Flash News

എസ്പിയും ബിഎസ്പിയും വേദി പങ്കിടും; പട്‌ന റാലി ആഗസ്റ്റ് 27ന്‌



ലഖ്‌നോ: സംസ്ഥാനത്ത് ശക്തമായിക്കൊണ്ടിരിക്കുന്ന സംഘപരിവാര ശക്തികള്‍ക്കെതിരേ പുതിയ വിശാല സഖ്യം രൂപപ്പെടുന്നു. അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ് വാദി പാര്‍ട്ടി, മായാവതിയുടെ നേതൃത്വത്തിലുള്ള ബഹുജന്‍ സമാജ് വാദി പാര്‍ട്ടി, രാഷ്ട്രിയ ജനതാദള്‍ തുടങ്ങിയ എല്ലാ പാര്‍ട്ടികളും ഒരേ പ്ലാറ്റ്‌ഫോമില്‍ ഒരുമിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി ആഗസ്ത് 27ന് ലാലുപ്രസാദ് യാദവിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ ജനതാദള്‍ പട്‌നയില്‍ നടത്തുന്ന റാലിയില്‍  അഖിലേഷ് യാദവും മായാവതിയും പങ്കെടുക്കും. എസ്പി സ്ഥാപക നേതാവ് മുലായം സിങ് യാദവിനെയും പരിപാടിയില്‍ പങ്കെടുപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് അശോക് സിങ് പറഞ്ഞു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിലും വേര്‍തിരിഞ്ഞ് മല്‍സരിച്ചതിനാല്‍ ദലിത്, പിന്നാക്ക വിഭാഗ വോട്ടുകള്‍ ഭിന്നിക്കുകയും ഇത് ബിജെപിക്ക് വന്‍ വിജയം നേടിക്കൊടുക്കുകയും ചെയ്തിരുന്നു. സംഘപരിവാര ശക്തികള്‍ പശുവിന്റേയും മറ്റും പേരില്‍ നടത്തുന്ന അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന നിലവിലെ സാഹചര്യത്തില്‍, ആര്‍ജെഡി നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങള്‍ വിജയം കാണുമെന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. എസ്പി, ബിഎസ്പി എന്നിവരെക്കൂടാതെ മമത ബാനര്‍ജി( തൃണമൂല്‍ കോണ്‍ഗ്രസ്), നവീന്‍ പട്‌നായിക്( ബിജു ജനതാദള്‍), ശരത് പവാര്‍( എന്‍സിപി) തുടങ്ങി 16ഓളം രാഷ്ടീയ പാര്‍ട്ടി നേതാക്കളെയും റാലിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഡിഎംകെ നേതാവ് എം കെ സ്റ്റാലിനും പരിപാടിക്കെത്തുമെന്നും റാലിയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി വ്യക്തമാക്കിയിട്ടുണ്ടെന്നും അശോക് സിങ് പറഞ്ഞു. ബിഹാറില്‍ പരീക്ഷിച്ചത് പോലെ ബിജെപി ഇതര കക്ഷികളെയെല്ലാം ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരും. പരീക്ഷണം വിജയത്തിലെത്തുമെന്ന്  പ്രതീക്ഷയെന്നും സിങ് പറഞ്ഞു.
Next Story

RELATED STORIES

Share it