എല്‍ഡിഎഫും യുഡിഎഫും കേരളത്തിന്റെ വികസനം മുരടിപ്പിച്ചു: നരേന്ദ്ര മോദി

തൃശൂര്‍: കേരളത്തില്‍ അഞ്ചു വര്‍ഷം വീതം മാറി മാറി ഭരിച്ച എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തെ വികസനം മുരടിപ്പിക്കുകയും ധനസമ്പത്ത് കൊള്ളയടിക്കുകയും ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തേക്കിന്‍കാട് മൈതാനിയില്‍ ബിജെപി പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍ സംസ്ഥാനത്തെ ജനങ്ങള്‍ ബിജെപിയെ അംഗീകരിച്ചിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പു ഫലം അതാണ് കാണിക്കുന്നത്. സംസ്ഥാനത്തെ ജനങ്ങള്‍ ഈ മാറ്റം ഉള്‍ക്കൊണ്ട് കഴിഞ്ഞു. അതിന്റെ പ്രതിഫലനങ്ങള്‍ വരാന്‍ പോവുന്ന തിരഞ്ഞെടുപ്പുകളില്‍ കാണാം. പതിറ്റാണ്ടുകളായി കേരളത്തില്‍ ഇരുമുന്നണികളും മാറി മാറി ഭരണം നടത്തുകയാണ്. ഈ രണ്ടു മുന്നണികളും നാടു മുടിച്ചാണ് ഭരണം നടത്തിയിരുന്നത്. ഭരണ വിരുദ്ധ വികാരത്തിന്റെ ഫലമായി ഒരു മുന്നണിയെ മടുക്കുമ്പോള്‍ ജനം ഗത്യന്തരമില്ലാതെ മറ്റേ മുന്നണിയെ അധികാരത്തിലേറ്റും. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് മൂന്നാം രാഷ്ട്രീയ ബദല്‍ ബിജെപിയുടെ നേതൃത്വത്തില്‍ ഉദയം ചെയ്തിരിക്കുന്നു. ഈ മുന്നണി പരമശിവന്റെ തൃക്കണ്ണുപോലെ അഴിമതിയില്ലാതാക്കും. സാമൂഹിക നവോത്ഥാന രംഗത്ത് ശ്രീ നാരായണ ഗുരുവിനെ പോലുള്ളവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി ഇവിടെ ജാതി സമ്പ്രദായം ഇല്ലാതായിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയ രംഗത്ത് തൊട്ടുകൂടായ്മ നിലനിറുത്താന്‍ എതിരാളികളെ കൊന്നൊടുക്കുന്ന ശക്തികള്‍ സജീവമാണെന്നും മോദി പറഞ്ഞു.റബര്‍ ഇറക്കുമതിക്ക് ചുങ്കം വര്‍ധിപ്പിക്കുമെന്നും റബര്‍ കര്‍ഷകര്‍ക്ക് അര്‍ഹമായ വില ലഭിക്കുന്നതിനു വേണ്ടി നീക്കങ്ങള്‍ നടത്തുമെന്നും മോദി പറഞ്ഞു. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റബറിന് അര്‍ഹമായ വില കര്‍ഷകര്‍ക്ക് ലഭ്യമാക്കുക. ആഗോള വിപണിയിലെ പ്രതിസന്ധി കാരണം റബറിന് വിലയിടിഞ്ഞത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി റബര്‍ വ്യവസായങ്ങള്‍ വര്‍ധിപ്പിക്കുകയും റബറിന്റെ ആഭ്യന്തര വിപണി വികസിപ്പിച്ച് കര്‍ഷകരുടെ താല്‍പര്യം സംരക്ഷിക്കുകയും ചെയ്യും. ഇതിനായി അടിയന്തര നടപടികള്‍ സ്വീകരിക്കും. സാധാരണക്കാര്‍ക്ക് വിദ്യഭ്യാസ വായ്പകള്‍ ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ സെക്രട്ടറി എച്ച് രാജ, ശോഭാ സുരേന്ദ്രന്‍, പി കെ കൃഷ്ണദാസ്, ഒ രാജഗോപാല്‍, എ എന്‍ രാധാകൃഷ്ണന്‍, എം ടി രമേഷ് സംസാരിച്ചു.
Next Story

RELATED STORIES

Share it