Flash News

ഒരു സ്‌കൂളില്‍ ഒരു യൂനിഫോം : ഉത്തരവ് ഇക്കുറിയും നടപ്പാവില്ല



മടവൂര്‍ അബ്ദുല്‍ഖാദര്‍

ഇരിക്കൂര്‍: സംസ്ഥാനത്ത് ഒരു സ്‌കൂളില്‍ ഒരു നിറത്തിലുള്ള യൂനിഫോം എന്ന സര്‍ക്കാര്‍ ഉത്തരവ് പുതിയ അധ്യയനവര്‍ഷവും നടപ്പാവില്ല. സര്‍ക്കാര്‍ ഉത്തരവു ലംഘിച്ച് പഴയപടി പല യൂനിഫോമുകളുമായി വിദ്യാലയങ്ങള്‍ പുതിയ അധ്യയനവര്‍ഷത്തെ സ്വാഗതം ചെയ്യാനിരിക്കുകയാണ്. സംസ്ഥാന സിലബസില്‍ അധ്യയനം നടക്കുന്ന എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നിലേറെ യൂനിഫോമുകള്‍ നേരിട്ട് കുട്ടികള്‍ക്ക് എത്തിക്കുകയാണ്. പല സ്ഥലങ്ങളിലും സ്‌കൂള്‍ പിടിഎയും അധ്യാപകരും തന്നെയാണ് യൂനിഫോമുകള്‍ തയ്ച്ചുകൊടുക്കുന്നത്. ഓരോ വിദ്യാര്‍ഥിക്കും യൂനിഫോം വാങ്ങാനുള്ള തുക പ്രധാനാധ്യാപകര്‍ വാങ്ങിക്കഴിഞ്ഞു. ഒരു കുട്ടിക്ക് യൂനിഫോമിനായി സര്‍ക്കാര്‍ അനുവദിച്ചത് 400 രൂപയാണ്. സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ഒരു സ്‌കൂളില്‍ ഒരു യൂനിഫോം മതിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്്ടര്‍ (ഡിപിഐ) ഉത്തരവിട്ടിരുന്നത്. എന്നാല്‍, ഉത്തരവ് വൈകിയെന്ന കാരണം പറഞ്ഞ് വിദ്യാലയാധികൃതര്‍ ഇതു നടപ്പാക്കിയില്ല. 2017-18 അധ്യയനവര്‍ഷത്തില്‍ ഇതു കര്‍ശനമായി നടപ്പാക്കുമെന്ന് പിന്നീട് അധികൃതര്‍ അറിയിക്കുകയും ചെയ്തിരുന്നു. ഒരു വിദ്യാലയത്തില്‍ ഒരു നിറത്തിലുള്ള യൂനിഫോം മാത്രമേ പാടുള്ളൂവെന്നും മൂന്നു വര്‍ഷത്തേക്ക് ഇത് തുടരണമെന്നുമായിരുന്നു ഡിപിഐയുടെ ഉത്തരവ്. ആഴ്ചയിലെ അഞ്ച് പ്രവൃത്തിദിവസവും വ്യത്യസ്ത യൂനിഫോമുകള്‍ നല്‍കുന്ന സ്‌കൂളുകള്‍ സംസ്ഥാനത്തുണ്ടെന്ന് അറിഞ്ഞാണ് ഉത്തരവിറക്കിയത്. ഇതു വിദ്യാര്‍ഥികളില്‍ മാനസിക സംഘര്‍ഷത്തിനും രക്ഷിതാക്കള്‍ക്ക് കൂടുതല്‍ സാമ്പത്തിക ചെലവിനും ഇടയാക്കുമെന്നു കാണിച്ച് തൃശൂരിലെ ഒരു രക്ഷിതാവ് ബാലാവകാശ കമ്മീഷനെ സമീപിച്ചതിന്റെ ഫലമായാണ് ഉത്തരവ്. ഇതേത്തുടര്‍ന്ന് ഡിപിഐയുടെ കൂടി നിലപാടറിഞ്ഞ ശേഷമാണ് പുതിയ നിര്‍ദേശം കമ്മീഷന്‍ നല്‍കിയത്. പുതിയ അധ്യയനവര്‍ഷത്തേക്കു കുട്ടികള്‍ക്കുള്ള യൂനിഫോം എടുക്കുന്ന ഈ സന്ദര്‍ഭത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഉത്തരവിനെക്കുറിച്ച് അറിയില്ലെന്ന തരത്തിലാണ് പല സ്‌കൂള്‍ മേധാവികളും പ്രതികരിക്കുന്നത്. എന്നാല്‍, നിലവിലെ ഉത്തരവ് നടപ്പാക്കാന്‍ സ്‌കൂളുകള്‍ക്ക് ബാധ്യതയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. സര്‍ക്കാര്‍ നിര്‍ദേശം ലംഘിക്കുന്ന സ്‌കൂളുകള്‍ക്കെതിരേ നടപടിയുണ്ടാവുമെന്നു പൊതുവിദ്യാഭ്യാസാധികൃതര്‍ പറഞ്ഞു. സിബിഎസ്ഇ സിലബസില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്ക് കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ബാധകമല്ല. ഈ വര്‍ഷം സൗജന്യ സ്‌കൂള്‍ യൂനിഫോം സ്‌കൂള്‍ തുറക്കുമ്പോള്‍ തന്നെ വിതരണം ചെയ്യാനുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായതായും അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it