palakkad local

ഐഐടി കാംപസ് : ആദ്യഘട്ട കെട്ടിടം ജൂലൈയില്‍ പൂര്‍ത്തിയാവും



കഞ്ചിക്കോട്: പാലക്കാട് ഐഐടിയുടെ ആദ്യഘട്ട കാംപസ് കെട്ടിടം ജൂലൈയില്‍  പൂര്‍ത്തിയാകുന്നു. ഇതിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു കൈമാറിയ കഞ്ചിക്കോട് 400 ഏക്കര്‍ സ്ഥലത്ത് ദ്രുതഗതിയില്‍ പ്രവൃത്തികള്‍ നടക്കുകയാണ്. ട്രാന്‍സിറ്റ് കാംപസാണ് ജൂലൈയില്‍ തുറന്നു കൊടുക്കുന്നത്.  വരും വര്‍ഷങ്ങളില്‍ മറ്റ് നിര്‍മാണം കൂടി പൂര്‍ത്തിയാവും. നിര്‍മാണം പൂര്‍ത്തിയാവുന്ന മുറയ്ക്ക് ഐഐടിയുടെ രണ്ടും മൂന്നും വര്‍ഷ ക്ലാസുകള്‍ ഇവിടെ തുടങ്ങും. ഒന്നും രണ്ടും വര്‍ഷ ക്ലാസുകള്‍ അഹല്യയിലെ താല്‍ക്കാലിക കാംപസിലാവും പ്രവര്‍ത്തിക്കുക. നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ പുതിയ കാംപസിലേക്കു മാറ്റും. ഐഐടിക്കു വേണ്ടി 500 ഏക്കറാണ് ഏറ്റെടുക്കുന്നത്. ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ ന ല്‍കിയ ഭൂമിയുള്‍പ്പെടെ 400 ഏക്കര്‍ ഏറ്റെടുത്ത് കഴിഞ്ഞു. കുറച്ചു സ്ഥലം കൂടി ഏറ്റെടുക്കാനുണ്ട്. ഐഐടിക്ക് 14.76 കിലോമീറ്റര്‍ നീളത്തിലാണ് ചുറ്റുമതില്‍ നിര്‍മിക്കുന്നത്. ഇത് പകുതിയോളം പൂര്‍ത്തിയായി. ട്രാന്‍സിറ്റ് കാം പസിന്റെ നിര്‍മാണവും പൂര്‍ത്തിയാവുന്നു. വര്‍ക്‌ഷോപ്പ്, ഹോസ്റ്റല്‍, കണ്‍വന്‍ഷനല്‍, കോംപ്ലക്‌സ്, ഓഡിറ്റേറിയം, വിഐപി ഗസ്റ്റ് ഹൗസ്, പെ ണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റല്‍ എന്നിവയാണ് ഇവിടെ നിര്‍മിക്കുക. പാലക്കാട് ഐഐടിക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ 3000 കോടി അനുവദിച്ചിട്ടുണ്ട്.ഐഐടി കാംപസ് നിര്‍മാണപുരോഗതി വിലയിരുത്താന്‍ കേന്ദ്ര മാനവവികസന സഹമന്ത്രി മഹീന്ദ്രനാഥ് പാണ്‌ഡെ വ്യാഴാഴ്ച സ്ഥലം സന്ദര്‍ശിച്ചിരുന്നു. കലക്ടര്‍ പി മേരിക്കുട്ടി, ഐഐടി ഡയറക്ടര്‍ ഡോ. സുനില്‍കുമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും ഉണ്ടായിരുന്നു. സ്ഥലം ഏറ്റെടുക്കല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി കലക്ടറോട് നിര്‍ദേശിച്ചിട്ടുണ്ട്. കാംപസിന് ശിലാസ്ഥാപനം നടത്താതെയാണ് കെട്ടിട നിര്‍മാണം തുടങ്ങിയത്. കേന്ദ്ര സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയയുടന്‍ പ്രഖ്യാപിച്ച ആറ് ഐഐടികളില്‍ ആദ്യം നിര്‍മാണം  തുടങ്ങിയത് പാലക്കാട്ടാണ്. എം ബി രാജേഷ് എം പി ഇടപെട്ടതു കൊണ്ടാണ് വേഗത്തില്‍ പാലക്കാട് ഐഐടി യാഥാര്‍ത്ഥ്യമായത്. ഇതിന്റെ രാഷ്ട്രീയനേട്ടം സിപിഐഎമ്മിനു ലഭിക്കുമോയെന്ന ആശങ്കയിലാണ്. ഇതിനാല്‍ ഐഐടിക്കു ശിലാസ്ഥാപനം ബോധപൂര്‍വം വൈകിപ്പിക്കുകയായിരുന്നു. കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ സമയം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി തന്നെഐഐടിക്കു ശിലയിട്ടാല്‍ മതിയെന്ന് കേന്ദ്രമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ ഐഐടി കേന്ദ്രസ്ഥാപനമാണെന്നും അതിന്റെ ശിലയിടല്‍ പരിപാടി സംസ്ഥാന മുഖ്യമന്ത്രി മാത്രം പങ്കെടുത്തു നടത്തുന്നത് അനുചിതമാണെന്നും കേന്ദ്രമന്ത്രിയുടെ കൂടി സൗകര്യം കണക്കിലെടുത്ത് തിയ്യതി നിശ്ചയിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാടെടുത്തു. ആദ്യം പ്രധാനമന്ത്രിയെ കൊണ്ടുവരാന്‍ ബിജെപി നേതൃത്വം ശ്രമിച്ചിരുന്നു. എന്നാല്‍ കേന്ദ്രമന്ത്രിയെ കൊണ്ട് ശിലയിടുവിക്കാനാണ് നിര്‍ദേശിച്ചത്.2014 ലാണ് ആറ് പുതിയ ഐഐടി കള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പാലക്കാടിനു പുറമെ ആന്ധ്രാപ്രദേശിലെ തിരുപ്പതി, കര്‍ണാടകയിലെ ധാര്‍വാര്‍, ഗോവ, ഛത്തീസ്ഗഡിലെ ഭീലായ്, ജമ്മു എന്നിവിടങ്ങളിലാണ് ഐഐടി  അനുവദിച്ചത്. താല്‍ക്കാലികമായെങ്കിലും മികച്ച സംവിധാനങ്ങള്‍ ദ്രുതഗതിയില്‍ തയ്യാറാക്കി റിപോര്‍ട്ട് നല്‍കിയ കേരളത്തില്‍ ഐഐടി  പ്രവര്‍ത്തനം തുടങ്ങാന്‍ അനുമതി നല്‍കി. എം ബി രാജേഷ് എംപിയുടെ സഹായത്തോടെ കോഴിപ്പാറ അഹല്യ കാംപസില്‍ താല്‍ക്കാലിക കാംപസ് തയ്യാറാക്കി. മെയിന്‍ കാംപസ്, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, സ്റ്റുഡന്റ്‌സ് ഹോസ്റ്റല്‍ ലാബ് എന്നിവ ഇവിടെ ഒരുക്കാന്‍ കഴിഞ്ഞു. ഇത് മികച്ച നിലവാരമുള്ളതാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് 2015ല്‍ പാലക്കാട്ട് ഐഐടി  പ്രവര്‍ത്തനം തുടങ്ങാന്‍ അനുമതി ലഭിച്ചത്. മറ്റ് ഐഐടി കള്‍ പൂര്‍ത്തിയാവുന്നതിനു മുമ്പേ പാലക്കാട്ട് പ്രവര്‍ത്തനം തുടങ്ങുന്നത് ജില്ലയ്ക്ക് അഭിമാനമാവും.
Next Story

RELATED STORIES

Share it