malappuram local

ഒരുമയുടെ മതേതര സന്ദേശം ഉയര്‍ത്തി പാട്ടുല്‍സവത്തിന് കൊടിയിറങ്ങി

നിലമ്പൂര്‍: ഒരുമയുടെ മതേതര സന്ദേശം പരത്തി രണ്ടാഴ്ച നീണ്ട കലാവിരുന്നുകള്‍ സമ്മാനിച്ച പത്താമത് പാട്ടുല്‍സവ് ടൂറിസം ഫെസ്റ്റിവലിന് കൊടിയിറങ്ങി. സിനിമയിലെയും സാഹിത്യത്തിലെയും പ്രമുഖര്‍ അണിനിരന്ന സാംസ്‌ക്കാരിക സമ്മേളനത്തോടെയായിരുന്നു സമാപന ചടങ്ങുകള്‍. സമാപനസമ്മേളനം പ്രമുഖ ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശന്‍ ഉദ്ഘാടനം ചെയ്തു.
കലയ്ക്കും സംസ്‌ക്കാരത്തിനും വളക്കൂറുളളമണ്ണാണ് നിലമ്പൂരെന്ന് അദ്ദേഹം വ്യക്തമാക്കി. മലയാളികള്‍ പരസ്പര സ്‌നേഹവും മതസൗഹാര്‍ദ്ദവും സൂക്ഷിക്കുന്ന നിലമ്പൂരുകാരെ കണ്ടു പഠിക്കണമെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. കവി ആലങ്കോട് ലീലാ കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ പത്മിനിഗേപിനാഥ് ആധ്യക്ഷം വഹിച്ചു. പാട്ടുല്‍സവ് സപ്ലിമെന്റ് പ്രിയദര്‍ശന്‍ മേരിമാത ഹയര്‍എജ്യുക്കേഷന്‍ സെന്റര്‍ എംഡി സിബി വയലിലിനു നല്‍കി പ്രകാശനം ചെയ്തു. പാട്ടുല്‍സവ് ജനറല്‍ കണ്‍വീനര്‍ ആര്യാടന്‍ ഷൗക്കത്ത്, നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷെര്‍ളി ടീച്ചര്‍, ജോയ് തോമസ് (എസിവി), മേരിമാത എംഡി സിബി വയലില്‍, റോസ് ഇന്റര്‍നാഷനല്‍ ഹോട്ടല്‍ എംഡി റണ്‍സ് മോന്‍, നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പാലോളി മെഹബൂബ്, വ്യാപാരി പ്രതിനിധികളായ വിനോദ് പി മേനോന്‍, യു നരേന്ദ്രന്‍, അനില്‍ റോസ് സംസാരിച്ചു. പത്തു വര്‍ഷമായി പാട്ടുല്‍സവത്തിന് നേതൃത്വം നല്‍കുന്ന ജനറല്‍ കണ്‍വീനര്‍ ആര്യാടന്‍ ഷൗക്കത്തിനെ ഗോഗുലം ഗ്രൂപ്പ് പ്രതിനിധികള്‍ ആദരിച്ചു.
Next Story

RELATED STORIES

Share it