ഒരു മാപ്പിള ഗറില്ലയുടെ ഡയറിക്കുറിപ്പുകള്‍

ചരിത്രരേഖ/ അബ്ബാസ് കാളത്തോട്


1921 ആഗസ്ത് 15തിരൂരങ്ങാടി
ഇന്നു രാത്രി വളരെ വൈകിയാണ് താമി വന്നത്. മലബാര്‍ ഇന്‍ഫെന്ററി ബറ്റാലിയനില്‍ പട്ടാള നായിക് ആയിരുന്ന താമി പട്ടാളത്തില്‍ നിന്നു വിരമിച്ച ശേഷം ഹജൂരാപ്പീസിലാണ് ജോലി ചെയ്തിരുന്നത്. മേജറായി വിരമിച്ച എന്റെ മുന്നില്‍ മിലിറ്ററി സ്‌റ്റൈലില്‍ സല്യൂട്ട് ചെയ്ത ശേഷം ഹജൂരാപ്പീസില്‍ നടന്ന ഗൂഢാലോചനയെക്കുറിച്ച് താമി പറഞ്ഞു: സ്‌പെഷ്യല്‍ കമ്മീഷണര്‍ നാപ്പും കലക്ടര്‍ തോമസും പോലിസ് സൂപ്രണ്ട് ഹിച്‌കോക്കും പട്ടാള കമാന്‍ഡര്‍മാരും ഉണ്ടായിരുന്നു. ആലി മുസ്‌ല്യാരടക്കം 24 ഖിലാഫത്ത് നേതാക്കളെ അറസ്റ്റ് ചെയ്യാനാണ് നീക്കം. തിരൂരങ്ങാടി, പൂക്കോട്ടൂര്‍, താനാളൂര്‍ എന്നിവിടങ്ങളിലൊക്കെ വീടുകളും പള്ളികളും ഖിലാഫത്ത് കമ്മിറ്റി ഓഫിസുകളും റെയ്ഡ് ചെയ്യാനും പ്ലാന്‍ ചെയ്തിട്ടുണ്ട്.

1921 ആഗസ്ത് 19തിരൂരങ്ങാടി
രാത്രി തിരൂരങ്ങാടി കിഴക്കേപള്ളിയുടെ തട്ടിന്‍മുകളില്‍ വിപ്ലവനായകരുടെ രഹസ്യയോഗം നടക്കുന്നു. താമി പറഞ്ഞ കാര്യങ്ങളാണ് ചര്‍ച്ച ചെയ്തത്. എന്നെ അടുത്ത് വിളിച്ച് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി പറഞ്ഞു: കുരിക്കളേ, മാപ്പിള റൈഫിള്‍സില്‍ നിന്നു മലബാര്‍ ഇന്‍ഫെന്ററി ബറ്റാലിയനില്‍ നിന്നും വിരമിച്ച വിമുക്തഭടന്മാരെ ഉടനെ സംഘടിപ്പിക്കണം. ഒന്നാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത അവരെ പെന്‍ഷന്‍ പോലും നല്‍കാതെ പിരിച്ചുവിട്ടതില്‍ അവര്‍ക്ക് ബ്രിട്ടിഷ് ഗവണ്‍മെന്റിനോട് കനത്ത അമര്‍ഷമുണ്ട്. ആയിരത്തില്‍ ചില്ല്വാനം പേരുണ്ടവര്‍. അവരെ നമുക്ക് ഉപയോഗപ്പെടുത്തണം. അത്തന്‍ കുരിക്കളുടെ പിന്മുറക്കാരനായ നീയായിരിക്കണം ഗറില്ലാ പരിശീലനത്തിന് ചുക്കാന്‍ പിടിക്കേണ്ടത്. ഞാന്‍ ചോദിച്ചു: പക്ഷേ, തോക്കുകളും മറ്റ് ആയുധങ്ങളും സംഘടിപ്പിക്കും? ആലി മുസ്‌ല്യാര്‍ ഇടപെട്ടു: ആയുധങ്ങളും ഒന്നും വേണ്ട. സഹനവും നിസ്സഹകരണവുമാണ് ഗാന്ധിമഹാന്‍ പറഞ്ഞ മാര്‍ഗം. പെട്ടെന്ന് രാത്രിയുടെ നിശ്ശബ്ദതയെ കീറിമുറിച്ചുകൊണ്ട് പട്ടാളവാഹനങ്ങള്‍ ഇരമ്പിയാര്‍ക്കുന്ന ശബ്ദം അകലെ നിന്നു കേട്ടു. യോഗം പെട്ടെന്ന് പിരിച്ചുവിട്ട് എല്ലാവരും ഇരുളിന്റെ മറപറ്റി പല വഴിക്കും പിരിഞ്ഞു.

1921 ആഗസ്ത് 20തിരൂരങ്ങാടി
കലക്ടര്‍ തോമസും പോലിസ് സൂപ്രണ്ട് ഹിച്‌കോക്കും എ.എസ്.പി. ആമുവും എം.എസ്.പി. ബറ്റാലിയനും ക്യാപ്റ്റന്‍ മക്കന്റോയുടെ നേതൃത്വത്തിലുള്ള ബ്രിട്ടിഷ് പട്ടാളക്കാരും പുലര്‍ച്ചയ്ക്കു മുമ്പേ തിരൂരങ്ങാടിയില്‍ തേര്‍വാഴ്ച തുടങ്ങിയിരുന്നു. പള്ളികളിലും വീടുകളിലും അവര്‍ ഇരച്ചുകയറി. ദര്‍സ് വിദ്യാര്‍ഥികളുടെ പെട്ടികളും കിതാബുകളും വലിച്ചുപുറത്തിട്ടു. തിരൂരങ്ങാടി ഖിലാഫത്ത് ഓഫിസ് അടിച്ചുതകര്‍ത്തു. ഫര്‍ണിച്ചറുകള്‍ തീയിട്ടു. പൊറ്റയില്‍ മുഹമ്മദ് ഹാജി. കോഴിശ്ശേരി മമ്മദ്, മൊയ്തീന്‍കുട്ടി എന്നീ ഖിലാഫത്ത് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. ഉച്ചയായപ്പോഴേക്കും കോട്ടക്കല്‍ നിന്നും വേങ്ങരയില്‍ നിന്നും ആളുകള്‍ തിരൂരങ്ങാടിയിലേക്ക് കുതിച്ചു. ജനങ്ങളെ സമാധാനിപ്പിക്കാന്‍ കെ.എം. മൗലവി ചങ്കുപൊട്ടുമാറുച്ചത്തില്‍ പ്രസംഗിക്കുന്നുണ്ട്. ആലി മുസ്‌ല്യാര്‍ വന്നപ്പോഴാണ് ജനക്കൂട്ടം ഒന്നടങ്ങിയത്. രാത്രി അറസ്റ്റ് ചെയ്ത് കൊണ്ടുപോയവരെ വിട്ടുകിട്ടുമോ എന്ന് ജനക്കൂട്ടം ചോദിച്ചപ്പോള്‍ ആലി മുസ്‌ല്യാര്‍ പറഞ്ഞു: നമുക്ക് അന്വേഷിക്കാം, പക്ഷേ, എന്റെ കൂടെ രണ്ടാള് മാത്രം വന്നാല്‍ മതി. ആലി മുസ്‌ല്യാരും രണ്ടാളുകളും തിരൂരങ്ങാടി പോലിസ് ക്യാംപ് ലക്ഷ്യമാക്കി നടന്നു. ജനക്കൂട്ടം നിഴലുപോലെ മന്ദംമന്ദം നീങ്ങാന്‍ തുടങ്ങി. നിരായുധരായ ജനക്കൂട്ടം തക്ബീര്‍ മുഴക്കി ആവേശഭരിതരായി. പോലിസ് ക്യാംപിനുള്ളിലെ ലിന്‍സ്റ്റണ്‍ റെജിമെന്റിലെ 110 ബ്രിട്ടിഷ് സൈനികരും 30 റിസര്‍വ് പോലിസും 60 എം.എസ്.പിക്കാരും. എല്ലാവരുടെയും കൈയില്‍ റൈഫിളുണ്ട്. പോലിസ് ക്യാംപിനു മുമ്പിലുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍ മൊയ്തീന്‍ ആലി മുസ്‌ല്യാരോട് കാര്യം അന്വേഷിച്ചു. അറസ്റ്റ് ചെയ്തവരെക്കുറിച്ച് അന്വേഷിക്കാന്‍ വന്നതാണെന്നും ആലി മുസ്‌ല്യാര്‍ മറുപടി പറഞ്ഞു. ക്യാംപിനുള്ളില്‍ നിന്നിരുന്ന പാലക്കാട് എ.എസ്.പി. റൗലിയോട് മൊയ്തീന്‍ വിവരം പറഞ്ഞു. ഉടനെ റൗലി കൈകളുയര്‍ത്തി ഇരിക്കാന്‍ പറഞ്ഞു. ജനക്കൂട്ടം ഇരുന്ന ഉടനെ കലക്ടര്‍ തോമസ് 'ഫയര്‍' എന്നലറി. മുമ്പിലിരുന്ന പലരും വെടിയേറ്റു വീണു. ജനക്കൂട്ടം എഴുന്നേറ്റ് പട്ടാള ക്യാമ്പിലേക്ക് ഇരച്ചുകയറി. ഇതുകണ്ട് ഭയന്ന് പട്ടാളക്കാര്‍ പിന്തിരിഞ്ഞോടി. ഞാനും ലവക്കുട്ടിയും കുഞ്ഞലവിയും പട്ടാളക്കാരെ വീഴ്ത്തി തോക്കുകള്‍ കൈക്കലാക്കി ജോണ്‍സ്റ്റണ്‍, റൗലി, കോണ്‍സ്റ്റബിള്‍ മൊയ്തീന്‍ എന്നിവരെ വെടിവച്ചിട്ടു. ബ്രിട്ടിഷ് പട്ടാളത്തിലെയും റിസര്‍വ് പോലിസിലെയും എം.എസ്.പിയിലെയും പലരും പിടഞ്ഞുവീണു.തിരൂരങ്ങാടി പരപ്പനങ്ങാടി റോഡില്‍ പന്താരങ്ങാടി പള്ളിക്കു സമീപത്ത് ഉമൈത്താനകത്ത് കുഞ്ഞിക്കാദറിന്റെ നേതൃത്വത്തിലുള്ള താനൂര്‍ ഖിലാഫത്ത് പ്രവര്‍ത്തകര്‍ക്കു നേരെ പട്ടാളം വെടിവച്ചു. പള്ളി വളഞ്ഞ് കുഞ്ഞിക്കാദറിനെ അറസ്റ്റ് ചെയ്തു. രണ്ടു സംഘട്ടനങ്ങളിലുമായി ഒട്ടാകെ 17 മാപ്പിളമാര്‍ രക്തസാക്ഷികളായി. ഉച്ചയ്ക്ക് മലപ്പുറത്തു നിന്ന് സ്‌പെഷ്യല്‍ ഫോഴ്‌സ് ഇന്‍സ്‌പെക്ടര്‍ റിഡ്മാനും ഓര്‍ഡര്‍ലി കുഞ്ഞാലിയും മോട്ടോര്‍ ബൈക്കിലും, തോക്കും വെടിക്കോപ്പും നിറച്ച പട്ടാള ലോറിയില്‍ നാലു റിസര്‍വ് പോലിസ് വന്നിരുന്നു. വേങ്ങരയ്ക്കടുത്ത് കരിമ്പില്‍ വച്ച് ഓടയ്ക്കല്‍ മൊയ്തീന്‍കുട്ടി മുസ്‌ല്യാരുടെ നേതൃത്വത്തില്‍ ജനക്കൂട്ടം പോലിസ് വണ്ടി തടഞ്ഞുനിര്‍ത്തി തീവച്ചു. നാലു പോലിസുകാരെയും ഓര്‍ഡര്‍ലി കുഞ്ഞാലിയെയും ജനക്കൂട്ടം കൊന്നു. മോട്ടോര്‍ ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച റിഡ്മാനെ പനമ്പുഴയില്‍ കല്ലെറിഞ്ഞുവീഴ്ത്തി. അയാള്‍ പുഴയില്‍ മുങ്ങിമരിച്ചു.

1921 ആഗസ്ത് 20നെല്ലിക്കുത്ത്
ഞാന്‍ തിരൂരങ്ങാടി സംഭവം കുഞ്ഞഹമ്മദ് ഹാജിയോട് പറയുമ്പോള്‍ അദ്ദേഹം ഉത്കണ്ഠാകുലനായി നാലുപാടും ആളെ വിട്ടു. ജനക്കൂട്ടം കുഞ്ഞഹമ്മദ് ഹാജിയുടെ തട്ടകത്തില്‍ ഒഴുകിയെത്തി. തുടര്‍ന്ന് മൗലീദ് പാരായണവും പ്രാര്‍ഥനയും നടത്തി. എല്ലാവരും ഭക്ഷണം കഴിച്ചു. കുഞ്ഞഹമ്മദ് ഹാജി ആയിരത്തോളം വരുന്ന ജനത്തെ അഭിസംബോധന ചെയ്തു.തിരൂരങ്ങാടിയില്‍ പട്ടാളം 17 ഖിലാഫത്ത് വോളന്റിയര്‍മാരെ വെടിവച്ചുകൊന്നു. നമ്മളാകട്ടെ ഗാന്ധിമഹാന്റെ സഹന-നിസ്സഹകരണ സമരത്തിലാണ്. ഇതുകൊണ്ടൊന്നും നമ്മുടെ നാടിന് സ്വാതന്ത്ര്യം കിട്ടില്ലെന്നു ബോധ്യം വന്നിരിക്കുന്നു. ജന്മികള്‍ക്കും അധികാരിമാര്‍ക്കും നാട് സ്വാതന്ത്ര്യം നേടുന്നതില്‍ താല്‍പ്പര്യമില്ല. അവര്‍ക്ക് ജന്മിത്വവും അടിമത്തവും നിലനിന്നുകാണാനാണ് താല്‍പ്പര്യം. അതിനു വേണ്ടിയാണ് അവര്‍ കോണ്‍ഗ്രസ്സില്‍ കയറിക്കൂടിയത്. കോണ്‍ഗ്രസ്സില്‍ ജന്മിസംഘം ഉണ്ടാക്കിയത്് എന്തിനാണ് കൂട്ടരേ? തൊട്ടുകൂടായ്മയും അയിത്തവുമൊക്കെ കോണ്‍ഗ്രസ്സിനകത്തും നിലനില്‍ക്കുന്നു. മാപ്പിളമാര്‍ക്ക് വിദ്യാഭ്യാസമില്ല, അവര്‍ പോത്തുകളെ പോലെയാണ് എന്നൊക്കെ പറഞ്ഞ് കോണ്‍ഗ്രസ്സിനകത്തും നമ്മെ അസ്പൃശ്യരാക്കുന്നു. ബ്രിട്ടിഷ് പട്ടാളം മാപ്പിളമാരെ തിരഞ്ഞുപിടിച്ച് റോഡിലിട്ട് ക്രൂരമായി ചവിട്ടിമെതിക്കുന്നു. ഖിലാഫത്തുകാരെ മുഴുക്കെ കള്ളന്മാരും തെമ്മാടികളുമാക്കി ചിത്രീകരിച്ച് കള്ളക്കേസ് ചുമത്തി ജയിലിലിട്ട് നരകിപ്പിക്കുന്നു.ഇതൊക്കെ കോണ്‍ഗ്രസ് നേതാക്കളോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. അവര്‍ക്ക് ഇതിലൊന്നും താല്‍പ്പര്യമില്ല.ഇന്നലെ തിരൂരങ്ങാടിയില്‍ നടന്ന സംഭവങ്ങള്‍ ആലി മുസ്‌ല്യാരെ അറസ്റ്റ് ചെയ്യാന്‍ വേണ്ടി മനഃപൂര്‍വം സൃഷ്ടിച്ച അക്രമമാണ്. ആലി മുസ്‌ല്യാരെ നമുക്ക് രക്ഷിക്കണം. ബ്രിട്ടിഷ് ഭരണം അവസാനിപ്പിച്ച് ഗാന്ധിമഹാന്റെയും മൗലാനാ മുഹമ്മദലിയുടെയും ഖിലാഫത്ത് സ്ഥാപിക്കണം. അതിനു വേണ്ടി അല്ലാഹുവിലര്‍പ്പിച്ച് മുന്നോട്ടുവരാന്‍ തയ്യാറുള്ളവര്‍ എന്നോടൊപ്പം വരിക. ജനം തക്ബീര്‍ മുഴക്കി. ഖിലാഫത്ത് പതാകയേന്തി ഹിന്ദുക്കളും അണിചേര്‍ന്നു. അവര്‍ ഒരു പടക്കൂട്ടമായി പാണ്ടിക്കാട് അങ്ങാടിയിലേക്ക് മാര്‍ച്ച് ചെയ്തു. ആ പടയോട്ടം കണ്ട് പാണ്ടിക്കാട് സബ് ഇന്‍സ്‌പെക്ടര്‍ അഹമ്മദ്കുട്ടിയടക്കം സ്റ്റേഷനിലുണ്ടായിരുന്ന മുഴുവന്‍ പോലിസുകാരും ജീവനും കൊണ്ടോടി. മാപ്പിളമാര്‍ സ്റ്റേഷനില്‍ കടന്ന് തോക്കും മറ്റായുധങ്ങളും സ്വന്തമാക്കി. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി പറഞ്ഞു: ബ്രിട്ടിഷ് ഭരണം തകര്‍ന്നു. അവരുടെ പോലിസ് പേടിച്ചോടി. എല്ലാവരും തിരൂരങ്ങാടിക്ക് പുറപ്പെടാന്‍ ഒരുങ്ങവേ കുതിരപ്പുറത്ത് താനൂര്‍കാരന്‍ കുഞ്ഞവറാന്‍ വന്നു: ഹാജിയാരെ അറസ്റ്റ് ചെയ്തവരെയും കൊണ്ട് കലക്ടര്‍ തോമസും പട്ടാളക്കാരും കോഴിക്കോട്ടേക്ക് പുറപ്പെട്ടു. പാളങ്ങളും റെയിലുകളുമൊക്കെ നമ്മുടെ ആള്‍ക്കാര്‍ തകര്‍ത്തിരുന്നു. കലക്ടര്‍ തോമസും പട്ടാളവും റെയില്‍ വഴി നടന്നാണ് പോയിക്കൊണ്ടിരുന്നത്. പരപ്പനങ്ങാടി മുതല്‍ നമ്മുടെ ആളുകള്‍ അവരെ കല്ലെറിഞ്ഞു പായിച്ചു. ഫറോക്ക് വരെ ജനങ്ങള്‍ അവരെ പിന്തുടര്‍ന്നു. പക്ഷേ, പട്ടാള വെടിവയ്പില്‍ 74 പേര്‍ രക്തസാക്ഷികളായി. ഒട്ടേറെ പട്ടാളക്കാര്‍ക്ക് മാരകമായ മുറിവേറ്റിട്ടുണ്ട്.

1921 ആഗസ്ത് 21തിരൂരങ്ങാടി

ഉച്ചതിരിഞ്ഞാണ് ഞാന്‍ എന്റെ കുതിരപ്പുറത്ത് തിരൂരങ്ങാടിയിലെത്തിയത്. ആലി മുസ്‌ല്യാര്‍ ദിക്ര്‍ ഹല്‍ഖയിലായിരുന്നു. രാത്രിയായപ്പോള്‍ തൃക്കുളം ഭാഗത്തുള്ള രണ്ടു നായന്മാര്‍ അലി മുസ്‌ല്യാരെ അന്വേഷിച്ച് കിഴക്കേപള്ളിയിലെത്തി. അവരുടെ വീടുകളില്‍ ആരൊക്കെയോ കൊള്ളകള്‍ നടത്തിയിരിക്കുന്നു. ലവക്കുട്ടിയെയും കുഞ്ഞലവിയെയും അവര്‍ക്കൊപ്പം വിട്ടു. ഏറെ വൈകാതെത്തന്നെ കൊള്ളക്കാരെ കുഞ്ഞലവിയും ലവക്കുട്ടിയും ആലി മുസ്‌ല്യാരുടെ സന്നിധിയിലെത്തിച്ചു. കിഴക്കന്‍ മുഖാരി, പരപ്പന്‍ അലവി, അയമദ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള 15 ഗുണ്ടകളാണ് കൊള്ളക്കാര്‍. ഇവര്‍ ജന്മിമാരുടെയും അധികാരികളുടെയുമൊക്കെ ഗുണ്ടകളാണെന്ന് കുഞ്ഞലവി പറഞ്ഞു. മോഷണവസ്തുക്കള്‍ നായന്മാര്‍ക്ക് തിരികെ കൊടുത്ത് കൊള്ളസംഘത്തെ താക്കീതുചെയ്തു വിട്ടു. തിരൂരങ്ങാടിയിലെ ജന്മിയായ മൂസക്കുട്ടി അധികാരിയുടെ വീട് ആക്രമിക്കാന്‍ ഒരുങ്ങിയവരെ ഖിലാഫത്ത് വോളന്റിയര്‍മാര്‍ വിരട്ടിയോടിച്ചു. ഖിലാഫത്തിനെതിരേ 'മഹക്കൂല്‍ ഖലഫത്ത് അല്‍ ഇസ്മില്‍ ഖിലാഫ' എന്ന ഫത്‌വ അച്ചടിച്ച ചാലിലകത്ത് ഇബ്രാഹീംകുട്ടിയുടെ പ്രസ്സ് ആരൊക്കെയോ അടിച്ചുതകര്‍ക്കുകയും കൊള്ള ചെയ്യുകയും ചെയ്തിരുന്നു. കേട്ട വാര്‍ത്തകള്‍ ആലി മുസ്‌ല്യാരെ രോഷാകുലനാക്കി. ആലി മുസ്‌ല്യാര്‍ എന്നെ അടുത്തു വിളിച്ചു പറഞ്ഞു: കുരിക്കളേ, അക്രമകാരികള്‍ക്കും സാമൂഹികവിരുദ്ധര്‍ക്കും മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ള ഖിലാഫത്ത് വോളന്റിയര്‍ മാര്‍ച്ച് നടത്തണം ഉടനെത്തന്നെ. കാക്കി പാന്റ്‌സും കാക്കി ഷര്‍ട്ടും ചന്ദ്രക്കലയുള്ള ചുവന്ന തുര്‍ക്കിത്തൊപ്പിയും ധരിച്ച രണ്ടായിരത്തോളം വോളന്റിയര്‍മാര്‍ തിരൂരങ്ങാടിയെ കിടിലംകൊള്ളിച്ചു. മാര്‍ച്ചിനു ശേഷം ആലി മുസ്‌ല്യാര്‍ ജനങ്ങളെ അഭിസംബോധന ചെയ്തു: ബ്രിട്ടിഷ് കലക്ടറും സൈന്യവും തിരൂരങ്ങാടിയില്‍ നിന്നു പിന്തിരിഞ്ഞോടി. അവരിനി ചിലപ്പോള്‍ തിരിച്ചുവരുമായിരിക്കും. പക്ഷേ, അതുവരെ ഈ നാട്ടില്‍ കള്ളന്മാരെയും കൊള്ളക്കാരെയും സൈരവിഹാരം നടത്താന്‍ അനുവദിക്കില്ല.ഖുര്‍ആന്‍ ഉയര്‍ത്തിക്കാണിച്ച് ആലി മുസ്‌ല്യാര്‍ തുടര്‍ന്നു: ''ഇതാ, ഈ വ്യവസ്ഥയാണ് ഖിലാഫത്ത് കമ്മിറ്റിയുടെ മാര്‍ഗരേഖ. സ്വാതന്ത്ര്യസമരത്തിനും ഖിലാഫത്ത് നിസ്സഹകരണ പ്രവര്‍ത്തനങ്ങള്‍ക്കും എതിരായി ബ്രിട്ടിഷ് ചാരന്മാരായി പ്രവര്‍ത്തിച്ച തിരൂരങ്ങാടിയിലെ ഏഴു കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഖിലാഫത്ത് കമ്മിറ്റി സംരക്ഷണം നല്‍കും. അതുപോലെത്തന്നെ സമരവിരുദ്ധരായ ഹിന്ദുകുടുംബങ്ങളുടെ ജീവനും സ്വത്തിനും അഭിമാനത്തിനും ക്ഷതമേല്‍പ്പിക്കുന്ന എന്തെങ്കിലും പ്രവര്‍ത്തനം ആരില്‍ നിന്നുണ്ടായാലും കഠിനമായി ശിക്ഷിക്കും. 1921 ആഗസ്ത് 22നിലമ്പൂര്‍ പൂക്കോട്ടൂരിലെ ഒരു കൂട്ടമാളുകള്‍ അബ്ദുഹാജിയുടെ നേതൃത്വത്തില്‍ നിലമ്പൂരിലേക്ക് പോയിട്ടുണ്ടെന്നറിഞ്ഞതോടെ കുതിരപ്പുറത്തേറി ഞാനങ്ങോട്ട് കുതിച്ചു. പുലര്‍ച്ചെ അവര്‍ എടവണ്ണ പോലിസ് സ്‌റ്റേഷന്‍ ആക്രമിച്ച് തോക്കുകള്‍ കൈവശപ്പെടുത്തിയിരുന്നു. നിലമ്പൂര്‍ കോവിലകത്തേക്കാണ് അവര്‍ പോയിരിക്കുന്നത്. രണ്ടായിരത്തോളം ആളുകളുണ്ട്- എടവണ്ണയിലെ ഇസ്മായീല്‍ എന്ന ഖിലാഫത്ത് പ്രവര്‍ത്തകന്‍ പറഞ്ഞു. ഞാന്‍ വേഗത്തില്‍ നിലമ്പൂര്‍ കോവിലകത്തെത്തി. പൂക്കോട്ടൂര്‍ സംഘം വരുന്നുണ്ട് എന്നറിഞ്ഞതോടെ കോവിലകത്തുള്ളവര്‍ പുഴ കടന്ന് രക്ഷപ്പെട്ടിരുന്നു. ഞാന്‍ കോവിലകത്തിന്റെ ഉമ്മറക്കോലായില്‍ നില്‍ക്കുമ്പോഴുണ്ട് പൂക്കോട്ടൂര്‍ സംഘം തക്ബീര്‍ മുഴക്കിവരുന്നു. ഞാന്‍ അവരോട് വിവരം പറഞ്ഞു. അവര്‍ മടങ്ങിപ്പോകാന്‍ തുടങ്ങുമ്പോള്‍ കുറ്റിക്കാട്ടില്‍ പതുങ്ങിയിരുന്ന കോവിലകം കാവല്‍ക്കാര്‍ വെടിയുതിര്‍ത്തു. പൂക്കോട്ടൂര്‍കാര്‍ 16 കാവല്‍ക്കാരെ യമപുരിക്കയച്ചു. ബാക്കിയുള്ളവര്‍ ജീവനും കൊണ്ടോടി രക്ഷപ്പെട്ടു.

1921 ആഗസ്ത് 22/ പാണ്ടിക്കാട്
പാണ്ടിക്കാട്ടെത്തിയ ഹാജിയാരെ അവിടത്തെ അധികാരി കുടലിയില്‍ മൂസക്കുട്ടി വില്ലേജ് ഓഫിസിലേക്ക് സ്വീകരിച്ചാനയിച്ചു. കുഞ്ഞഹമ്മദ് ഹാജിയുടെ പിന്നാലെ ഞാനും വില്ലേജ് ഓഫിസിലേക്കു നടന്നു. അവിടെ പാണ്ടിയാട് നാരായണന്‍ നമ്പീശനും ചെമ്പ്രകശ്ശേരി കുഞ്ഞിക്കോയ തങ്ങളും സ്ഥലത്തെ പ്രധാന ജന്മികളും അധികാരികളും നാട്ടുപ്രമാണിമാരുമൊക്കെയുണ്ട്. അവര്‍ ഹാജിക്ക് നിര്‍ലോഭ പിന്തുണ നല്‍കി. ആനക്കയത്തെ റിട്ടയേഡ് പോലിസ് ഇന്‍സ്‌പെക്ടര്‍ ചേക്കുട്ടിയുടെ സഹോദരീപുത്രന്‍  കുഞ്ഞിപ്പോക്കര്‍ ഹാജിയുടെ നേതൃത്വത്തില്‍ പാണ്ടിക്കാട് വലിയ കൊള്ള നടന്നു എന്ന വാര്‍ത്ത കേട്ട് കുഞ്ഞഹമ്മദ് ഹാജി ക്ഷുഭിതനായി. ജന്മിമാരെയും അധികാരികളെയും ഖിലാഫത്തിലേക്ക് അടുപ്പിക്കില്ലെന്ന് കുഞ്ഞഹമ്മദ് ഹാജി തീര്‍ത്തുപറഞ്ഞു.പാണ്ടിയാട് നമ്പീശന്റെ വീട്ടുമുറ്റത്ത് ഒരു അടിയന്തര യോഗം ചേര്‍ന്നു. പുറമ്പോട്ട് അച്യുതന്‍കുട്ടി മേനോന്‍, പൂന്താനം രാമന്‍ നമ്പൂതിരി തുടങ്ങിയ പ്രമുഖരടക്കം നൂറ്റമ്പതു പ്രവര്‍ത്തകരുണ്ടായിരുന്നു യോഗത്തില്‍. യോഗതീരുമാനങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ പാണ്ടിക്കാട് അങ്ങാടിയില്‍ ഒരു പൊതുയോഗം സംഘടിപ്പിച്ചു. നാലായിരം ജനങ്ങള്‍ തടിച്ചുകൂടി. പാണ്ടിക്കാട് ഖാസി ആലിഹാജിയും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ഒരു അത്താണിയില്‍ കയറിനിന്നാണ് പ്രസംഗിച്ചത്. ഇനി മുതല്‍ പാണ്ടിക്കാട് പ്രദേശത്തെ പ്രാദേശിക ഭരണാധികാരി ചെമ്പ്രകശ്ശേരി തങ്ങളായിരിക്കുമെന്ന് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി പ്രഖ്യാപിച്ചു.

1921 ആഗസ്ത് 23/ മഞ്ചേരി
മഞ്ചേരിയില്‍ വിളിച്ചുചേര്‍ത്ത കോണ്‍ഗ്രസ് ഖിലാഫത്ത് യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മഞ്ചേരിയിലെ നമ്പൂതിരി ബാങ്ക് കൊള്ളയടിച്ച വിവരം ഹാജിയാരറിഞ്ഞത്. ഖിലാഫത്ത് വോളന്റിയര്‍മാര്‍ അന്നുതന്നെ കൊള്ളക്കാരായ മൂന്നു പേരെ വളഞ്ഞുപിടിച്ചു. ജന്മികളുടെയും അധികാരികളുടെയും ഗുണ്ടകളായിരുന്നു അവര്‍.    ഹാജി മുന്‍കൈയെടുത്ത് പണ്ടവും പണവുമെല്ലാം അതിന്റെ ഉടമസ്ഥര്‍ തിരിച്ചുനല്‍കി. മാധവന്‍ നായര്‍ കോണ്‍ഗ്രസ് യോഗത്തില്‍ എത്താത്തതിന്റെ കാര്യം തിരക്കി ഞാനും കുഞ്ഞഹമ്മദ് ഹാജിയും മാധവന്‍ നായരുടെ വീട്ടിലെത്തി. മാധവന്‍ നായര്‍ പറഞ്ഞു: ''ഹാജിയാരോട് എനിക്ക് മറ്റൊന്നും പറയാനില്ല. മാപ്പിളമാര്‍ അക്രമങ്ങള്‍ കാണിച്ചത് നിങ്ങള്‍ കണ്ടുവോ? ഒരു ഹിന്ദുവിന്റെ വീടെങ്കിലും അവര്‍ കൊള്ള ചെയ്യാന്‍ ബാക്കിയുണ്ടോ? നിങ്ങള്‍ക്ക് ശക്തിയും മനസ്സുമുണ്ടെങ്കില്‍ ഈ കൊള്ള നിര്‍ത്തുകയാണ് വേണ്ടത്.'' കുഞ്ഞഹമ്മദ് ഹാജി പറഞ്ഞു: ''അതിനുതന്നെയാണ് ഞാനിവിടെ വന്നിട്ടുള്ളത്. കൊള്ള ചെയ്യുന്നത് ആരായാലും അവന്റെ വലത്തേ കൈ ഞാന്‍ വെട്ടിമുറിക്കും.''കൊള്ളസംഘത്തിലെ പിടികിട്ടാനുള്ള മൂന്നു പേരെ കൂടി ഖിലാഫത്ത് വോളന്റിയര്‍മാര്‍ കുഞ്ഞഹമ്മദ് ഹാജിക്കു മുമ്പില്‍ ഹാജരാക്കി. ചോദ്യം ചെയ്തപ്പോള്‍ അവര്‍ ഹിന്ദു സ്ത്രീകളെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞു. അവര്‍ക്ക് കുഞ്ഞഹമ്മദ് ഹാജി വധശിക്ഷയാണ് നല്‍കിയത്.

ആഗസ്ത് 23/ മഞ്ചേരി
പൂക്കോട്ടൂര്‍ സംഘം മഞ്ചേരി ട്രഷറി ആക്രമിക്കാനെത്തിയപ്പോള്‍ സി.ഐ. മങ്ങാട്ട് നാരായണമേനോനും പോലിസ് സംഘവും പേടിച്ചോടിയതു കേട്ട് എനിക്ക് ചിരി വന്നു. പക്ഷേ, ഹാജിയാര്‍ ക്ഷോഭത്തോടെ ട്രഷറിയിലേക്ക് പാഞ്ഞു.പൂക്കോട്ടൂര്‍ അബ്ദു ഹാജി പറഞ്ഞു: ''ഹാജ്യാരേ, യുദ്ധാവശ്യത്തിനുള്ള പണത്തിനു വേണ്ടിയാണ്. നിങ്ങള്‍ എതിരു പറയരുത്.'' കുഞ്ഞഹമ്മദ് ഹാജി പറഞ്ഞു: ''ഇതൊക്കെ ചെയ്യണമെന്ന് ശൂറ കൂടി തീരുമാനിക്കണം. അതുകൊണ്ട് നിങ്ങളിപ്പോള്‍ പോകണം.'' പൂക്കോട്ടൂര്‍ക്കാര്‍ പിന്തിരിഞ്ഞു. പിന്നീട് കേട്ട വാര്‍ത്തകള്‍ കേട്ട് ഞാന്‍ ശരിക്കും ഞെട്ടി. സി.ഐ. മങ്ങാട്ട് നാരായണമേനോനും മഞ്ചേരിയിലെ നാട്ടുപ്രമാണിമാരും ജന്മിമാരുമൊക്കെ ചേര്‍ന്ന് പൂക്കോട്ടൂരിലെ മാപ്പിളമാരെ ട്രഷറി പൊളിക്കാന്‍ പ്രേരിപ്പിച്ചു. പ്രമാണിവര്‍ഗത്തിന്റെ ഗുണ്ടകളും അവര്‍ക്കൊപ്പം കൂടി. പൂക്കോട്ടൂര്‍ സംഘം രണ്ടാമത് ട്രഷറി ആക്രമണത്തിനെത്തിയപ്പോള്‍ ഗുണ്ടകള്‍ക്കൊപ്പം മാപ്പിളവേഷത്തില്‍ സി.ഐ. നാരായണമേനോനുമുണ്ടായിരുന്നു. എത്ര ശ്രമിച്ചിട്ടും ഈ മല്ലന്മാര്‍ക്ക് സേഫ് പൊളിക്കാന്‍ കഴിഞ്ഞില്ല. ട്രഷറിയോടനുബന്ധിച്ചുള്ള സബ്ജയിലില്‍ കളവുകേസില്‍ തടവുശിക്ഷയനുഭവിക്കുന്ന അബ്ദുല്ലക്കുട്ടി വിളിച്ചുപറഞ്ഞു: ''ഖജാന ഞാന്‍ പൊളിച്ചുതരാം.'' ലോക്കപ്പ് തുറന്ന് അബ്ദുല്ലക്കുട്ടിയെ തുറന്നുവിട്ടു. വലിയൊരു കല്ല് കയറില്‍ കെട്ടി മച്ചിനു മുകളിലേക്ക് വലിച്ചുകയറ്റി പെട്ടെന്ന് താഴേക്കിട്ട് പൂട്ടുപൊളിച്ചാണ് അബ്ദുല്ലക്കുട്ടി സേഫ് പൊളിച്ചത്. കൈയില്‍ കിട്ടിയ പണമെല്ലാം വാരിക്കൂട്ടി പൂക്കോട്ടൂര്‍ മാപ്പിളസംഘം പോയി. ഗുണ്ടകളും സി.ഐ. നാരായണമേനോനും സേഫിന്റെ അറകളിലുള്ള സ്വര്‍ണക്കട്ടികളും മദ്യക്കുപ്പി, കഞ്ചാവ്, കറുപ്പ്, സ്റ്റാമ്പ് പേപ്പര്‍ എന്നിത്യാദി വിലപിടിപ്പുള്ള വസ്തുക്കളൊക്കെ പോലിസ്ജീപ്പില്‍ കയറ്റി കടത്തിക്കൊണ്ടുപോയി.

ആഗസ്ത് 24/ നെല്ലിക്കുത്ത്
വാരിയന്‍കുന്നത്ത് തറവാട്ടുവീട്ടില്‍ ഒരു രഹസ്യയോഗം നടന്നു. കാപ്പാട് കൃഷ്ണന്‍ നായര്‍, നാരായണന്‍ നമ്പീശന്‍, മലപ്പുറം കുഞ്ഞിത്തങ്ങള്‍, കുമരംപുത്തൂര്‍ സീതിക്കോയ തങ്ങള്‍, ചെമ്പ്രകശ്ശേരി കുഞ്ഞിക്കോയ തങ്ങള്‍, കൊന്നാര മുഹമ്മദ് കോയ തങ്ങള്‍, പന്തല്ലൂര്‍ താമി, കുഞ്ഞലവി, ലവക്കുട്ടി തുടങ്ങി 15 ആളുകളാണ് യോഗത്തിലുണ്ടായിരുന്നത്. യോഗതീരുമാനങ്ങള്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി പ്രഖ്യാപിച്ചു: ഹിന്ദുക്കളില്‍ അഭിപ്രായവ്യത്യാസമുണ്ടാക്കുന്ന യാതൊരു പ്രവര്‍ത്തനവും ഖിലാഫത്ത് പ്രവര്‍ത്തകരില്‍ നിന്നുണ്ടാകരുത്. നാട്ടില്‍ അസ്വസ്ഥതയും ഭയവും നിലനില്‍ക്കുന്ന കാലമായതിനാല്‍ ആരെയും മതം മാറ്റാന്‍ പാടില്ല. ഈ യോഗം അധികാരപ്പെടുത്തിയ കുഞ്ഞഹമ്മദ് ഹാജി, ചെമ്പ്രകശ്ശേരി കുഞ്ഞിക്കോയ തങ്ങള്‍, ആലി മുസല്യാര്‍, കുമരംപുത്തൂര്‍ സീതിക്കോയ തങ്ങള്‍, കൊന്നാര മുഹമ്മദ് കോയ തങ്ങള്‍ എന്നിവര്‍ക്കു മാത്രമേ യുദ്ധഫണ്ടിലേക്ക് പണം ചോദിക്കാനും വാങ്ങാനും അവകാശമുള്ളൂ. അതത് പ്രദേശത്തെ സൈനിക പരിശീലനത്തിന് ആ പ്രദേശത്തെ ഖിലാഫത്ത് കമ്മിറ്റി ഭാരവാഹികള്‍ ചെലവു വഹിക്കണം. ആയുധങ്ങളും യൂനിഫോമും സൈനിക ആവശ്യത്തിനുള്ള പണവും നടേ പറഞ്ഞ അഞ്ചു പേര്‍ എത്തിച്ചുകൊടുക്കുന്നതാണ്. സര്‍ക്കാര്‍ അധീനതയിലുള്ളതും ജന്മി-നാടുവാഴികളുടെ കൈവശമുള്ളതുമായ എല്ലാ ആയുധങ്ങളും ശേഖരിക്കണം. ജാതി-മതഭേദമന്യേ സ്ത്രീകളെയും കുട്ടികളെയും ചാരിത്ര്യഭംഗം വരുത്തുന്നവര്‍ക്ക് കനത്ത ശിക്ഷ നല്‍കും. സാമ്രാജ്യത്വത്തിനു വേണ്ടി ചാരപ്പണി നടത്തുന്നവര്‍ക്കും ഒറ്റുകാര്‍ക്കും വധശിക്ഷ നല്‍കും. കളവ് നടത്തുന്നവരുടെ കൈവിരലും കൊള്ള നടത്തുന്നവരുടെ വലതുകൈയും വെട്ടിക്കളയും. ഇത്തരം കേസുകള്‍ നടത്താന്‍ ഖിലാഫത്ത് കോടതികള്‍ സ്ഥാപിക്കുന്നതാണ്. ചരക്ക് കൈമാറുന്നതിന് പാസുകളും ദൂരയാത്രയ്ക്ക് ഖിലാഫത്ത് ഗവണ്‍മെന്റിന്റെ പാസ്‌പോര്‍ട്ടുകളും ഏര്‍പ്പെടുത്തും. ഖിലാഫത്ത് സര്‍ക്കാരിനോട് കൂറു പ്രഖ്യാപിക്കുന്ന ബ്രിട്ടിഷ് ഗവണ്‍മെന്റിന്റെ എല്ലാ ഉദ്യോഗസ്ഥമാര്‍ക്കും മാപ്പു നല്‍കും. ഖിലാഫത്ത് സര്‍ക്കാരിനു വേണ്ടി സേവനം ചെയ്താല്‍ ആദ്യത്തെ രണ്ടു മാസം പകുതി ശമ്പളവും തുടര്‍ന്ന് മുഴുവന്‍ ശമ്പളവും നല്‍കും. ഈ വര്‍ഷത്തെ നികുതി ആരും അടയ്‌ക്കേണ്ടതില്ല. ജന്മിമാര്‍ക്ക് ഇതുവരെ നല്‍കേണ്ട എല്ലാ പാട്ടകുടിശ്ശികകളും റദ്ദാക്കിയിരിക്കുന്നു. അടുത്ത കൊല്ലം പുതിയ ഭൂവുടമാവ്യവസ്ഥ കൊണ്ടുവരുന്നതാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്ഥാനപ്പേരുകളും അധികാരപരിധിയും നിലവിലുള്ളതുപോലെ തുടരുന്നതാണ്.''

1921 ആഗസ്ത് 25/ തിരൂരങ്ങാടി
'കോമസ്' എന്ന ബ്രിട്ടിഷ് യുദ്ധക്കപ്പല്‍ കോഴിക്കോട് തീരത്ത് നങ്കൂരമിട്ടതായി താമി പറഞ്ഞു. ലിന്‍സ്റ്റണ്‍ റെജിമെന്റും ഡോര്‍സെറ്റും രജപുത്താന റൈഫിള്‍സും നാലു കമ്പനി എം.എസ്.പിയും റിസര്‍വ് പോലിസും ചേര്‍ന്ന് കോഴിക്കോട്ട് പരേഡ് നടത്തിയെന്നും താമി പറഞ്ഞു. മേജര്‍ ജനറല്‍ ബര്‍ണാഡ് സ്റ്റുവര്‍ട്ട് മിലിറ്ററി കമാന്‍ഡറായും കേണല്‍ ഹംഫ്രി മാര്‍ഷല്‍ ലോ അഡ്മിനിസ്‌ട്രേറ്ററായും ചുമതലയേറ്റിട്ടുണ്ടുപോലും.

1921 ആഗസ്ത് 26/ തിരൂരങ്ങാടി
കോണ്‍ഗ്രസ് നേതാക്കളായ കെ.പി. കേശവമേനോന്‍, യു ഗോപാലമേനോന്‍, മുഹമ്മദ് അബ്ദുര്‍റഹ്മാന്‍, മൊയ്തു മൗലവി എന്നിവരടക്കം 12 പേരടങ്ങുന്ന ഒരു സംഘം ആലി മുസ്‌ല്യാരെ കാണാന്‍ തിരൂരങ്ങാടിയിലെത്തി. ഇവരില്‍ ചിലര്‍ കലക്ടര്‍ തോമസുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയത് താമി എന്നോട് പറഞ്ഞിട്ടുണ്ട്. കെ.പി. കേശവമേനോന്‍ ആലി മുസ്‌ല്യാരുമായി കൂടിക്കാഴ്ച നടത്തുന്ന കിഴക്കേ പള്ളിച്ചരുവിലേക്ക് ഞാനും ചെന്നു. കെ.പി. കേശവമേനോന്‍ പറഞ്ഞുതുടങ്ങി: ''മമ്പുറം കടവിലെത്തിയപ്പോള്‍ ഞാന്‍ കണ്ട കാഴ്ച മറക്കാനാവില്ല. അഞ്ഞൂറിലധികം വരുന്ന ഖിലാഫത്ത് വോളന്റിയര്‍മാര്‍ പട്ടാളത്തിന്റെ ഔദ്യോഗിക വേഷത്തില്‍! മുസ്‌ലിയാരേ, ഇവരൊക്കെ ബ്രിട്ടിഷ് ഗവണ്‍മെന്റിന്റെ മാപ്പിള റൈഫിള്‍സിലെയും മലബാര്‍ ഇന്‍ഫെന്ററിയിലെയും പട്ടാളക്കാരായിരുന്നു എന്ന കാര്യം അറിയാമോ? അവര്‍ എനിക്കു നല്‍കിയ ഗാര്‍ഡ് ഓഫ് ഓണര്‍ കണ്ട് ഞാന്‍ ഞെട്ടി. ഇതൊക്കെ എത്രമാത്രം പ്രകോപനപരമാണ്?'' ''മേന്‍നേ, രാത്രിയില്‍ അന്യായമായി പിടിച്ചുകൊണ്ടുപോയവരെ വിട്ടുതരണമെന്ന് അപേക്ഷിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ കച്ചേരിയില്‍ പോയത്. ഈ കുത്തിപ്പിടിക്കുന്ന വടിയല്ലാതെ എന്റെ കൈയില്‍ ഒരായുധവുമില്ല. നിരായുധരായ ജനങ്ങളെ പട്ടാളം വെടിവച്ചിട്ടതാണ് പ്രകോപനപരം!'' ''പോകട്ടെ, ഇനി എന്തു ചെയ്യാന്‍ പോകുന്നു?'' ''എന്താണ് ചെയ്യേണ്ടത്?'' കേശവമേനോന്‍ പറഞ്ഞു: ''ഇനിയും ലഹളയ്‌ക്കൊരുങ്ങിയാല്‍ അത് വലിയ ആപത്തിന് കാരണമാകും. ഇപ്പോള്‍ തന്നെ പല വഴിക്കും പട്ടാളം ഇങ്ങോട്ട് നീങ്ങുന്നുണ്ട്. അവര്‍ വന്നു വെടി തുടങ്ങിയാല്‍ പിന്നത്തെ കഥ എന്താണെന്നറിയാമോ? അതു കൂടാതെ കഴിയണമെങ്കില്‍ പട്ടാളം ആവശ്യപ്പെടുന്നവര്‍ കീഴടങ്ങാന്‍ തയ്യാറാവണം.'' ആലി മുസ്‌ല്യാര്‍ ശാന്തനായി പറഞ്ഞു: ''എല്ലാവരോടും ആലോചിച്ച് വേണ്ടപോലെ ചെയ്യാം.''
ആഗസ്ത് 26/ പൂക്കോട്ടൂര്‍
ഡോര്‍സെറ്റ് റെജിമെന്റിലെ 100 ബ്രിട്ടിഷ് പട്ടാളക്കാരും 60 നാടന്‍ പട്ടാളക്കാരുമാണ് കോഴിക്കോട്ടു നിന്ന് പുറപ്പെട്ടിട്ടുള്ളതെന്ന് താമിയുടെ വിവരം കിട്ടി. 26ാം മൈലില്‍ റോഡില്‍ വലിയൊരു മണ്‍കുടം തുളച്ച് വൈക്കോല്‍ തുമ്പിനു തിരികൊളുത്തി കമഴ്ത്തിവച്ചിട്ടുണ്ട്. പുക ഉയരുന്നതു കണ്ട പട്ടാളക്കാര്‍ ഇതെന്തോ പൊട്ടിത്തെറിക്കുന്ന വസ്തുവാണെന്നു കരുതി മണ്‍കുടത്തിനു നേരെ നിറയൊഴിച്ചു. കൊള്ളുന്ന വെടികളൊക്കെ മണ്‍കുടത്തില്‍ സുഷിരങ്ങളുണ്ടാക്കിയതല്ലാതെ കുടം പൊട്ടിത്തെറിച്ചില്ല. വയലും ചെറിയ മണ്‍തിട്ടകളും തോടും കുറ്റിക്കാടും നിറഞ്ഞ സ്ഥലത്ത് മാപ്പിളമാര്‍ പതുങ്ങിയിരുന്നു. പട്ടാളലോറികള്‍ മുഴുവന്‍ പാടത്തിനു നടുവിലെത്തിയാല്‍ ഏറ്റവും മുന്നിലെയും ഏറ്റവും പിറകിലെയും വണ്ടികള്‍ വെടിവച്ചിടാനാണ് പ്ലാന്‍. വണ്ടികള്‍ നില്‍ക്കുമ്പോള്‍ പട്ടാളക്കാര്‍ക്ക് എന്തെങ്കിലും ചെയ്യാനാകും. അതിനു മുമ്പേ അവരെ വളഞ്ഞുപിടിച്ച് വെട്ടിക്കൊല്ലാനായിരുന്നു വടക്കേവീട്ടില്‍ മമ്മദുവിന്റെ നിര്‍ദേശം. ഈ യുദ്ധതന്ത്രം മെനഞ്ഞെടുത്തപ്പോള്‍ സ്ഥലത്തില്ലാതിരുന്ന കുഞ്ഞറമുട്ടി ലോറികള്‍ പാടത്തേക്കു വരാന്‍ തുടങ്ങുമ്പോള്‍ തന്നെ ആദ്യത്തെ നിറയൊഴിച്ചു. പട്ടാളലോറികള്‍ നിന്നു. പുറത്തിറങ്ങിയ പട്ടാളക്കാര്‍ പുകബോംബെറിഞ്ഞു. പുകപടലത്തിന്റെ മറപറ്റി അവര്‍ റോഡില്‍ യന്ത്രത്തോക്കുകള്‍ സ്ഥാപിച്ചു. പുക അടങ്ങിയപ്പോള്‍ ഏതാനും പട്ടാളക്കാര്‍ നിരായുധരായി ഇറങ്ങിനടന്നു. അവരെ പിടിക്കാന്‍ ഉടവാളുമായി ഓടിയെത്തിയ മാപ്പിളപോരാളികള്‍ യന്ത്രത്തോക്കിനു മുന്നില്‍ പിടഞ്ഞുവീണു. വീരരായ പൂക്കോട്ടൂര്‍ മാപ്പിളമാര്‍ ഗര്‍ജിക്കുന്ന തോക്കിനു മുന്നിലേക്ക് കുതിച്ചുപാഞ്ഞു. പലരും മരിച്ചുവീണു. പലര്‍ക്കും ആയുധം കിട്ടി.പൂക്കോട്ടൂര്‍ യുദ്ധത്തില്‍ 280 മാപ്പിളമാര്‍ ധീരരക്തസാക്ഷികളായി. ബ്രിട്ടിഷ് പട്ടാളത്തിലെ വധിക്കപ്പെട്ടവരും പരിക്കേറ്റവരെയും കൊണ്ട് രണ്ടു ബസ്സുകള്‍ കോഴിക്കോട്ടേക്കു പാഞ്ഞുപോയി. യുദ്ധം തീര്‍ക്കാന്‍ കരുതി മുന്നോട്ടുനീങ്ങിയ പട്ടാളവ്യൂഹം കുറേ ചെന്നപ്പോള്‍ എന്റെ ഊഴമായി. 18 പെട്രോള്‍ബോംബുകള്‍ കത്തിച്ച് മങ്കരത്തൊടി കുഞ്ഞഹമ്മദും ഞാനും പട്ടാളവണ്ടികള്‍ ലക്ഷ്യമാക്കി എറിഞ്ഞു. പടക്കോപ്പുമായി വന്ന രണ്ടു പട്ടാളലോറികള്‍ ഛിന്നഭിന്നമായി. ഡി.ഐ.ജി. ലങ്കാസ്റ്ററും നാലു പട്ടാളക്കാരും കൊല്ലപ്പെട്ടു.

ആഗസ്ത് 27/ മഞ്ചേരി
പൂക്കോട്ടൂര്‍ യുദ്ധം നടക്കുമ്പോള്‍ കുഞ്ഞഹമ്മദ് ഹാജി അങ്ങാടിപ്പുറത്ത് ഖിലാഫത്ത് സൈനിക ക്യാംപിലായിരുന്നു. അവിടെ നിന്നു മടങ്ങുംവഴി പന്തല്ലൂര്‍ സൈനിക ക്യാംപില്‍ വെച്ചാണ് ഞാന്‍ ഹാജിയാരെ കണ്ടുമുട്ടിയത്. പൂക്കോട്ടൂര്‍ യുദ്ധത്തെക്കുറിച്ച് അദ്ദേഹം എന്നോട് വിശദമായി എല്ലാം ചോദിച്ചറിഞ്ഞു. പന്തല്ലൂര്‍ ഔട്ട്‌പോസ്റ്റിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍ കക്കാടന്‍ ഐട്രസിനെ കുഞ്ഞഹമ്മദ് ഹാജി വെടിവച്ചുകൊന്നു. കുഞ്ഞഹമ്മദ് ഹാജിയെ നിരീക്ഷിക്കാന്‍ ബ്രിട്ടിഷുകാര്‍ എട്രസിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. കുഞ്ഞഹമ്മദ് ഹാജി എന്നോട് പറഞ്ഞു: ''കുട്ടികളേ, ഇനി ഒരു ഇബ്‌ലീസ് കൂടിയുണ്ട്. അവനെയും തീര്‍ക്കണം.'' ആനക്കയം ലക്ഷ്യംവച്ചാണ് പിന്നീട് പോയത്. റിട്ടയേഡ് പോലിസ് ഇന്‍സ്‌പെക്ടര്‍ ചേക്കുട്ടിയുടെ വീട്ടിലേക്ക്. മാപ്പിളമാരെ കണ്ടപാടെ ചേക്കുട്ടി മാളികമുകളിലെ വരാന്തയില്‍ നിന്നുകൊണ്ട് ഗൗരവത്തില്‍ ചോദിച്ചു: ''എന്താ നിങ്ങള്‍ക്കു വേണ്ടത്?'' ഒസാന്‍ ഐദ്രു വിളിച്ചുപറഞ്ഞു: ''ഞങ്ങള്‍ കുറച്ച് തോക്കുകള്‍ ഹാജരാക്കാന്‍ വന്നതാണ്.'' ചേക്കുട്ടി ചിരിച്ചു: ''അതിവിടെയല്ല, മലപ്പുറം തുക്ടിക്കു മുമ്പാകെയാണ് ഹാജരാക്കേണ്ടത്.'' ''എല്ലാം ഞങ്ങള്‍ ഇവിടെത്തന്നെ ഹാജരാക്കുന്നു''- ഇതു പറഞ്ഞതും ഐദ്രു കാഞ്ചിവലിച്ചു. ചേക്കുട്ടി പിടഞ്ഞുവീണു. ചേക്കുട്ടിയുടെ തലയറുത്ത് കുന്തത്തില്‍ കുത്തി ആനക്കയത്തു നിന്നു മഞ്ചേരിയിലേക്ക് ഒരു ഘോഷയാത്ര നടത്തി. ആറായിരത്തിലധികം ജനങ്ങള്‍ ആ ഘോഷയാത്രയില്‍ പങ്കെടുത്തു. മഞ്ചേരി അങ്ങാടിയില്‍ എത്തിയപ്പോള്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഒരു കാളവണ്ടിയില്‍ കയറിനിന്നു പ്രസംഗിച്ചു: ''പോലിസ് ഇന്‍സ്‌പെക്ടര്‍ ചേക്കുട്ടിയെ ഞാന്‍ കൊന്നിരിക്കുന്നു. നിങ്ങള്‍ എന്തു പറയുന്നു എന്നെനിക്കറിയണം. ഞാന്‍ ചെയ്തത് തെറ്റാണെങ്കില്‍ നിങ്ങളെന്നെ ഇവിടെയിട്ട് കൊല്ലണം. ഹിന്ദുക്കളെ കൊല്ലരുത്. അവരെ പേടിപ്പിക്കരുത്. അവരും നമ്മളെപ്പോലെ കഷ്ടപ്പെടുന്നവരാണ്. നമ്മള്‍ക്ക് ഹിന്ദുക്കളോട് പകയില്ല. എന്നാല്‍, ബ്രിട്ടിഷ് ഗവണ്‍മെന്റിനു നമ്മെ ഒറ്റുകൊടുക്കുന്നവര്‍ക്ക് കനത്ത ശിക്ഷ തരും. ആരും പട്ടിണി കിടക്കരുത്. തല്‍ക്കാലം കൈയിലില്ലാത്തവര്‍ ചോദിച്ചാല്‍ ഉള്ളവര്‍ കൊടുക്കണം. അല്ലാത്തപക്ഷം കനത്ത ശിക്ഷ തരും.''

1921 ആഗസ്ത് 28/ തിരൂരങ്ങാടി
ബാംഗ്ലൂരില്‍ നിന്ന് പയനിയര്‍ ബറ്റാലിയന്റെ പീരങ്കിപ്പട സര്‍വസന്നാഹങ്ങളോടെ കോഴിക്കോട് വഴി മലപ്പുറത്തെത്തിയിട്ടുണ്ട്- എന്‍. താമി പറഞ്ഞു: അവര്‍ വേങ്ങര കൂരിയാട് കേന്ദ്രീകരിച്ച് ക്യാംപ് ചെയ്യുന്നു. ഒരു ബറ്റാലിയന്‍ തിരൂരിലേക്കും മറ്റൊന്ന് തിരൂരങ്ങാടിയിലേക്കും മാര്‍ച്ച് ചെയ്യുന്നുണ്ടുപോലും.

1921 ആഗസ്ത് 29/ തിരൂരങ്ങാടി
മലപ്പുറം തുക്ടി ഓസ്റ്റിനും പട്ടാള കമാന്‍ഡര്‍ റാഡ്ക്ലിഫും ചേര്‍ന്നിറക്കിയ ഉത്തരവ് നാട്ടിലുടനീളം നോട്ടീസായി വിതരണം ചെയ്തിട്ടുണ്ട്: ''ബ്രിട്ടിഷ് പട്ടാളം തിരൂരങ്ങാടിയിലേക്ക് പുറപ്പെട്ടിരിക്കുന്നു. പട്ടാളത്തിനു തടസ്സങ്ങളുണ്ടാകരുതെന്ന് ജനങ്ങളെ ഇതിനാല്‍ അറിയിക്കുന്നു. പട്ടാളക്കാര്‍ ആവശ്യപ്പെടുന്ന എന്തു സഹായവും ചെയ്തുകൊടുക്കാന്‍ ജനങ്ങള്‍ ബാധ്യസ്ഥരാണ്. പള്ളികളില്‍ നിന്ന് ആക്രമണമുണ്ടായാല്‍ പള്ളികള്‍ വെടിവച്ചു നശിപ്പിക്കും. പാലത്തുംമൂലയില്‍ ആലി മുസ്‌ല്യാര്‍ ആഗസ്ത് 30ന് പകല്‍ 9 മണിക്ക് ഒരു വെള്ളക്കൊടി പിടിച്ചുകൊണ്ട് കിഴക്കേ പള്ളിയില്‍ നിന്ന് പുറത്തു വന്നു പട്ടാളത്തിനു കീഴടങ്ങണമെന്ന് ഇതിനാല്‍ ആജ്ഞാപിക്കുന്നു.''

1921 ആഗസ്ത് 30/
തിരൂരങ്ങാടിതിരൂരങ്ങാടിയിലേക്കുള്ള എല്ലാ വഴികളും പട്ടാളം അടച്ചു. പയനിയര്‍, ലിന്‍സ്റ്റണ്‍, ഡോര്‍സെറ്റ്, രജതപുത്താന റെജിമെന്റുകളാണ് എന്തിനും തയ്യാറായി നില്‍ക്കുന്നത്. പള്ളിക്കു ചുറ്റും പീരങ്കികള്‍ സ്ഥാപിച്ചു. എ.എന്‍.പി. മെഗാഫോണില്‍ വിളിച്ചുപറഞ്ഞു: ''ആലി മുസ്‌ല്യാരടക്കം ആ പള്ളിയിലുള്ള മുഴുവനാളും കീഴടങ്ങണം. കീഴടങ്ങിയവരെ ദേഹോപദ്രവമേല്‍പ്പിക്കില്ല.'' കാരാടന്‍ മൊയ്തീന്‍ പള്ളിക്കകത്തു നിന്നു വിളിച്ചുപറഞ്ഞു: ''ഞങ്ങള്‍ കുറച്ച് കഞ്ഞിവയ്ക്കുകയാണ്. രാവിലെ ഇറങ്ങിവരാം.'' പാതിരാത്രി ഹദ്ദാദ് റാത്തീബ് ചൊല്ലി കഞ്ഞി കുടിച്ചു. ആരും ഉറങ്ങിയില്ല. സുബ്ഹി നമസ്‌കാരത്തിനു ശേഷം പെട്ടെന്ന് കാരാടന്‍ മൊയ്തീന്‍ പട്ടാളത്തിനു നേരെ തുരുതുരാ നിറയൊഴിച്ചു. തോക്കിലെ തിര തീര്‍ന്നപ്പോള്‍ കാരാടന്‍ വാതില്‍ തുറന്നു പട്ടാളത്തിനു മുമ്പിലേക്കെടുത്തുചാടി. ഡോര്‍സെറ്റുകാരുടെ തോക്കുകള്‍ തീ തുപ്പി. കാരാടന്‍ പിടഞ്ഞുവീണു. കുഞ്ഞലവിയും ലവക്കുട്ടിയും അബ്ദുല്ലക്കുട്ടിയും ഞാനും വെടിയുതിര്‍ത്തുകൊണ്ട് ജനല്‍ വഴി പുറത്തുചാടി. പല പട്ടാളക
Next Story

RELATED STORIES

Share it