thrissur local

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പൊതുമേഖലാസ്ഥാപനങ്ങളുടെ നഷ്ടം 4459 കോടി: ചെന്നിത്തല

തൃശൂര്‍: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പൊതുമേഖലാസ്ഥാപനങ്ങളുടെ നഷ്ടം 4459 കോടി രൂപയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഐഎന്‍ടിയുസി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം വിദ്യാര്‍ഥി കോര്‍ണറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം 1891 കോടി രൂപയുടെ നഷ്ടമാണ് പൊതുമേഖലയിലുണ്ടായത്. ഈ നഷ്ടം മറച്ചുവെച്ചാണ് ചവറയിലും തിരുവനന്തപുരത്തുമുള്ള പൊതുമേഖലാസ്ഥാപനമായ ടൈറ്റാനിയത്തില്‍ നിന്നും 48 കോടി രൂപയുടെ ലാഭമുണ്ടായെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത്. അന്തര്‍ദ്ദേശീയതലത്തിലുള്ള മാറ്റങ്ങളാണ് ഈ ലാഭത്തിന് പിന്നിലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. കാര്‍ഷിക പരമ്പരാഗത വ്യവസായ മേഖലകളില്‍ സമ്പൂര്‍ണ്ണപരാജയമാണ് സംസ്ഥാന സര്‍ക്കാര്‍. തൊഴിലാളികളുടെ വോട്ട് നേടി അധികാരത്തിലെത്തിയവര്‍ തൊഴിലാളി വിരുദ്ധ നയങ്ങളാണ് പിന്തുടരുന്നത്. തൊഴിലാളികള്‍ക്ക് 600 രൂപ മിനിമം കൂലി നല്‍കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ എവിടെയെങ്കിലും പ്രഖ്യാപനം നടപ്പിലാക്കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. ഓട്, കശുവണ്ടി, കയര്‍ ഉള്‍പ്പെടെയുള്ള പരമ്പരാഗത വ്യവസായങ്ങളെല്ലാം തകര്‍ച്ചയുടെ വക്കിലാണ്. ഉത്പാദിപ്പിച്ച കയര്‍ വാങ്ങാന്‍ ആളില്ലാതെ കയര്‍മേഖല തകരുകയാണ്. കശുവണ്ടി ഫാക്ടറികള്‍ അടച്ചിട്ടിരിക്കുകയാണ്. കോള്‍ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന നെല്ല് ഏറ്റെടുക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാവുന്നില്ല. നിര്‍മ്മാണമേഖലയും പൂര്‍ണ്ണമായും സ്തംഭിച്ചു. ഇക്കാര്യങ്ങള്‍ പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ സര്‍ക്കാര്‍ നിശബ്ദത പാലിക്കുകയാണ്. കാര്‍ഷികമേഖലയുടെ പുനരുദ്ധാരണത്തിന് ചെറുവിരല്‍ അനക്കാന്‍ പോലും സര്‍ക്കാര്‍ മടികാണിക്കുകയാണ്. തൊഴിലാളി വിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ മല്‍സരിക്കുകയാണ്. ഏറ്റവും വലിയ ഏകാധിപതി ആരെന്ന മത്സരമാണ് ഇരുവരും തമ്മില്‍ നടക്കുന്നത്. പൊതുമേഖലാസ്ഥാപനങ്ങളും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങലും വിറ്റഴിക്കുന്നതിനാണ് നരേന്ദ്രമോദി സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. അദാനിക്കും അംബാനിക്കും വിടുപണി ചെയ്യുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളി അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it