ഏകശിലാ രാജ്യമാക്കാനുള്ള ശ്രമങ്ങളെ കരുതിയിരിക്കുക: എന്‍ എസ് മാധവന്‍

ദോഹ: ഇന്ത്യയെ ഏകശിലാരാജ്യമാക്കാനുള്ള ശ്രമങ്ങളാണ് ഫാഷിസ്റ്റ് സര്‍ക്കാര്‍ നടത്തിവരുന്നതെന്നും ഇതിനെതിരേ നാം കരുതിയിരിക്കണമെന്നും പ്രമുഖ കഥാകൃത്തും സാംസ്‌കാരിക വിമര്‍ശകനുമായ എന്‍ എസ് മാധവന്‍. ഖത്തറില്‍ തനത് സാംസ്‌കാരികവേദിയുടെ ഒന്നാംവാര്‍ഷികത്തോടനുബന്ധിച്ചു നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ റിപബ്ലിക്കും ഉപസമൂഹങ്ങളും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.1947ല്‍  വിഭജനത്തിലൂടെയാണ് രാജ്യമുണ്ടാവുന്നത്. ആദ്യത്തെ വിഭജനം മതമായിരുന്നെങ്കില്‍ രണ്ടാമത്തെ വിഭജനം ഭാഷയായിരുന്നു. ഉപവിഭാഗങ്ങളുടെ ഭാഷയും ഭക്ഷണവും വിശ്വാസങ്ങളും വൈവിധ്യങ്ങളും അംഗീകരിക്കാതിരുന്നാല്‍ വിഭജനങ്ങള്‍ ഇനിയുമുണ്ടാവും. എല്ലാം അടിച്ചേല്‍പിക്കാനാണു സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഓരോ സമൂഹത്തിന്റെയും ഉറങ്ങിക്കിടക്കുന്ന ആവിഷ്‌കാരം അടിച്ചമര്‍ത്തപ്പെടുമ്പോള്‍ പ്രതിഷേധങ്ങളും സമരങ്ങളുമുണ്ടാവും. ബഹുസ്വര സമൂഹത്തിന്റെ വൈവിധ്യങ്ങളെ ഇല്ലാതാക്കുന്നതിനെതിരേ നാം കരുതലോടെയിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തനത് സാംസ്‌കാരികവേദി പ്രസിഡന്റ് എ എം നജീബ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരി ഷീല ടോമി, എം ടി നിലമ്പൂര്‍, ഐഎംഎഫ് ജനറല്‍ സെക്രട്ടറി മുജീബുര്‍റഹ്്മാന്‍, ഹാരിസ് എടവന, പ്രമുഖ സംരംഭക ഡോ. ഷീലാ ഫിലപ്പോസ്, തനത് സാംസ്‌കാരികവേദി ജനറല്‍ സെക്രട്ടറി സി അബ്ദുല്‍ റഊഫ്, സെക്രട്ടറി നവാസ് പാടൂര്‍ സംസാരിച്ചു. ഗസല്‍ ഗായകന്‍ അബ്ദുല്‍ ഹലീമും സംഘവും അവതരിപ്പിച്ച മെഹ്ഫിലും അരങ്ങേറി.
Next Story

RELATED STORIES

Share it