ഒഡീഷയ്ക്ക് നന്ദി; കൈത്താങ്ങിനും സേവനത്തിനും കേരളം എന്നും കടപ്പെട്ടിരിക്കുമെന്ന് മന്ത്രി

കൊച്ചി: പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട് ദുരിതത്തിലായവരെ സഹായിക്കാനെത്തിയ ഒഡീഷയില്‍ നിന്നുള്ള നൈപുണി കര്‍മസേനാംഗങ്ങളെ വ്യാവസായിക പരിശീലനവകുപ്പിന്റെ നേതൃത്വത്തില്‍ ആദരിച്ചു. പൂവ്വത്തുശ്ശേരി വൈഎംസിഎയില്‍ നടന്ന ആദരിക്കല്‍ ചടങ്ങ് തൊഴില്‍ നൈപുണി വകുപ്പുമന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സംഘത്തിന്റെ പ്രവര്‍ത്തനം കേരളം ഒരിക്കലും മറക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
നൈപുണി കര്‍മസേനയുടെ നേതൃത്വത്തില്‍ നടക്കുന്ന സന്നദ്ധ സേവനം മാനവികതയുടെയും നന്‍മയുടെയും ഐക്യത്തിന്റെയും പുതിയ അധ്യായമാണ് സൃഷ്ടിച്ചത്. ദുരിതബാധിതര്‍ക്ക് നിങ്ങളുടെ സാമീപ്യവും സേവനവും പകര്‍ന്ന ആശ്വാസം വാക്കുകളില്‍ ഒതുക്കാ ന്‍ കഴിയുന്നതല്ല. ഇന്ന് സ്‌നേഹത്തിന്റെയും നന്‍മയുടെയും സന്ദേശവാഹകരായി രാജ്യത്തിന് മാതൃകയായി മാറിയിരിക്കുകയാണ് നിങ്ങളെന്നും മന്ത്രി പറഞ്ഞു. പതിനായിരങ്ങളെയാണ് രക്ഷാപ്രവര്‍ത്തകര്‍ കരയ്‌ക്കെത്തിച്ചത്. തുടര്‍ന്ന് പ്രവഹിച്ച സഹായങ്ങള്‍ ലോകം അങ്ങേയറ്റം വൈകാരികമായാണ് കണ്ടത്. ഇപ്പോള്‍ പുനര്‍നിര്‍മാണം എന്ന ദൗത്യവുമായി സംസ്ഥാനം മുന്നോട്ടുപോവുകയാണ്. യുവാക്കളുടെ കരുത്തും ത്യാഗസന്നദ്ധതയും വിളംബരം ചെയ്ത നാളുകളായിരുന്നു അത്. നവ കേരള സൃഷ്ടിക്കായി നമ്മള്‍ തോളോടുതോള്‍ ചേര്‍ന്നു നില്‍ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആഗസ്ത് 23 മുതലാണ് പ്രളയബാധിത മേഖലകളില്‍ നൈപുണി കര്‍മസേന സേവനം ആരംഭിച്ചത്. വ്യവസായിക വകുപ്പിന്റെ കീഴില്‍ ജീവനക്കാരുടെയും ട്രെയിനികളുടെയും നേതൃത്വത്തിലായിരുന്നു സേനാ രൂപീകരണം. ഒഡീഷ സാങ്കേതിക വിദ്യാഭ്യാസ പരിശീലന ഡയറക്ടറേറ്റിന്റെ നിര്‍ദേശ പ്രകാരം ട്രെയിനികളും അധ്യാപകരും ഉള്‍െപ്പടെ 25 പേര്‍ കര്‍മസേനയുടെ ഭാഗമായി കേരളത്തിലെത്തി. സേവനസന്നദ്ധരായി വീടുകളിലും സ്ഥാപനങ്ങളിലും എത്തിയതിനു പുറമെ കോഴിക്കോട്ടെ കണ്ണാടിക്കലിലും വയനാട്ടിലെ കല്‍പ്പറ്റയിലും പ്രത്യേക ക്യാംപുകള്‍ സംഘടിപ്പിച്ചു. സംസ്ഥാനത്തെ സ്വകാര്യ ഐടിഐകളും പട്ടികജാതി വകുപ്പിനു കീഴിലുള്ള ഐടിഐകളും സംരംഭവുമായി സഹകരിച്ച് 5,300 പേര്‍ക്കെങ്കിലും ഇവരുടെ സേവനം ലഭിച്ചു. സേനയിലെ ഒഡീഷ അംഗങ്ങളെ മന്ത്രി മൊമന്റോ നല്‍കി ആദരിച്ചു.
Next Story

RELATED STORIES

Share it