kozhikode local

ഏകാന്തതയെ വര്‍ണങ്ങള്‍ കൊണ്ട് തോല്‍പിച്ച് ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍

കോഴിക്കോട്: അനാഥത്വത്തിന്റെ ഏകാന്തതയെ, വര്‍ണങ്ങളുടെ സ്വാത്രന്ത്യത്തിലേക്ക് പറിച്ചുനട്ട കുട്ടികളുടെ ചിത്രങ്ങള്‍ ആധുനിക സാമൂഹിക ജീവിതത്തോട് കലഹം പ്രഖ്യാപിക്കുന്നു. ലളിതകലാ അക്കാദമി ആര്‍ട് ഗാലറിയില്‍ ആരംഭിച്ച ഗവ.ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളുടെ കിളിവാതില്‍-2016 ചിത്രരഥം എന്ന പ്രദര്‍ശനത്തിലെ രചനകളാണ് ബാലാവകാശങ്ങളുടെ വര്‍ത്തമാനത്തിനു മുന്നില്‍ വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്.
ഒരായിരം പരിമിതികളുടെ തടവറയിലിരുന്ന് അവര്‍, നിഷേധിക്കപ്പെട്ട സകലതിനേയും വരകളിലൂടെ സൃഷ്ടിച്ച് സനാഥരായി. തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍, അനാഥശാലയുടെ തനിയാവര്‍ത്തന ജീവിതത്തിന് വിധിക്കപ്പെട്ടവരുടെ അകമനസിലെ ലോകം കാട്ടിത്തരുന്നു നാല്‍പത് കുട്ടികളുടെ രചനകള്‍. അകാലത്തില്‍ വിടചൊല്ലിയ യു ടി തിഥിന്‍ രാജിന്റെ ഓര്‍മയുണര്‍ത്തിയാണ് ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചത്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികള്‍ അവരുടെ വരയും, വരയിലെ സ്വപ്‌നജീവിതവുമായി പ്രദര്‍ശനത്തിനുണ്ട്. നിഷേധിക്കപ്പെട്ട വീട്ടകങ്ങള്‍, കുടുംബം, പൂമ്പാറ്റകള്‍, പുഴകള്‍, തോടുകള്‍, രാത്രി സഞ്ചാരങ്ങള്‍ തുടങ്ങിയവയല്ലാം വര്‍ണങ്ങളിലൂടെ സ്വന്തമാക്കിയിട്ടുണ്ട് കുട്ടികള്‍. കഴിഞ്ഞ ആറ് മാസംകൊണ്ടാണ് ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ ചിത്രങ്ങള്‍ വരയ്ക്കാന്‍ പഠിച്ചതും പ്രദര്‍ശിപ്പിക്കാനുള്ള ആത്മധൈര്യം നേടിയതും. യു ടി തിഥിന്‍ രാജ് ട്രസ്റ്റ,് വെള്ളിമാട്കുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ കഴിഞ്ഞ മെയ്മാസത്തില്‍ കിളിവാതില്‍ കളിയും കാര്യവും എന്ന പേരില്‍ നടത്തിയ പരിപാടിയാണ് കുട്ടികളെ വരയുടേയും വര്‍ണങ്ങളുടേയും ലോകത്തേക്ക് കൈപിടിച്ചു നടത്തിയത്.
ഈ പരിപാടിയില്‍ മികവ് പുലര്‍ത്തിയ കുട്ടികള്‍ക്ക് ചിത്രകാരനായ ഗുരുകുലം ബാബു ബ്രഷും വര്‍ണങ്ങളും, ഒപ്പം ആത്മദൈര്യവും പകര്‍ന്നു നല്‍കി.
ചില്‍ഡ്രന്‍സ് ഹോമില്‍ ഒഴിഞ്ഞു കിടക്കുന്ന ജീവിത ഇടവേളകളെ അവര്‍ മതിലിനു പുറത്തെ ലോകത്തേക്ക് തുറന്നുവിട്ടു. ആറുമാസം കൊണ്ട്, ആര്‍ട്ട് ഗാലറിയുടെ ചുമരിലും, അതുപോരാഞ്ഞ് നിലത്തും പ്രദര്‍ശിപ്പിക്കാനാവാശ്യമായ ചിത്രങ്ങള്‍ വരച്ചുതീര്‍ത്തു ഇവര്‍. യു ടി തിഥിന്‍ രാജ് ട്രസ്റ്റ് നല്‍കിയ ക്യാന്‍വാസിലും കടലാസിലും, കാര്‍ഡ് ബോര്‍ഡിലും, പ്ലൈവുഡിലും, പലക കഷ്ണങ്ങളിലും വരെ ചിത്രങ്ങള്‍ വിരിഞ്ഞു. ആ ചിത്രങ്ങളില്‍, അവര്‍ ഹൃദയത്തിലൊളിപ്പിച്ച പുറംലോകത്തെ കാഴ്ചകളും.
എല്ലാ മാസവും മൂന്നാം ശനിയാഴ്ച ഗുരുകുലം ബാബു ചില്‍ഡ്രന്‍സ് ഹോമില്‍ എത്തി കുട്ടികള്‍ക്ക് വരയുടെ ചരിത്രവും ചലനവും പഠിപ്പിച്ചുവരികയാണ്. ആദ്യമായാണ് ഇവര്‍ ആര്‍ട്ട് ഗാലറിയും അവിടത്തെ ചിത്രങ്ങളും കാണുന്നത്. സ്‌നേഹ എന്ന മുതിര്‍ന്ന കുട്ടിയാണ് ചിത്രംവര സംഘത്തിന്റെ ലീഡര്‍.
പ്രദര്‍ശനത്തിലെ ചിത്രങ്ങള്‍ വിറ്റുകിട്ടുന്ന പണം ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസികളുടെ സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ വിനിയോഗിക്കാനാണ് തിഥിന്‍ രാജിന്റെ പിതാവും ട്രസ്റ്റ് ചെയര്‍മാനുമായ അഡ്വ.യു ടി രാജന്റെ നേതൃത്വത്തിലുള്ളവരുടെ ശ്രമം. സമൂഹം നിശ്ചയിച്ച പരിമിതികളെ തോല്‍പ്പിക്കാന്‍ ചിത്രകലയെ ജീവിതത്തോട് ചേര്‍ത്തു നിര്‍ത്തുകയാണ് ചില്‍ഡ്രന്‍സ് ഹോമിലെ കുരുന്നുകള്‍.
Next Story

RELATED STORIES

Share it