Sports

ഐപിഎല്‍: ഫൈനലിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ബാംഗ്ലൂരും ഗുജറാത്തും

ബംഗളൂരു: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന ഒന്നാം ക്വാളിഫെയറില്‍ ശക്തരായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പുതുമുഖ ടീമായ ഗുജറാത്ത് ലയണ്‍സിനെ എതിരിടും. ബംഗളൂരുവിലെ ചിന്നസ്വാമി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് പോരാട്ടം.
ഇന്ന് ജയിക്കുന്ന ടീമിന് ടൂര്‍ണമെന്റിന്റെ ഫൈനലിലേക്ക് മുന്നേറാനാവും. എന്നാല്‍, തോല്‍ക്കുന്ന ടീമിന് വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫെയറില്‍ ജയിക്കാനായാല്‍ ഫൈനല്‍ ടിക്കറ്റ് സ്വന്തമാക്കാനാവും. നാളെ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള എലിമിനേറ്റര്‍ മല്‍സരത്തിലെ വിജയിയെയാണ് രണ്ടാം ക്വാളിഫെയറില്‍ ഇന്നത്തെ മല്‍സരത്തില്‍ തോല്‍ക്കുന്ന ടീമിന് എതിരിടേണ്ടിവരിക.
14 മല്‍സരങ്ങളില്‍ ഒമ്പത് ജയവും അഞ്ച് തോല്‍വിയും ഉള്‍പ്പെടെ 18 പോയിന്റുമായി പട്ടികയില്‍ ഒന്നാംസ്ഥാനക്കാരായാണ് സുരേഷ് റെയ്‌ന നയിക്കുന്ന ഗുജറാത്തിന്റെ വരവ്.
എന്നാല്‍, ഒരുഘട്ടത്തില്‍ പുറത്താവലിന്റെ വക്കിലായിരുന്ന ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ മാസ്മരിക ഫോമില്‍ തുടര്‍ച്ചയായ നാല് മല്‍സരങ്ങളില്‍ വെന്നിക്കൊടി പാറിച്ച് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് മുന്നേറുകയായിരുന്നു.
ഈ നാല് മല്‍സരങ്ങളിലും കോഹ്‌ലിയായിരുന്നു ബാംഗ്ലൂരിന്റെ ഹീറോ. രണ്ട് വീതം സെഞ്ച്വറിയും അര്‍ധസെഞ്ച്വറിയുമാണ് കോഹ്‌ലി അവസാന നാല് ഇന്നിങ്‌സില്‍ നിന്ന് ബാംഗ്ലൂരിനു വേണ്ടി അടിച്ചുകൂട്ടിയത്. വെടിക്കെട്ട് വീരന്‍ എബി ഡിവില്ലിയേഴ്‌സും ബാംഗ്ലൂരിനു വേണ്ടി നിര്‍ണായക റോളാണ് സീസണില്‍ വഹിച്ചു കൊണ്ടിരിക്കുന്നത്. 14 മല്‍സരങ്ങളില്‍ നിന്ന് എട്ട് ജയവും ആറ് തോല്‍വിയും ഉള്‍പ്പെടെ 16 പോയിന്റാണ് ബാംഗ്ലൂരിന്റെ സമ്പാദ്യം.
കഴിഞ്ഞ ദിവസം നടന്ന നിര്‍ണായക മല്‍സരത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ബാംഗ്ലൂര്‍ പ്ലേഓഫ് ടിക്കറ്റുറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയെ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 138 റണ്‍സിന് പിടിച്ചുക്കെട്ടിയ ബാംഗ്ലൂര്‍ മറുപടിയില്‍ 18.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. പുറത്താവാതെ 45 പന്തില്‍ ആറ് ബൗണ്ടറിയോടെ 54 റണ്‍സെടുത്ത കോഹ്‌ലിയാണ് ബാംഗ്ലൂരിന്റെ വിജയശില്‍പ്പി.
അതേസമയം, മികച്ച ഫോമിലുള്ള റെയ്‌ന, ബ്രണ്ടന്‍ മക്കുല്ലം, ഡ്വയ്ന്‍ സ്മിത്ത് എന്നിവരിലാണ് ഗുജറാത്തിന്റെ പ്രതീക്ഷകള്‍.
Next Story

RELATED STORIES

Share it