Flash News

ഒടുവില്‍ പടിയിറക്കം; ആഴ്‌സന്‍ വെങര്‍ ആഴ്‌സനലിന്റെ പരിശീലകസ്ഥാനമൊഴിഞ്ഞു

ഒടുവില്‍ പടിയിറക്കം; ആഴ്‌സന്‍ വെങര്‍ ആഴ്‌സനലിന്റെ പരിശീലകസ്ഥാനമൊഴിഞ്ഞു
X

ലണ്ടന്‍: ഇതിഹാസ പരിശീലകന്‍ ആഴ്‌സന്‍ വെങര്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ആഴ്‌സനലിന്റെ പരിശീലകസ്ഥാനമൊഴിഞ്ഞു. ഈ സീസണിന്റെ അവസാനത്തോടെ പരിശീലകസ്ഥാനമൊഴിയുമെന്ന് വെങര്‍ അറിയിക്കുകയായിരുന്നു. 1996ല്‍ ആഴ്‌സനലിന്റെ പരിശീലകസ്ഥാനത്തേക്കെത്തിയ വെങര്‍ നിരവധി നേട്ടങ്ങളാണ് ടീമിന് സമ്മാനിച്ചത്. 1228 മല്‍സരങ്ങളില്‍ ആഴ്‌സനല്‍ വെങറുടെ കീഴില്‍ ഗണ്ണേഴ്‌സ് അണിനിരന്നപ്പോള്‍ അതില്‍ 704 മല്‍സരങ്ങള്‍ വിജയിക്കുകയും 279 മല്‍സരങ്ങള്‍ സമനിലയിലെത്തുകയും 245 മല്‍സരങ്ങള്‍ തോല്‍ക്കുകയും ചെയ്തു. അവസാന രണ്ട് സീസണിലും ടീമിന്റെ മോശം പ്രകടനമാണ് വെങറുടെ പുറത്തേക്കുള്ള വഴിതുറന്നത്. കഴിഞ്ഞ പ്രീമിയര്‍ ലീഗിന്റെ സീസണില്‍തന്നെ വെങറെ മാറ്റണമെന്ന് അഭിപ്രായമുയര്‍ന്നിരുന്നെങ്കിലും ഈ സീസണില്‍ക്കൂടി വെങറെ നിലനിര്‍ത്താന്‍ മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഈ സീസണിലും ടീം മോശം ഫോം ആവര്‍ത്തിച്ചതോടെ വെങര്‍ പരിശീലകസ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.
വെങറുടെ പരിശീലനത്തിന് കീഴില്‍ 17 കിരീടങ്ങളാണ് ആഴ്‌സനല്‍ അക്കൗണ്ടിലാക്കിയത്. സ്ഥാനമേറ്റെടുത്ത തൊട്ടടുത്ത സീസണില്‍ത്തന്നെ ആഴ്‌സനലിനെ വെങര്‍ (1997-98) പ്രീമിയര്‍ ലീഗ് കിരീടം ചൂടിച്ചു. 2001-02, 2003-04 സീസണിലും ആഴ്‌സനലിനെ ഇംഗ്ലീഷ് ലീഗിന്റെ രാജാക്കന്‍മാരാക്കാന്‍ വെങര്‍ക്ക് സാധിച്ചു. എഫ് എ കപ്പും എഫ് എ കമ്മ്യൂണിറ്റി ഷീല്‍ഡും ഏഴ് തവണ വീതം ആഴ്‌സനല്‍ സ്വന്തമാക്കിയതോടെ വെങര്‍ എന്ന പരിശീലകന്‍ ലോക ഫുട്‌ബോളിലെ നല്ല അധ്യാപകരില്‍ ഒരാളായി മാറിയിട്ടുണ്ടായിരുന്നു. 2016-17 സീസണില്‍ എഫ് എ കപ്പും 2017ല്‍ എഫ്എ കമ്മ്യൂണിറ്റി ഷീല്‍ഡും സ്വന്തമാക്കിയതാണ് ഈ സീസണില്‍ കൂടി വെങര്‍ക്ക് ടീമിന്റെ പരിശീലകസ്ഥാനത്ത് തുടരാന്‍ സഹായിച്ചത്.
പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ പരിശീലകനായിരുന്ന വ്യക്തി എന്ന ബഹുമതിയോടെയാണ് വെങര്‍ ആഴ്‌സനലിനോട് വിടപറയുന്നത്. 823 പ്രീമിയര്‍ ലീഗ് മല്‍സരങ്ങളില്‍ തന്ത്രങ്ങളോതിയ വെങര്‍ക്ക് വിജയങ്ങളുടെ കണക്കില്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന് താഴെ രണ്ടാം സ്ഥാനമാണുള്ളത്. ഫെര്‍ഗൂസന്‍ 528 പ്രീമിയര്‍ ലീഗ് വിജയങ്ങള്‍ ആഘോഷിച്ചപ്പോള്‍  473 വിജയങ്ങളാണ് വെങര്‍ക്ക് നേടിക്കൊടുക്കാനായത്.
പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഒരു പരിശീലകന്റെ കീഴില്‍ ഒരു താരം ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതും വെങര്‍ക്കൊപ്പമാണ്. തിയറി ഹെന്റി 175 ഗോളുകളാണ് വെങറുടെ പരിശീലനത്തിന് കീഴില്‍ നേടിയത്.
Next Story

RELATED STORIES

Share it