Kottayam Local

എസ്എസ്എല്‍സി: ജില്ലയില്‍ 97.86 ശതമാനം വിജയം

കോട്ടയം: ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ഇത്തവണ വിജയശതമാനം 97.86. സംസ്ഥാന തലത്തില്‍ ജില്ലയ്ക്കു നാലാം സ്ഥാനമുണ്ട്. ജില്ലയില്‍ പരീക്ഷയെഴുതിയ 22524 പേരില്‍ 22041 പേര്‍ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി.
പരീക്ഷയെഴുതിയ 11198 ആ ണ്‍കുട്ടികളില്‍ 10859 പേരും 11326 പെണ്‍കുട്ടികളില്‍ 11182 പേരും ഉയര്‍ന്ന വിദ്യാഭ്യാസത്തിനു യോഗ്യത നേടി. ജില്ലയിലെ രണ്ട് അന്ധ വിദ്യാലയം ഉള്‍പ്പെടെ 132 സ്‌കൂളുകള്‍ നൂറുശതമാനം വിജയം നേടി. 30 സര്‍ക്കാര്‍ സ്‌കൂളുകളും 83 എയ്ഡഡ് സ്‌കൂളുകളും 17 അണ്‍ എയ്ഡഡ് സ്‌കൂളുകളും നൂറുമേനി വിജയം കൈവരിച്ചു.
വിദ്യാഭ്യാസ ജില്ലാ തലത്തില്‍ പാലാ വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനം. 99.32 ശതമാനം വിജയമാണ് പാലാ വിദ്യാഭ്യാസ ജില്ലയില്‍. കടുത്തുരുത്തി വിദ്യാഭ്യാസ ജില്ല-98.42, കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല-97.49, കോട്ടയം വിദ്യാഭ്യാസ ജില്ല-97.28 എന്നിങ്ങനെയാണ് മറ്റു വിദ്യാഭ്യാസ ജില്ലയിലെ വിജയശതമാനം. ഇത്തവണ 934 വിദ്യാര്‍ഥികള്‍ക്കു മുഴുവന്‍ വിഷയത്തിലും എ പ്ലസ് ഗ്രേഡ് ലഭിച്ചു.
267 ആണ്‍കുട്ടികള്‍ക്കും 667 പെണ്‍കുട്ടികള്‍ക്കുമാണ് മുഴുവന്‍ എ പ്ലസ് ലഭിച്ചത്. സര്‍ക്കാര്‍ സ്‌കുളില്‍ നിന്ന് 30 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചപ്പോല്‍ എയഡഡ് സ്‌കുളുകളില്‍ നിന്ന് 797 വിദ്യാര്‍ഥികള്‍ക്കും അണ്‍ എയ്ഡഡ് സ്‌കുളുകളില്‍ നിന്ന് 107 വിദ്യാര്‍ഥികള്‍ക്കുമാണ് മുഴുവന്‍ എ പ്ലസ് ലഭിച്ചത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ കോട്ടയം എംഡി എച്ച്എസ്എസില്‍ 96.98 ശതമാനമാണ് വിജയം. ഇവിടെ പരീക്ഷ എഴുതിയ 397 വിദ്യാര്‍ഥികളില്‍ 385 പേര്‍ ഉന്നത പഠനത്തിനു യോഗ്യത നേടി.
ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ സര്‍ക്കാര്‍ സ്‌കുളായ എജെജെഎം ജിജി എച്ച്എസ്എസ് തലയോലപ്പറമ്പില്‍ 98.48 ആണ് വിജയം. ഇവിടെ 132 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 130 പേരാണ് ഉന്നതപഠനത്തിനു യോഗ്യത നേടിയത്.
Next Story

RELATED STORIES

Share it