kasaragod local

ഏജന്റുമാര്‍ വില്‍ക്കുന്ന മല്‍സ്യങ്ങളില്‍ തൂക്കക്കുറവ്; തൊഴിലാളികള്‍ സമരത്തില്‍

കാസര്‍കോട്: ഏജന്റുമാര്‍ ലേലംചെയ്തുവില്‍ക്കുന്ന മല്‍സ്യങ്ങളില്‍ തൂക്കകുറവ് ആരോപിച്ച് മല്‍സ്യമാര്‍ക്കറ്റില്‍ തൊഴിലാളികള്‍ വില്‍പന നിര്‍ത്തിവച്ച് സമരം. വെള്ളിയാഴ്ച തുടങ്ങിയ സമരം ഇന്നലെയും മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനത്തെ പൂര്‍ണ്ണമായും ബാധിച്ചു. മല്‍സ്യവില്‍പനയോ വിതരണമോ ഇവിടെയില്ല.
മല്‍സ്യവുമായി എത്തിയ വാഹനങ്ങളെ സ്ത്രീകളുടെ നേതൃത്വത്തില്‍ തിരിച്ചയച്ചു. മല്‍സ്യം വാങ്ങാനായി മാര്‍ക്കറ്റിലെത്തുന്നവര്‍ തിരിച്ചുപോവുകയാണ്. മൊത്ത വിതരണക്കാര്‍ മല്‍സ്യം മാര്‍ക്കറ്റില്‍ എത്തിച്ച ശേഷം ലേലം വിളിക്കുകയാണ് പതിവ്. ഒരു ബോക്‌സില്‍ 30 കിലോയാണ് മല്‍സ്യങ്ങള്‍ ലേലം വിളിച്ച് നല്‍കുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു.
വിശ്വാസത്തോടെ വാങ്ങുന്ന മല്‍സ്യങ്ങള്‍ സ്ത്രീ തൊഴിലാളികള്‍ സാധാരണ തൂക്കി നോക്കാറില്ല.
എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായി ഇങ്ങനെ വാങ്ങുന്ന മല്‍സ്യങ്ങള്‍ വൈകുന്നേരത്തോടെ തീരുകയും എന്നാല്‍ ലേലം വിളിച്ചതുക പോലും കിട്ടാതെ വരികയും ചെയ്തതോടെ സംശയം തോന്നി മല്‍സ്യതൊഴിലാളികള്‍ തൂക്കി നോക്കിയപ്പോഴാണ് ഓരോ ബോക്‌സിലും രണ്ട് കിലോമുതല്‍ അഞ്ച് കിലോവരെ കുറവ് കണ്ടെത്തിയത്.
ഇതോടെ മല്‍സ്യം നല്‍കിയവരോട് പരാതി പറഞ്ഞെങ്കിലും കൈയൊഴിയുകയായിരുന്നുവെന്ന് തൊഴിലാളികള്‍ പരാതിപ്പെട്ടു. ഇതിന് പുറമേ ലേലം ചെയ്ത് വാങ്ങുമ്പോള്‍ ബോക്‌സില്‍ നിന്ന് ലേലം ചെയ്യുന്നവരുടെ ആള്‍ക്കാര്‍ തന്നെ മല്‍സ്യങ്ങള്‍ കൈയിട്ട് വാരിയെടുക്കുന്നതായും ഇവര്‍ പറയുന്നു. തുടര്‍ന്നാണ് ലേലത്തിന് എത്തുന്ന മല്‍സ്യങ്ങള്‍ വാങ്ങാതെ പ്രതിഷേധം തുടങ്ങിയത്.
ഇതിന് പരിഹാരം കാണണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടെങ്കിലും ഏജന്റുമാര്‍ പരിഗണിച്ചില്ല. ഒന്നര മാസമായി ട്രോളിങ് നിരോധം കാരണം മല്‍സ്യ ലഭ്യത കുറവായതിനാല്‍ മല്‍സ്യതൊഴിലാളികള്‍ വറുതിയിലാണ്.
കടത്തുവള്ളത്തിലും ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന മല്‍സ്യങ്ങള്‍ വലിയ വില കൊടുത്താണ് തൊഴിലാളികള്‍ വാങ്ങി വില്‍ക്കുന്നത്. ഇതിനിടയിലാണ് തൂക്കത്തിലും കൃത്രിമംകാട്ടിയതായി കണ്ടെത്തിയത്.
മല്‍സ്യങ്ങളില്‍ രാസപദാര്‍ത്ഥം കലര്‍ത്തുന്നതുമൂലം ഉപഭോക്താക്കള്‍ എത്താത്തതിനാല്‍ മല്‍സ്യകച്ചവടം നഷ്ടത്തിലാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
Next Story

RELATED STORIES

Share it