Editorial

ഏറ്റുമുട്ടലുകളല്ല ക്രമസമാധാനം

എനിക്ക് തോന്നുന്നത് - എം  കെ  മുഹമ്മദ്  അനസ്,  കൊടുങ്ങല്ലൂര്‍

ഭരണകൂടം ക്രമസമാധാനം നിലനിര്‍ത്താന്‍ എന്ന പേരില്‍ നടപ്പാക്കുന്ന കലാപരിപാടികളില്‍ പ്രധാനമാണ് ഏറ്റുമുട്ടല്‍ കൊലകള്‍. കാണുന്നിടത്തു വച്ചു വെടിവച്ചുകൊന്ന് ആഹ്ലാദം മധ്യവര്‍ഗവുമായി പങ്കിടുന്നു. പലപ്പോഴും നേരത്തേ കസ്റ്റഡിയിലെടുത്തവരെയാവും ഇങ്ങനെ തട്ടിക്കളയുക. തീവ്രവാദികള്‍, മാവോവാദികള്‍ തുടങ്ങിയ സ്റ്റിക്കര്‍ പതിച്ചുകഴിഞ്ഞാല്‍ പിന്നെ പോലിസിന് എല്ലാം എളുപ്പമായി.
ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ നടക്കുന്നുണ്ട്. നാഗ്പൂരിനു സമീപത്തുള്ള ഗഡ്ചിറോളിയില്‍ ഈയിടെ 41 പേരെ പോലിസ് കൊലപ്പെടുത്തി. ഏറ്റുമുട്ടല്‍ കൊലകളില്‍ ഇപ്പോള്‍ മുമ്പില്‍ നില്‍ക്കുന്നത് യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശാണ്. 2017 മാര്‍ച്ചില്‍ യോഗി മുഖ്യമന്ത്രിയായശേഷം പോലിസിനു കൊല്ലാനുള്ള അനുമതി കൊടുക്കുകയായിരുന്നു. തൊട്ടടുത്ത ഹരിയാന ഭരിക്കുന്ന മനോഹര്‍ലാല്‍ ഖട്ടാര്‍ യോഗിയെ ഇക്കാര്യത്തില്‍ തോല്‍പിക്കാന്‍ പറ്റുമോ എന്നാണു പരിശോധിക്കുന്നത്. രണ്ടുപേരും ചെറുപ്പംതൊട്ടേ ശാഖയില്‍ കവാത്തു നടത്തിയവരായത് യാദൃച്ഛികമല്ല.
വെറുപ്പിനെതിരേയുള്ള സഖ്യം എന്ന സന്നദ്ധസംഘടന ഈയിടെ യുപിയിലെയും ഹരിയാനയിലെയും ഏറ്റുമുട്ടലുകളുടെ സ്വഭാവം വെളിപ്പെടുത്തുന്ന ഒരു റിപോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. യുപിയിലെ 16 കൊലപാതകങ്ങളുടെയും ഹരിയാനയിലെ 12 കൊലകളുടെയും പശ്ചാത്തലമാണ് റിപോര്‍ട്ട് വെളിപ്പെടുത്തുന്നത്. നടുക്കുന്ന വിവരങ്ങളാണ് റിപോര്‍ട്ടിലുള്ളത്.
1. താരതമ്യേന ദരിദ്രരെയാണ് പോലിസ് ഉന്നംവയ്ക്കുന്നത്. ഹരിയാനയില്‍ ഗോരക്ഷകര്‍ എന്ന് പേരുള്ള ഗുണ്ടാസംഘത്തിന്റെ ഒത്താശയോടെയാണ് പോലിസ് വെടിവയ്ക്കുന്നത്. മിയോ-ഗുജ്ജാര്‍ സഞ്ചാരി ഗോത്രത്തില്‍പ്പെട്ടവരാണ് മരിച്ചവരിലധികവും.
2. ആത്മരക്ഷാര്‍ഥം വെടിവയ്ക്കുകയായിരുന്നു എന്നാണ് പോലിസ് നല്‍കുന്ന വിശദീകരണം. എന്നാല്‍, എഫ്‌ഐആറോ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടോ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ നല്‍കുന്ന വിവരങ്ങളോ പോലിസ് കഥയെ പിന്തുണയ്ക്കുന്നില്ല. പോലിസുകാര്‍ക്ക് ഒരു പരിക്കുമുണ്ടായിരുന്നില്ല.
3. കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍ നിന്നു കണ്ടെടുക്കുന്ന ആയുധങ്ങള്‍ പോലിസ് തന്നെ സ്ഥാപിച്ചതാണ്. പല എഫ്‌ഐആറിലും തോക്കുകള്‍ക്ക് ഒരേ നമ്പറാണുള്ളത്.
4. പല മൃതദേഹങ്ങളിലും പീഡനത്തിന്റെ അടയാളങ്ങള്‍ ഉണ്ടായിരുന്നു. നേര്‍ക്കുനേരെ വെടിവച്ചതിന്റെ മുറിവുകളായിരുന്നു അവയില്‍ കണ്ടത്.
5. മിക്കപ്പോഴും ഏറ്റുമുട്ടലിന് ദൃക്‌സാക്ഷികളുണ്ടായിരുന്നില്ല. എന്നാല്‍, പല സംഭവങ്ങളിലും കൊല്ലപ്പെട്ടവരെ പോലിസ് നേരത്തേ പൊക്കിയതിനു ദൃക്‌സാക്ഷികളുണ്ടായിരുന്നു.
6. കൊലപാതകങ്ങളെപ്പറ്റി ബന്ധുക്കള്‍ പരാതി പറയാന്‍ മടിക്കുന്നു. കാരണം, ഒന്നുരണ്ടു സംഭവങ്ങളിലെങ്കിലും പരാതിപ്പെട്ടവര്‍ തന്നെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ചിലപ്പോള്‍ ബലാല്‍സംഗം വരെ നടന്നു.
7. ഒരു കേസിലും പോലിസ് ഉദ്യോഗസ്ഥര്‍ പ്രതിയായിട്ടില്ല.
8. രണ്ടിടത്തും കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും മുസ്്‌ലിംകളായിരുന്നു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭയം അരിച്ചിറങ്ങുന്നതിനെപ്പറ്റി റിപോര്‍ട്ടില്‍ സൂചനയുണ്ട്. ഏറ്റുമുട്ടല്‍ കൊലകളിലൂടെയും വംശഹത്യയിലൂടെയും ഉണ്ടാക്കിയെടുത്ത യശസ്സിന്റെ രഥത്തില്‍ കയറിയാണല്ലോ മോദി അധികാരമേറിയത്. ആ പാരമ്പര്യം യോഗിയും ഖട്ടാറും ഫഡ്‌നാവിസും ചൗഹാനും പിന്തുടരുന്നുവെന്നു കരുതാം. തസ്‌കരന്‍മാരെപ്പറ്റിയും കൊലപാതകികളെപ്പറ്റിയും ചിന്തിച്ച് ഉറക്കംകിട്ടാത്ത മധ്യവര്‍ഗവും അവരെ പ്രതിനിധീകരിക്കുന്ന മാധ്യമവര്‍ഗവും ഏറ്റുമുട്ടല്‍ കൊലകളെ അനുകൂലിക്കുന്നതിനാല്‍ നിയമലംഘനം തുടരുന്നു.
Next Story

RELATED STORIES

Share it