ഏകീകൃത തിരഞ്ഞെടുപ്പ് 24 ലക്ഷം വോട്ടിങ് യന്ത്രങ്ങള്‍ വേണം: തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ കൂടി നടത്തുകയാണെങ്കില്‍ 24 ലക്ഷത്തിലധികം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ആവശ്യമായി വരുമെന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് മാത്രം നടത്തുകയാണെങ്കില്‍ വേണ്ടതിന്റെ ഇരട്ടിയോളമാണിത്. തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നത് സംബന്ധിച്ച് നിയമ കമ്മീഷനുമായി നടത്തിയ ചര്‍ച്ചയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
പുതുതായി 12 ലക്ഷം വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റ് മെഷീനുകളും സംയുക്ത തിരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ വാങ്ങേണ്ടിവരും. ഇതിനായി 4500 കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
തിരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തുമ്പോള്‍ വോട്ടിങ് കേന്ദ്രങ്ങളില്‍ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കായി രണ്ടു സെറ്റ് യന്ത്രങ്ങള്‍ സജ്ജീകരിക്കേണ്ടിവരും.
രാജ്യത്താകെ 10 ലക്ഷം പോളിങ് ബൂത്തുകളാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിനായി സജ്ജീകരിക്കേണ്ടത്. 10 ലക്ഷം വോട്ടിങ് യന്ത്രങ്ങളാണ് ഈ ബൂത്തുകളിലേക്ക് വിതരണം ചെയ്യേണ്ടത്. ഇതിനുപുറമേ 20 ശതമാനം (രണ്ടു ലക്ഷം) യന്ത്രങ്ങള്‍ മറ്റു യന്ത്രങ്ങള്‍ക്ക് കേടുപാടുകളുണ്ടായാല്‍ മാറ്റി സ്ഥാപിക്കാവുന്ന വിധത്തില്‍ സൂക്ഷിക്കണം.
2024ല്‍ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തിയാല്‍ 15 വര്‍ഷത്തിലധികം പഴക്കമുള്ള വോട്ടിങ് യന്ത്രങ്ങള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനായി 1700 കോടി രൂപ ചെലവാക്കേണ്ടിവരും. ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് എന്നീ പൊതുമേഖലാ സ്ഥാപനങ്ങളാണ് വോട്ടിങ്, വിവിപാറ്റ് യന്ത്രങ്ങള്‍ നിര്‍മിക്കുന്നത്. അടുത്ത വര്‍ഷം ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ ഈ സ്ഥാപനങ്ങള്‍ അമിതമായി ജോലിയെടുക്കേണ്ടി വരുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
തിരഞ്ഞെടുപ്പ് ഏകീകരണത്തിനുള്ള നിയമ ചട്ടക്കൂട് തയ്യാറാവാന്‍ സമയമെടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓം പ്രകാശ് റാവത്ത് അഭിപ്രായപ്പെട്ടിരുന്നു. നിയമപരമായ മുന്നൊരുക്കമില്ലാതെ തിരഞ്ഞെടുപ്പ് ഏകീകരണം ചര്‍ച്ചചെയ്യുന്നതില്‍ വലിയ ഫലമില്ല. അവ പൂര്‍ത്തിയായാല്‍ സംയുക്ത തിരഞ്ഞെടുപ്പെന്ന ശുപാര്‍ശയുമായി കമ്മീഷന് മുന്നോട്ടു പോവാന്‍ സാധിക്കുമെന്നും റാവത്ത് പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it