എസ് ദുര്‍ഗ സിനിമാ പ്രവര്‍ത്തകര്‍ അവഹേളിച്ചുവെന്ന് സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയില്‍

കൊച്ചി: എസ് ദുര്‍ഗ സിനിമയുടെ പ്രവര്‍ത്തകര്‍ സെന്‍സര്‍ ബോര്‍ഡിനെ അവഹേളിച്ചു വെന്ന് സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയില്‍. ആദ്യം നല്‍കിയ പേരു മാറ്റി എസ് ദുര്‍ഗയാക്കാന്‍ അനുമതി നല്‍കിയ ശേഷവും ആദ്യ പേരു തന്നെ സിനിമയ്ക്ക് ആവര്‍ത്തിച്ചതായി തിരുവനന്തപുരത്തെ സെന്‍സര്‍ ബോര്‍ഡ് റീജ്യനല്‍ ഓഫിസര്‍ ഡോ. പ്രതിഭ സമര്‍പ്പിച്ച വിശദീകരണ പത്രികയില്‍ പറയുന്നു. എസ് ദുര്‍ഗയ്ക്ക് നല്‍കിയിരുന്ന പ്രദര്‍ശനാനുമതി റദ്ദാക്കിയത് ചോദ്യംചെയ്ത് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനും നിര്‍മാതാവ് ഷാജി മാത്യുവും സമര്‍പ്പിച്ച ഹരജിയിലാണ് വിശദീകരണം. സിനിമയുടെ പ്രമോഷനല്‍ പേജുകളില്‍ ഇപ്പോഴും എസ് ദുര്‍ഗ എന്നതിനു പകരം പഴയ പേര് എന്ന് തോന്നിപ്പിക്കുന്ന അക്ഷരങ്ങളോടെയാണ് സിനിമയുടെ പേര് രേഖപ്പെടുത്തുന്നതെന്ന് വിശദീകരണത്തില്‍ പറയുന്നു. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കി ഒരു മാസം കഴിഞ്ഞിട്ടും പരസ്യ പ്രചാരണങ്ങളിലും മാധ്യമ റിപോര്‍ട്ടുകളിലുമെല്ലാം ഇതേ രീതിയിലാണ് ഹരജിക്കാര്‍ സിനിമയ്ക്ക് പേര് നല്‍കുന്നത്. ഹരജിക്കാര്‍ക്ക് ശുദ്ധമായ ഉദ്ദേശ്യമല്ല ഉള്ളതെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിന്റെ ഉദ്ദേശ്യത്തെ മറികടക്കാനാണ് ഇത്തരം നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. സിനിമയ്ക്ക് അനുമതി നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം സെന്‍സര്‍ ബോര്‍ഡിനാണുള്ളതെന്നും അതിനാല്‍ കോടതി ഇടപെടല്‍ വേണ്ടെന്നും വിശദീകരണത്തില്‍ പറയുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിക്കുവേണ്ടി  പേര് മാറ്റി എസ് ദുര്‍ഗയെന്ന് ആക്കുകയും തുടര്‍ന്ന് ബോര്‍ഡ് പ്രദര്‍ശനാനുമതി  നല്‍കുകയും ചെയ്ത ശേഷം അനുമതി പിന്‍വലിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്.
Next Story

RELATED STORIES

Share it