ഐഎസിന്റെ ലിബിയന്‍ നേതാവ്  കൊല്ലപ്പെട്ടതായി പെന്റഗണ്‍

വാഷിങ്ടണ്‍: ലിബിയയില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ ഐഎസ് നേതാവായ അബു നബീല്‍ കൊല്ലപ്പെട്ടെന്നു സംശയിക്കുന്നതായി പെന്റഗണ്‍. വിസ്സാം നജിം അബ്ദു സഈദ് അല്‍ സുബെയ്ദി എന്ന പേരിലും ഇറാഖ് പൗരനായ അബു നബീല്‍ അറിയപ്പെടുന്നുണ്ട്. നബീല്‍ ദീര്‍ഘകാലം അല്‍ഖാഇദയില്‍ പ്രവര്‍ത്തിച്ചിരുന്നതായി പെന്റഗണ്‍ അവകാശപ്പെടുന്നു.
ഡര്‍ന പ്രവിശ്യയില്‍ വെള്ളിയാഴ്ചയാണ് വ്യോമാക്രമണം നടന്നത്. ഐഎസ് നിയന്ത്രണത്തിലുള്ള മേഖലകളില്‍ ആക്രമണം തുടരുമെന്നു പെന്റഗണ്‍ മുന്നറിയിപ്പ് നല്‍കി. നബീല്‍ കൊല്ലപ്പെട്ടെന്ന് ഉറച്ചു വിശ്വസിക്കുന്നതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു. നബീലിന്റെ മരണം ലിബിയയിലെ ഐഎസിന്റെ ലക്ഷ്യപൂര്‍ത്തീകരണത്തിനു തിരിച്ചടി സൃഷ്ടിക്കുമെന്നാണു കരുതുന്നത്. പുതിയ അംഗങ്ങളെ റിക്രൂട്ട്‌ചെയ്യല്‍, പുതിയ താവളങ്ങള്‍ നിര്‍മിക്കല്‍, യുഎസിന്റെ ബാഹ്യാക്രമണങ്ങളെ പ്രതിരോധിക്കല്‍ തുടങ്ങിയ ചുമതലകളാണ് നബീല്‍ വഹിച്ചിരുന്നതെന്നു പെന്റഗണ്‍ വക്താവ് പീറ്റര്‍ കുക്ക് പറഞ്ഞു. വെള്ളിയാഴ്ച പാരിസിലുണ്ടായ ആക്രമണത്തിനു മുമ്പ് ദൗത്യം സ്ഥിരീകരിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയില്‍ ലിബിയയിലെ കോപ്റ്റിക് ക്രിസ്ത്യാനികളെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങളടങ്ങുന്ന വീഡിയോ പുറത്തുവിട്ട ഐഎസ് വക്താവ് നബീല്‍ ആയിരിക്കാമെന്നു കുക്ക് പറഞ്ഞു. നാലുവര്‍ഷം മുമ്പ് ലിബിയന്‍ മുന്‍ പ്രസിഡന്റ് മുഅമ്മര്‍ ഖദ്ദാഫിയെ നാറ്റോ അധിനിവേശ സഖ്യം സ്ഥാനഭ്രഷ്ടനാക്കിയതിനുശേഷം ഐഎസ് ഉള്‍പ്പെടെ നിരവധി സംഘടനകള്‍ ലിബിയയില്‍ പോരാട്ടത്തിലേര്‍പ്പെട്ടുവരുകയാണ്. ലിബിയയിലെ ഐഎസ് നേതാവിനെതിരേയുള്ള ആദ്യത്തെ ആക്രമണമായിരുന്നു നബീലിനു നേരെ നടന്നതെന്നും പെന്റഗണ്‍ അറിയിച്ചു.
Next Story

RELATED STORIES

Share it