Flash News

ഒമ്പത് പനിമരണം കൂടി : ആരോഗ്യവകുപ്പ് പ്രതിരോധത്തില്‍



തിരുവനന്തപുരം: ആരോഗ്യമേഖലയെ ആശങ്കയിലാഴ്ത്തി സംസ്ഥാനത്ത് പനി മരണം ഉയരുന്നു. പനി ബാധിച്ച് ഇന്നലെ ഒമ്പതുമരണംകൂടി റിപോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ പകര്‍ച്ചപ്പനിക്ക് ചികില്‍സ തേടിയവരുടെ എണ്ണം 12 ലക്ഷമായി. പകര്‍ച്ചപ്പനിയില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്നു രാവിലെ മുഖ്യമന്ത്രിയെ കാണും. തിരുവനന്തപുരം വെള്ളയാണി സ്വദേശി അമല്‍ കൃഷ്ണ (11), കോഴിക്കോട് വടകര മടപ്പള്ളി പൂതം കുനിയില്‍ നിഷ (34), ആലപ്പുഴ മുഹമ്മ സ്വദേശിനി ആശ (32), പാലക്കാട് ത്രുവേഗപ്പുര സ്വദേശി അബൂബക്കര്‍ (68), തിരുവനന്തപുരം ശംഖുമുഖത്ത് താമസിക്കുന്ന യുപി സ്വദേശി സൈനികന്‍ ഗൗരീശങ്കര്‍ കണ്ഡപാല്‍ (47), എറണാകുളം മഞ്ഞപ്പാറ സ്വദേശിനി ടെസി വര്‍ഗീസ് (44), കൊല്ലം നെടുംപന സ്വദേശിനി സുലേഖ (55), കൊല്ലം പാലത്ര സ്വദേശിനി തങ്കമണി (59), കോട്ടയം നാട്ടകം സ്വദേശി ഗോകുല്‍ (21) എന്നിവരാണ് മരണപ്പെട്ടത്. വടകര മടപ്പള്ളി പൂതംകുനിയില്‍ നിഷയുടെ മരണം എച്ച്1 എന്‍1 മൂലമായിരുന്നു. ഗര്‍ഭിണിയായ ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.ഇതില്‍ അമല്‍ കൃഷ്ണ, ഗൗരീശങ്കര്‍ കന്‍പാല്‍ ഇന്നലെയും ആശ, അബൂബക്കര്‍, നിഷ എന്നിവര്‍ 16നും സുലേഖ 14നും തങ്കമണി, ഗോകുല്‍ എന്നിവര്‍ 13നും ടെസി വര്‍ഗീസ് 10നും മരണപ്പെട്ടവരാണ്. അമല്‍ കൃഷ്്ണ, ആശ, അബൂബക്കര്‍, ഗൗരീശങ്കര്‍ കന്‍പാല്‍ എന്നിവര്‍ ഡെങ്കിപ്പനി ബാധിച്ചാണ് മരണപ്പെട്ടതെന്ന് ആരോഗ്യവകുപ്പ് സംശയിക്കുന്നു. ടെസി വര്‍ഗീസും നിഷയും എച്ച്1 എന്‍1 ബാധിച്ചാണ് മരണപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. സുലേഖ മരണപ്പെട്ടത് എച്ച്1 എന്‍1 ബാധിച്ചാണെന്നും സംശയിക്കുന്നു. തങ്കമണി, ഗോകുല്‍ എന്നിവര്‍ പനി ബാധിച്ചാണ് മരണപ്പെട്ടതെന്ന് ആരോഗ്യവകുപ്പ് ദിനേന തയ്യാറാക്കുന്ന സ്ഥിതിവിവരക്കണക്കില്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ഇതുവരെ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 131 ആയി.
Next Story

RELATED STORIES

Share it