kozhikode local

എളമരം കരീമിനെതിരേ വിമര്‍ശനം; തിരുവമ്പാടിയില്‍ ജോര്‍ജ് എം തോമസ്

കോഴിക്കോട്: സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഇന്നലെ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ എളമരം കരീമിനെതിരേ ചക്കിട്ടപ്പാറ ഖനനം മുന്‍നിര്‍ത്തി രൂക്ഷ വിമര്‍ശനം.
ജില്ലാ കമ്മിറ്റി സമര്‍പ്പിച്ച സാധ്യതാ ലിസ്റ്റില്‍ നിന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് കരീമിന്റെ പേര് വെട്ടിയതിനെ തുടര്‍ന്നുണ്ടായ ചര്‍ച്ചയിലാണ് ഒരു വിഭാഗം കരീമിനെതിരേ ഖനനവുമായി ബന്ധപ്പെട്ട ആരോപണം ഉന്നയിച്ചത്. മൂന്ന് തവണ മല്‍സരിച്ച കരീം ഇത്തവണ മാറി നില്‍ക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. ഇതിനെ പിന്‍പറ്റിയാണ് ഖനന വിഷയവുമായി ഒരു വിഭാഗം കരീമിനെതിരെ നിലപാടെടുത്തത്. കരീം സ്ഥാനാര്‍ഥിയായാല്‍ മറുപക്ഷം ഖനനവിഷയം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും, അത് ഇടതുപക്ഷത്തെ പ്രതിരോധത്തിലാഴ്ത്തുമെന്നും അഭിപ്രായം ഉയര്‍ന്നു.
ഒടുവില്‍, കഴിഞ്ഞ തവണ കൊടുവള്ളിയില്‍ മല്‍സരിച്ചു തോറ്റ സംസ്ഥാന സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് എം മെഹബൂഹിനെ ബേപ്പൂരില്‍ മല്‍സരിപ്പാന്‍ തീരുമാനമായി. പാര്‍ട്ടി കഴിഞ്ഞ തവണ മല്‍സരിച്ച കോഴിക്കോട് സൗത്ത് ഇത്തവണ ഐഎന്‍എല്ലിന് നല്‍കാനും യോഗത്തില്‍ തീരുമാനമായി. എന്നാല്‍, ഒരുമിച്ചു മല്‍സരിച്ച് ജയിച്ച ഐഎന്‍ എല്‍. പ്രതിനിധി മുന്നണി മാറുന്ന അനുഭവം ആവര്‍ത്തിക്കരുതെന്ന് ഉറപ്പു വരുത്തണമെന്ന് ഇതു സംബന്ധിച്ച ചര്‍ച്ചയില്‍ അഭിപ്രായം ഉയര്‍ന്നു. കോഴിക്കോട് നോര്‍ത്തില്‍ എ പ്രദീപ്കുമാറും കുന്നമംഗലത്ത് സ്വതന്ത്രന്‍ പി ടി എ റഹിമും ബാലുശേരിയില്‍ പുരുഷന്‍ കടലുണ്ടിയും കൊയിലാണ്ടിയില്‍ കെ ദാസനും പേരാമ്പ്രയില്‍ ടി പി രാമകൃഷ്ണനും കുറ്റിയാടിയില്‍ കെ കെ ലതികയുമായിരിക്കും സ്ഥാനാര്‍ഥികള്‍. തിരുവമ്പാടിയില്‍ ജോര്‍ജ് എം തോമസായിരിക്കും പാര്‍ട്ടി സ്ഥാനാര്‍ത്ഥി. തിരുവമ്പാടിയില്‍ ക്രൈസ്തവ സഭയെ പ്രീണിപ്പിക്കാനുള്ള നീക്കം പാളിയതിനെ തുടര്‍ന്നാണ് മുന്‍ എംഎല്‍എയായ ജോര്‍ജ്ജ് എം തോമസ് തന്നെ മത്സരിക്കുന്നത്. മേയര്‍ വി കെ സി മമ്മദ്‌കോയ, പി എ മുഹമ്മദ് റിയാസ്, കാനത്തില്‍ ജമീല, സി പി മുസാഫര്‍ അഹമ്മദ് എന്നിവരെ പുറംതള്ളിയാണ് മെഹബൂബ് സീറ്റ് ഉറപ്പിച്ചതെന്നത് ജില്ലയില്‍ സി.പി.എമ്മിനകത്തെ വിഭാഗീയത രൂക്ഷമാക്കും. കരീമിന് സീറ്റ് നിഷേധിച്ച നടപടിയില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് കടുത്ത അമര്‍ഷമുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ഉറച്ച നിലപാടിനുമുന്നില്‍ മറ്റ് പ്രതികരണങ്ങള്‍ സാധ്യമല്ല എന്നതിനാലാണ് ഈ പ്രതിഷേധം പ്രത്യക്ഷത്തില്‍ ഉയര്‍ന്നു വരാതിരിക്കുന്നത്. പേരാമ്പ്ര സീറ്റിലേക്ക് പരിഗണിച്ച മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്ററെ അവസാന വട്ടത്തിലാണ് വെട്ടിമാറ്റിയത്. കൊടുവള്ളിയില്‍ ലീഗില്‍ നിന്ന് പുറത്താക്കിയ കാരാട്ട് റസാഖിനെ പിന്തുണയ്ക്കാനാണ് തീരുമാനം.
Next Story

RELATED STORIES

Share it