയൊന്നും നടക്കുകയുണ്ടായില്ല. ഒറിജിനലുകാര്‍ക്കും സംയുക്തരുടെ താക്കീത് കുറിക്കുകൊണ്ടുവെന്നര്‍ഥം. 'നിര്‍ത്തൂ ഈ ചോരക്കളി' എന്ന് വെല്‍ഫെയര്‍ പാര്‍ട്ടിയിലെ പെണ്ണുങ്ങള്‍ കണ്ണൂരില്‍ ഉയര്‍ത്തിയ മുദ്രാവാക്യവും സമയത്തുതന്നെയായി. നിര്‍ത്തിയില്ലെങ്കില്‍ നിര്‍ത്തുമെന്ന മുഷ്ടിചുരുട്ടിക്കൊണ്ടു നല്‍കിയ ആ സന്ദേശമുണ്ടല്ലോ അതുമവര്‍ കേട്ടുകാണും.

*****

മൃച്ഛഗഡിഗങ്ങളുടെ ആവിഷ്‌കാരങ്ങളെ ചൂഷണം ചെയ്യുമ്പോഴുണ്ടാവുന്ന സ്‌മോഷക ബിന്ദുക്കളുടെ സ്ഥൂലസൂക്ഷ്മങ്ങളായ ചെറുചലനങ്ങളാണ് ത്രിപുരയിലെ സി.പി.എം തോല്‍വിക്ക് കാരണമെന്ന് ഒരു വാട്‌സ്ആപ്പ് പോരാളി അഭിപ്രായപ്പെട്ടത് ആവര്‍ത്തിക്കാനാണ് ബാബര്‍ക്കും തോന്നുന്നത്. രാഷ്ട്രീയപ്പാര്‍ട്ടികളില്‍ താത്വികമായ വിശകലനങ്ങള്‍ക്കായി രാപകല്‍ സമരം നടത്തുന്ന പാര്‍ട്ടിയാണ് സി.പി.എം. അവര്‍ സയന്റിഫിക് സോഷ്യലിസ്റ്റുകളായതിനാല്‍ അവരെ ചോദ്യം ചെയ്യാന്‍ ശേഷിയുള്ള ബുദ്ധിജീവികള്‍ കുറയും. ന്യൂട്ടനോടും ഐന്‍സ്റ്റീനോടും ഏറ്റുമുട്ടാന്‍ ആര്‍ക്ക് ശേഷി. ഇതുകൊണ്ടൊക്കെ സയന്റിഫിക്ക് സോഷ്യലിസ്റ്റുകള്‍ ഒന്നുകില്‍ നേരെ ഫാഷിസ്റ്റ് പാര്‍ട്ടികളിലേക്കു ചേക്കേറുകയോ അല്ലെങ്കില്‍ ചൈനയിലെ ഷി ജിന്‍പെങിനെപ്പോലെ കൊടിയിലും പോളിറ്റ്ബ്യൂറോ, പാര്‍ട്ടി കോണ്‍ഗ്രസ് തുടങ്ങിയ സാങ്കേതിക പദങ്ങളിലും മാത്രം വിപ്ലവത്തെ തളച്ചു സ്വന്തം സ്ഥാനം മരിക്കുന്നതു വരെ സുരക്ഷിതമാക്കുകയോ ചെയ്യുകയാണ്.
ത്രിപുരയില്‍ മണിക് സര്‍ക്കാര്‍ തോറ്റതിനു കാരണം കോണ്‍ഗ്രസ്സാണെന്നു പിണറായി വിജയന്‍ ടിപ്പണി നല്‍കിയത് വായിച്ചു പൊതുവില്‍ ചിരിക്കാന്‍ മടിയുള്ള സംഘികള്‍ വരെ പൊട്ടിച്ചിരിച്ചുകാണും. മണിക് സര്‍ക്കാര്‍ എന്ന മുഖ്യമന്ത്രി 2000ക കൊണ്ട് ചെലവ് കഴിക്കുന്നതുകൊണ്ടോ റിക്ഷയില്‍ സഞ്ചരിക്കുന്നതുകൊണ്ടോ വഴിയില്‍ നിന്നു രസഗുള വാങ്ങിക്കഴിച്ചതുകൊണ്ടോ തിരഞ്ഞെടുപ്പു വിജയിക്കില്ല. 1250 കോടി രൂപ ചെലവാക്കി പാര്‍ട്ടി ഓഫിസ് പണിയുന്ന പണച്ചാക്കുകള്‍ ആര്‍.എസ്.എസിന്റെ അതിശക്തമായ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ച് കേരളത്തേക്കാള്‍ ചെറിയ ത്രിപുരയില്‍ വോട്ട് പിടിക്കാനിറങ്ങുമ്പോള്‍ അതിനെ നേരിടാന്‍ ഈ ഗുല്‍ഗുലുതിക്തത്തിനു ശേഷിയില്ല എന്ന് യെച്ചൂരി സഖാവെങ്കിലും മനസ്സിലാക്കിക്കാണും.
കാല്‍നൂറ്റാണ്ട് ഭരിക്കുമ്പോള്‍ ത്രിപുരയിലും അതിനു മുമ്പ് പശ്ചിമ ബംഗാളിലും ശാസ്ത്രീയ സോഷ്യലിസം എന്തുചെയ്യുകയായിരുന്നു എന്നു ചോദിച്ചാല്‍ വൈരുധ്യാത്മക ഘടകങ്ങളെ സംയോജിപ്പിക്കുന്ന പണിയിലായിരുന്നു അത് എന്നുപറയാം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മയുള്ള സംസ്ഥാനങ്ങളിലൊന്നാണ് ത്രിപുര. ഒരുകാലത്ത് 20 ശതമാനത്തോളം മുസ്‌ലിംകളുണ്ടായിരുന്ന സംസ്ഥാനത്ത് ബംഗാളിവിരോധം എന്ന പേരിലുള്ള മുസ്‌ലിംവിരോധം ശക്തിപ്പെടുത്താന്‍ ഗോത്രവര്‍ഗ സംഘടനകളോടൊപ്പം സഖാക്കളും ശ്രമിച്ചിരുന്നു. അതിന്റെ ഫലമായി മുസ്‌ലിം ജനസംഖ്യ ഒമ്പതു ശതമാനമായി ചുരുങ്ങി. അദൃശ്യരായ മുസ്‌ലിം അപരരായിരുന്നു എല്ലാവരുടെയും ശത്രു. ബംഗാളി ഹിന്ദുക്കളും ഗോത്രവര്‍ഗക്കാരും ഒന്നായി ബി.ജെ.പിയുടെ ഭാഗത്തുചേര്‍ന്നപ്പോള്‍ ത്രിപുരയില്‍ ജയ്ശ്രീറാം വിളിയുയരാന്‍ തുടങ്ങി. രാമന്‍ ആരാണെന്നുപോലും അറിയാത്തവരായിരുന്നു കൂടുതല്‍ ഉച്ചത്തില്‍ രാമനാമം ചൊല്ലിയത്.
പാര്‍ട്ടിയിലും ഗവണ്‍മെന്റിലും ബംഗാള്‍ മോഡല്‍ സദ്ഭരണം ശക്തിപ്രാപിച്ചുവെന്നും തൊഴിലുറപ്പു പദ്ധതിയുടെ ഗുണഭോക്താക്കള്‍ അധികവും സഖാക്കളായിരുന്നുവെന്നും റിപോര്‍ട്ടുകളുണ്ട്. 42,000 വോളന്റിയര്‍മാരെ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ബി.ജെ.പി നിയോഗിച്ചപ്പോള്‍ പാര്‍ട്ടിക്ക് അവരെ നേരിടാന്‍ പറ്റിയില്ല. കാരാട്ടും കേരളത്തില്‍ നിന്നുള്ള പി.ബി അംഗങ്ങളും പുസ്തകം നോക്കി ഫാഷിസം വന്നോ വന്നില്ലേ എന്നു പരിശോധിക്കുമ്പോള്‍ ഫാഷിസം പാര്‍ട്ടി ആസ്ഥാനത്തിന്റെ മുന്നിലെത്തിയിരുന്നു.
Next Story

RELATED STORIES

Share it