Kottayam Local

ഏറ്റുമാനൂര്‍ പേരൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തിന്റെശ്രീകോവില്‍ കുത്തിത്തുറന്ന് വന്‍മോഷണം



കോട്ടയം: ഏറ്റുമാനൂര്‍ പേരൂര്‍ക്കാവ്  ഭഗവതിക്ഷേത്രത്തിന്റെ ശ്രീകോവില്‍ കുത്തിതുറന്ന് തിരുവാഭരണവും വെള്ളിപാത്രവും മോഷ്ടിച്ചു. ദേവിയുടെ വിഗ്രഹത്തില്‍ അണിഞ്ഞിരുന്ന ഒരു പവന്റെ സ്വര്‍ണമാലയും ശ്രീകോവിലിനുള്ളില്‍ സൂക്ഷിച്ചിരുന്ന അഞ്ച് താലിയും ഒരു വെള്ളികുടവും ഒരു ഡസന്‍ ഏലസുകളും മോഷണം പോയി. ശ്രീകോവിലിനു മുന്നിലെ കാണിക്കവഞ്ചിയും കുത്തിതുറന്നിട്ടുണ്ട്. ഇന്നലെ  വെളുപ്പിനെ മേല്‍ശാന്തി പനമ്പാലം മുട്ടത്തുമനയില്‍ ശ്രീകുമാരന്‍ നമ്പൂതിരി പൂജയ്ക്കായി എത്തിയപ്പോഴാണ് ശ്രീകോവില്‍ തുറന്ന് കിടക്കുന്നത് കണ്ടത്. ഈ മാസം തന്നെ 15 ദിവസത്തിനുള്ളില്‍ മൂന്നാമത് മോഷണമാണ് പേരൂര്‍ക്കാവില്‍ നടക്കുന്നത്. വിഷുവിന്റെ പിറ്റേന്ന് നാലമ്പലത്തിനുള്ളിലെയും പുറത്തെയും കാണിക്കവഞ്ചികള്‍ തകര്‍ത്ത് മോഷണം നടന്നിരുന്നു. മോഷ്ടാക്കള്‍ ക്ഷേത്രത്തിലെ മൊബൈല്‍ ഫോണും കൊണ്ടുപോയിരുന്നു. പിറ്റേന്ന് ആ നമ്പരില്‍ വിളിച്ചപ്പോള്‍ ആരോ എടുത്തുവെങ്കിലും ഉടന്‍ തന്നെ കട്ട് ചെയ്യുകയും സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തുവെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നു. ക്ഷേത്രത്തിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന പണിയായുധങ്ങളാണ് രണ്ട് ദിവസം മുമ്പ് മോഷ്ടിക്കപ്പെട്ടത്. ഇരു സംഭവങ്ങളിലും പ്രതികളെ പിടികൂടാനായിട്ടില്ല.ശ്രീകോവിലിന്റെ രണ്ട് കതകുകളില്‍ ഒന്നിന്റെ താഴ്തകര്‍ത്ത നിലയിലും ഉള്ളിലെ കതകിന്റെ താഴ് എന്തോ ആയുധമുപയോഗിച്ച് തുറന്ന നിലയിലുമായിരുന്നു. പൂട്ടുകള്‍ ശ്രീകോവിലിന്റെ മുന്നിലെ നടയില്‍ വച്ചിരുന്നു. പൂട്ടുകള്‍ തുറക്കാന്‍ ഉപയോഗിച്ചുവെന്ന് സംശയിക്കുന്ന ഇരുമ്പുദണ്ഡും ആക്‌സോ ബ്ലേഡും ക്ഷേത്രത്തിന്റെ വടക്കേ നടയി ല്‍ നിന്നും പോലിസ് കണ്ടെടുത്തു. ഇതിന്റെ മണം പിടിച്ച ജില്‍ എന്ന പോലിസ് നായ ക്ഷേത്രത്തിനു ചുറ്റും വലം വെച്ച ശേഷം തൊട്ടടുത്തുള്ള മൂലവള്ളി ഇല്ലങ്ങളുടെ സമീപത്തു കൂടിയും പുരയിടങ്ങളിലൂടെയും ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള കുത്തുകണ്ടത്തിലെത്തി. അവിടെ നിന്നും തിരിച്ചെത്തിയ നായ വടക്കേ ഭാഗത്തുള്ള പറമ്പിലൂടെ പോയശേഷം വീണ്ടും ക്ഷേത്രമതിലിനടുത്തെത്തി നിന്നു. ക്ഷേത്രത്തിലെ കഴകക്കാരനായ ചേര്‍ത്തല പാണാവള്ളി സ്വദേശി സുരേഷ്  അമ്പലത്തിനോട് ചേര്‍ന്നുള്ള ഓഫിസ് മന്ദിരത്തിലെ മുറിയിലാണ് താമസിക്കുന്നത്. ഇയാള്‍ നാട്ടില്‍ പോയ ദിവസങ്ങളിലാണ് മൂന്ന് മോഷണവും നടന്നത്. നൈറ്റ് പട്രോളിങിനിറങ്ങുന്ന പോലിസ്  എല്ലാ ദിവസവും രാത്രി ഒന്നും രണ്ടിനും  ഇടയില്‍   ഇവിടെ എത്താറുമുണ്ട്. ഇവര്‍ വന്നു പോയി കഴിഞ്ഞാവാം മോഷ്ടാക്കള്‍ അകത്തു പ്രവേശിച്ചതെന്ന് പോലിസ് കരുതുന്നു. വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു. ശ്രീകോവിന്റെ തെക്കുവശത്ത് മുറ്റത്തുനിന്നും  സിഗരറ്റ് കുറ്റികളും തൊട്ടടുത്ത പറമ്പില്‍  നിന്നും കഴിഞ്ഞ രാത്രിയില്‍ മദ്യം കഴിക്കാനുപയോഗിച്ച പ്ലാസ്റ്റിക് ഗ്ലാസുകളും കൈയുറയും പോലിസ് കണ്ടെടുത്തിട്ടുണ്ട്. ഏറ്റുമാനൂര്‍  സിഐ സി ജെ മാര്‍ട്ടിന്‍, എസ്‌ഐ കെ ആര്‍ പ്രശാന്ത്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it