Flash News

എസ്‌ഐ ദീപക് നടത്തിയത് ക്രൂരമര്‍ദനം

കൊച്ചി: പോലിസ് കസ്റ്റഡിയില്‍ തങ്ങള്‍ക്കും മരിച്ച ശ്രീജിത്തിനും കൊടിയ മര്‍ദനമാണ് ഏല്‍ക്കേണ്ടിവന്നതെന്നും ലോക്കപ്പ് ഇടിമുറിയാക്കി എസ്‌ഐ ദീപക് ക്രൂരമായ രീതിയിലാണ് തങ്ങളെ മര്‍ദിച്ചതെന്നും വരാപ്പുഴയില്‍ പോലിസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റു മരിച്ച ശ്രീജിത്തിനൊപ്പം  അറസ്റ്റിലായവര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ചോദ്യവും പറച്ചിലുമൊന്നുമില്ലാതെ ക്രൂരമായ മര്‍ദനമായിരുന്നു നടത്തിയത്. മുടിയില്‍ പിടിച്ചും ബെഞ്ചില്‍ കിടത്തിയും ഇടിച്ചപ്പോള്‍ വായില്‍ നിന്നും ചോര വന്നു. കാലില്‍ പിടിച്ചു വലിച്ച് സെല്ലിന്റെ പുറത്തേക്ക് കൊണ്ടുപോയി സെല്ലിന്റെ പുറത്തിട്ട് ഇടിച്ചു. നെഞ്ചിലും മര്‍ദിച്ചു. ഒമ്പതു  പേരെയും മാറി മാറി പല സമയങ്ങളിലായി  എസ്‌ഐ ദീപക്കാണ് മര്‍ദിച്ചതെന്നും ഇവര്‍ പറഞ്ഞു. പാതിരാത്രിയില്‍ ഉറക്കത്തില്‍ നിന്നും വിളിച്ചെഴുന്നേല്‍പ്പിച്ചിട്ട് ക്രൂരമായിട്ടാണ്  ദീപക്ക് മര്‍ദിച്ചത്. ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്ത സമയത്ത് ചവിട്ടു കിട്ടിയിരുന്നു. ലോക്കപ്പിന്റെ മൂലയില്‍ വയറു പൊത്തിപ്പിടിച്ച് ഇരിക്കുകയായിരുന്നു ശ്രീജിത്ത്. ആര്‍ടിഎഫുകാരുടെ മര്‍ദനമേറ്റപ്പോള്‍ തന്നെ ശ്രീജിത്ത് തളര്‍ന്നിരുന്നു. വയറുവേദനിക്കുന്നുവെന്ന് പറഞ്ഞു കിടന്നു കരഞ്ഞ ശ്രീജിത്തിനെ അസഭ്യവര്‍ഷം നടത്തിക്കൊണ്ട് എസ്‌ഐ ദീപക്ക്് തൊഴിച്ചു. ഈ തൊഴി ഏറ്റതിനു ശേഷമാണ് ശ്രീജിത്തിന് ഛര്‍ദിലു തുടങ്ങിയത്.
ശനിയാഴ്ച രാത്രിയില്‍ ശ്രീജിത്തിനെ പോലിസുകാര്‍ ആശുപത്രിയില്‍ കൊണ്ടുപോയി. അതിനുശേഷമാണ് ശ്രീജിത്തിന്റെ മുഖത്ത് മുറിപ്പാടുകളും മറ്റും ഉണ്ടായിരിക്കുന്നത്. ഈ സമയത്തും ശ്രീജിത്തിനു മര്‍ദനമേറ്റിട്ടുണ്ടെന്നാണ് ഇതിലുടെ വ്യക്തമാവുന്നത്. അതുവരെ ശ്രീജിത്തിന്റെ മുഖത്തൊന്നും പരിക്കില്ലായിരുന്നു. മര്‍ദനമേറ്റ് തളര്‍ന്ന ശ്രീജിത്തിന് ലോക്കപ്പില്‍ ഇരിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. കിടക്കുകയായിരുന്നു. ലോക്കപ്പിന്റെ അഴികളില്‍ എസ്‌ഐ തങ്ങളുടെ മുഖം പിടിച്ച് ഇടിക്കുകയും ഭിത്തിയില്‍ തല ഇടിപ്പിക്കുകയും ചെയ്തു. എസ്‌ഐ ദീപക്ക്   പോകുമ്പോഴും വരുമ്പോഴും മര്‍ദിക്കുകയായിരുന്നു. ചിലപ്പോള്‍ സെല്ലിനു പുറത്തിറക്കിയായിരിക്കും മര്‍ദിക്കുക. ഏറ്റവും കൂടുതല്‍ മര്‍ദനം ശ്രീജിത്തിനാണ് കിട്ടിയത്.
മൂന്നു തവണയായിട്ടാണ് ശ്രീജിത്തിന് മര്‍ദനം ഏല്‍ക്കേണ്ടിവന്നത്. ആര്‍ടിഎഫുകാര്‍ പിടിച്ചപ്പോള്‍, സ്‌റ്റേഷനില്‍വച്ച് എസ്‌ഐ ദീപക്കിന്റെ വക, പിന്നെ ആശുപത്രിയില്‍ കൊണ്ടുപോയ പോലിസുകാരും ശ്രീജിത്തിനെ മര്‍ദിച്ചിട്ടുണ്ട്. തങ്ങളെയും ഇതുപോലെ തന്നെ മര്‍ദിച്ചു. ശനിയാഴ്ച രാവിലെ മര്‍ദനം കഴിഞ്ഞതിനു ശേഷം എസ്‌ഐ പറഞ്ഞു. ഒറ്റയാള്‍ പോലും ഇരിക്കുകയും  കിടക്കുകയും ചെയ്യരുതെന്ന് എല്ലാവരും എഴുന്നേറ്റ് നില്‍ക്കാന്‍ പറഞ്ഞു. കേസിനെപ്പറ്റിയൊന്നും തങ്ങളോട് ഒന്നും ചോദിച്ചില്ല. എന്തു കേസാണെന്നു പോലും തങ്ങള്‍ക്കറിയില്ലായിരുന്നു. ഒരു കാര്യമുണ്ട് ചോദിച്ചിട്ട് വിട്ടേക്കാമെന്ന് പറഞ്ഞ് കൊണ്ടുപോയതാണെന്നും ഇവര്‍ പറഞ്ഞു. ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ അറസ്റ്റിലായ പോലിസുകാര്‍ മാത്രമല്ല വേറെ പോലിസുകാരും ശ്രീജിത്തിനെ മര്‍ദിച്ചിട്ടുണ്ട്. അതാരാണെന്നു കണ്ടെത്തണം. ഇക്കാര്യം തങ്ങള്‍ അന്വേഷണ സംഘത്തിനോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍, അത് അവര്‍ കാര്യമായി എടുത്തിട്ടില്ല. ആശുപത്രിയില്‍  ശ്രീജിത്തിന്റെ മുഖത്ത് ഓക്‌സിജന്റെ മാസ്‌ക്  വച്ചപ്പോള്‍ മൂക്കു ചളുങ്ങിയതായിരിക്കുമെന്നാണ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ തങ്ങളോട് പറഞ്ഞത്.
പ്രതികളുടെ എണ്ണം നാലു പേരില്‍ ഒതുക്കി നിര്‍ത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്നാണ് തങ്ങള്‍ക്ക് തോന്നുന്നതെന്നും ഇവര്‍ പറഞ്ഞു. തങ്ങളെ കള്ളക്കേസില്‍ കുടുക്കുകയാണ് സിഐ ചെയ്തിരിക്കുന്നത്. വാസുദേവന്റെ വീടാക്രമണത്തില്‍ തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും ഇവര്‍ പറഞ്ഞു. സിപിഎം നേതാക്കള്‍ നിര്‍ബന്ധിച്ചാണ് പരമേശ്വരനെക്കൊണ്ട് മൊഴിമാറ്റിച്ചിരിക്കുന്നത്. അത് അദ്ദേഹത്തിന്റെ മകന്‍ ശരത് തങ്ങളോടു പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷിച്ചതുകൊണ്ടാണ് തങ്ങള്‍ക്ക് വാസുദേവന്റെ വീടാക്രമണത്തില്‍ ബന്ധമില്ലെന്ന് കണ്ടെത്തിയത്. പോലിസായിരുന്നുവെങ്കില്‍ തങ്ങള്‍ ഇപ്പോഴും ജയിലില്‍ തന്നെ കിടക്കുമായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.
വീടാക്രമണ കേസില്‍ അറസ്റ്റിലായ ദേവസ്വംപാടം സ്വദേശികളായ തുണ്ടിപറമ്പില്‍ വിനു വിജയന്‍(28), സൂര്യന്‍പറമ്പില്‍ വിനു ഗോപി(25), അപ്പിച്ചിന്‍ മല്ലംപറമ്പില്‍ ശരത് ശശി(22), ചെട്ടിഭാഗം ഭഗവതിപറമ്പില്‍ ശ്രീക്കുട്ടന്‍ വിജയന്‍(31), ദേവസ്വംപാടം തൈക്കാട്ട്പറമ്പില്‍ സുധി ചന്ദ്രന്‍(26), മുളക്കാരന്‍പറമ്പില്‍ വിനു ശ്രീനിവാസന്‍(28), ഷേനായ് പറമ്പില്‍ സജിത്ത് രാമകൃഷ്ണന്‍(25),  ഗോപന്‍ ഗോവിന്ദന്‍ ഗോപി(34), ചുള്ളിക്കാട്ട്പറമ്പില്‍ നിതന്‍ ശശി(25) എന്നിവര്‍ക്കാണു ജാമ്യം ലഭിച്ചത്.
അതേ€സമയം,  ശ്രീജിത്തിന്റെ കുടുംബത്തെ സഹായിക്കാന്‍ യുഡിഎഫ് പ്രത്യേക സമിതിക്ക് രൂപം നല്‍കിയതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. പ്രഫ. കെ വി തോമസ് എംപി ചെയര്‍മാനും വി ഡി സതീശന്‍ എംഎല്‍എ കണ്‍വീനറായുമാണ് സമിതി രൂപീകരിച്ചത്. രണ്ടാഴ്ചയ്ക്കകം ശ്രീജിത്തിന്റെ കുടുംബത്തിന് സഹായധനം നല്‍കുമെന്നും ചെന്നിത്തല അറിയിച്ചു.
Next Story

RELATED STORIES

Share it