thrissur local

ഏങ്ങണ്ടിയൂര്‍ കെഎസ്ഇബി ഓഫിസ് മാറ്റി സ്ഥാപിക്കാനുള്ള നീക്കം ശക്തം



തൃപ്രയാര്‍: ഏങ്ങണ്ടിയൂര്‍ ഏത്തായിലെ കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനിയര്‍ ഓഫിസ് മാറ്റിസ്ഥാപിക്കാനുള്ള നീക്കം ശക്തം. ഓഫിസ് മാറ്റുന്നതിന്റെ ഭാഗമായി ജീവനക്കാരെ മാറ്റിയ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. തൃത്തല്ലൂര്‍ ഏഴാംകല്ലിലെ സെക്ഷന്‍ ഓഫിസിലേക്കാണ് ഏത്തായിലെ വൈദ്യുതി വകുപ്പ് അസിസ്റ്റന്റ് എഞ്ചിനിയറുടെ ഓഫിസ് മാറ്റിസ്ഥാപിക്കുന്നത്. ഇതുമൂലം ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലുള്ളവര്‍ വൈദ്യുതി ബില്ലടക്കാനും അനുബന്ധ സേവനങ്ങള്‍ക്കുമായി നാലു കിലോമീറ്റര്‍ അകലെയുള്ള സെക്ഷന്‍ ഓഫിസിനെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ഏത്തായിലെ കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനിയര്‍ ഓഫിസ് സെക്ഷന്‍ ഓഫിസായി ഉയര്‍ത്തണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നിരവധി തവണ നാട്ടുകാര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രക്ഷോഭ പരിപാടികളും സംഘടിപ്പിച്ചിരുന്നു. നാട്ടുകാരുടെ ആവശ്യവും പ്രതിഷേധവും കണക്കിലെടുക്കാതെയാണ് ഏത്തായിലെ കെഎസ്ഇബി ഓഫിസിന്റെ പ്രവര്‍ത്തനം ഏഴാംകല്ലിലെ സെക്ഷന്‍ ഓഫിസിലേക്ക് മാറ്റുന്നത്. ഇതിന്റെ ഭാഗമായി സബ് എഞ്ചിനിയര്‍, ഓവര്‍സിയര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ ആദ്യപടിയായി തൃത്തല്ലൂര്‍ ഏഴാംകല്ലിലെ സെക്ഷന്‍ ഓഫിസിലേക്ക് മാറ്റി. കെഎസ്ഇബി ഓഫിസ് മാറ്റാനുള്ള നീക്കത്തിനെതിരെ സമരം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍. ഇതോടെ നിലവിലുള്ള ഓഫിസിന്റെ പ്രവര്‍ത്തനം കളക്ഷന്‍ സെന്റര്‍ മാത്രമായി ചുരുക്കി. പബ്ലിക് റിലേഷന്‍സ് അസിസ്റ്റന്റ് മാത്രമാണ് ഇപ്പോള്‍ ഓഫിസിലുള്ളത്. ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തിലെ 12,000ലേറെ വൈദ്യുതി ഉപഭോക്താക്കളാണ് ഏത്തായിലെ കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനിയറുടെ ഓഫീസിനെ ആശ്രയിച്ചിരുന്നത്. ഓഫിസ് മാറ്റുന്നതിന്റെ ഭാഗമായി ഉപഭോക്താകള്‍ക്കുള്ള പരാതി വിളിച്ചറിയിക്കാനുള്ള ഓഫിസിലെ ഫോണ്‍ ഏതാനും ദിവസം മുന്‍പ് സെക്ഷന്‍ ഓഫിസിലേക്ക് മാറ്റുകയും ചെയ്തു. ജനപ്രതിനിധികള്‍ ഇടപെട്ട് അസിസ്റ്റന്റ് എഞ്ചിനിയറുടെ ഓഫിസ് മാറ്റം റദ്ദാക്കണമെന്നും ഇതിനെ സെക്ഷന്‍ ഓഫിസാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it