wayanad local

ഒത്തുതീര്‍പ്പാക്കാന്‍ വാങ്ങിയ പണം അടയ്ക്കാതെ വീതംവച്ചു; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

കല്‍പ്പറ്റ: ബസ് ഡ്രൈവറെ ഒരു സംഘം ആളുകള്‍ തടഞ്ഞുനിറുത്തി മര്‍ദിച്ചുവെന്ന പരാതി ഒത്തുതീര്‍പ്പാക്കാന്‍ വാങ്ങിയ പണം മുഴുവനായി കെഎസ്ആര്‍ടിസിയില്‍ അടക്കാതെ വീതംവച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. കെഎസ്ആര്‍ ടിസി സുല്‍ത്താന്‍ ബത്തേരി ഡിപ്പോയിലെ ഡ്രൈവര്‍ എ കെ നസീം, കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവേഴ്‌സ് യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജി ബാബു എന്നിവരെയാണ് കോര്‍പറേഷന്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഒക്‌ടോബര്‍ 26നാണ് പരാതിക്കാധാരമായ സംഭവം നടന്നത്.
സുല്‍ത്താന്‍ ബത്തേരി- വടുവഞ്ചാല്‍- വഴി ചുണ്ടേലിലേക്ക് സര്‍വീസ് നടത്തുന്ന ലോ ഫ്‌ളോര്‍ നോണ്‍ എസി ബസ്സിന്റെ ഡ്രൈവറായ എ കെ നസീമിനെ 26ന് വടുവഞ്ചാലിലെ രണ്ട് യുവാക്കള്‍ താഴെഅരപ്പറ്റയില്‍ വച്ച് ബസ് തടഞ്ഞുനിറുത്തി മര്‍ദിച്ചുവെന്നായിരുന്നു പരാതി. ഇതേ തുടര്‍ന്ന് നസീം ആശുപത്രിയില്‍ അഡ്മിറ്റായി. ഇതിനിടെ പ്രതികള്‍ യുഡിഎഫ് അനുഭാവികളും ജോലിക്കായി ഗള്‍ഫിലേക്ക് പോകേണ്ടവരും ആണെന്ന് പറഞ്ഞ് വിഷയത്തില്‍ ചില കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ഇടപെട്ട് പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചു. സംഭവം നടന്ന അന്നു രാത്രി തന്നെ പണം വാങ്ങി ഒത്തുതീര്‍പ്പാക്കിയതായി ഇതേ കുറിച്ച് അന്വേഷിച്ച കെഎസ്ആര്‍ടിസി സ്‌ക്വാഡ് കണ്ടെത്തി. കെഎസ്ആര്‍ടിസിയുടെ പേരില്‍ 20000 രൂപയാണ് വാങ്ങിയത്.
ബസ് സര്‍വീസ് മുടങ്ങിയതിന്റെ പേരില്‍ കോര്‍പറേഷനുണ്ടായ നഷ്ടത്തിന് 8000 രൂപ ഇവര്‍ കെഎസ്ആര്‍ ടിസിയില്‍ അടച്ചു. ബാക്കി 12,000 രൂപ ഡ്രൈവറുടെ ചികില്‍സാ ചെലവ് എന്ന പേരില്‍ എടുത്തു. കെഎസ്ആര്‍ ടിസിയുടെ ജീവനക്കാര്‍ ഉള്‍പ്പെട്ട കേസില്‍ കോര്‍പറേഷന്റെ അനുവാദത്തോടു കൂടിയേ ഒത്തുതീര്‍പ്പ് ഉണ്ടാക്കാവു എന്ന ചട്ടം രണ്ടുപേരും ലംഘിച്ചതായാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ബന്ധപ്പെട്ട ഇന്‍സ്‌പെക്ടറുടെ സാന്നിധ്യത്തില്‍ വേണം ഒത്തുതീര്‍പ്പുണ്ടാക്കി പണം കൈപ്പറ്റി കോര്‍പറേഷനില്‍ അടക്കേണ്ടത്. എന്നാല്‍ വടുവഞ്ചാല്‍ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ അന്വേഷണത്തിനായി സ്ഥലത്തെത്തും മുമ്പേ ഒത്തുതീര്‍പ്പുണ്ടാക്കി പെട്ടന്ന് തന്നെ ബസ് ഡിപ്പോയിലേക്ക് കൊണ്ടു വരുകയും ചെയ്തു. ഡ്രൈവര്‍ക്ക് ചികില്‍സാ ഇനത്തില്‍ 12,000 രൂപ ചെലവ് വന്നിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
Next Story

RELATED STORIES

Share it