Kollam Local

ഐആര്‍ഇ മൈനിങ് ഏരിയായിലെ സമരം ഒത്തുതീര്‍പ്പായി

കരുനാഗപ്പള്ളി: വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ ഒരാഴ്ചയായി ഐആര്‍ഇ മൈനിങ് ഏരിയായിലെ വെള്ളനാതുരത്തില്‍ നടന്നു വന്ന പ്രതിഷേധ സമരം ഒത്തുതീര്‍പ്പായി. സബ് കലക്ടര്‍ ചിത്രയുടെ സാന്നിദ്ധ്യത്തില്‍ കരുനാഗപ്പള്ളിയില്‍ സമരസമിതി നേതാക്കളും ഐആര്‍ഇ പ്രതിനിധികളും ഉള്‍പ്പടെ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഐആര്‍ഇ നടത്തുന്ന അശാസ്ത്രീയമായ സീ വാഷിങ് അവസാനിപ്പിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ ജില്ലാ കലക്ടര്‍ അടിയന്തിരമായി ഇടപെടും. ഐആര്‍ഇ ഏറ്റെടുത്ത ഭൂമി മുന്‍ഗണനാക്രമത്തില്‍ ഏറ്റെടുത്ത് സമയബന്ധിതമായി പണം നല്‍കും. മാരക രോഗിയായ രമണന്‍ എന്ന വസ്തു ഉടമയ്ക്ക് ചികില്‍സാചെലവിനായി പണം ഉടന്‍ നല്‍കണം. ഇദ്ദേഹത്തിന് പോലിസ് മര്‍ദ്ധനമേറ്റെന്ന പരാതിയില്‍ പോലിസിന്റെ വാദം കൂടി കേട്ടിട്ട് കലക്ടര്‍ തീരുമാനം എടുക്കും. കെ ഉണ്ണികൃഷ്ണനെ ജോലിയില്‍ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ഒരാഴ്ചക്കകം തീരുമാനമെടുക്കും എന്നിവയാണ് പ്രധാന തീരുമാനങ്ങള്‍ .സിപിഎം ആലപ്പാട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം നടന്നു വന്നത്. കഴിഞ്ഞ 21 ന് ഐആര്‍ഇയുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി സ്ഥലം ഏറ്റെടുത്ത പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തുവന്നതോടെ സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഗ്രാമപ്പഞ്ചായത്ത് അംഗവും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ ഉണ്ണികൃഷ്ണനെ ജയിലിലടച്ച സംഭവം ഉള്‍പ്പടെ നടന്നിരുന്നു. ഇതേ തുടര്‍ന്നാണ് മണല്‍ ലോറികള്‍ ഉള്‍പ്പടെ തടഞ്ഞ് സമരം തുടങ്ങിയത്. ചര്‍ച്ചയില്‍ തഹസില്‍ദാര്‍ സാജിതാ ബീഗം, സി ഐ രാജേഷ് കുമാര്‍, സി പി എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജി രാജദാസ്, പി ലിജു, കെ ഉണ്ണികൃഷ്ണന്‍, സൂരജ് ലാല്‍, ജോസ്, ബിനു മോര്‍, ബിജു, ഐആര്‍ഇ പ്രതിനിധികളായ വിശ്വനാഥന്‍, ജയചന്ദ്രന്‍, അനന്തപത്മനാഭന്‍ എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it