thrissur local

എല്‍ഇഡി തെരുവുവിളക്കുകള്‍: പദ്ധതി മെയ് 2 മുതല്‍

തൃശൂര്‍: അടാട്ട്, കോലഴി ഗ്രാമപഞ്ചായത്തുകളും തൃശൂര്‍ മെഡിക്കല്‍ കോളജിലെയും തെരുവ് വിളക്കുകള്‍ പൂര്‍ണ്ണമായും എല്‍ഇഡിയാക്കി മാറ്റുന്ന പദ്ധതി മെയ് 2 മുതല്‍ ആരംഭിക്കും. സംസ്ഥാനത്ത് ആദ്യമായാണ് രണ്ട് ഗ്രാമപഞ്ചായത്തുകളില്‍ പൂര്‍ണ്ണമായും എല്‍ഇഡി തെരുവ് വിളക്കുകള്‍ ആക്കി മാറ്റുന്ന പദ്ധതി നടപ്പിലാക്കുന്നത്. വടക്കാഞ്ചേരി എംഎല്‍എയുടെ ആസ്തി വികസന ഫണ്ടാണ് ഇതിന് ഉപയോഗിക്കുന്നത്.
വടക്കാഞ്ചേരി നഗരസഭ, തെക്കുംകര, മുളങ്കുന്നത്തുകാവ്, അവണൂര്‍, കൈപ്പറമ്പ്, തോളൂര്‍ പഞ്ചായത്തുകളില്‍ പദ്ധതി നടപ്പിലാക്കുന്നതിന് 5 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെങ്കിലും വടക്കാഞ്ചേരി നഗരസഭയും മറ്റ് പഞ്ചായത്തുകളും കരാര്‍ ഉടമ്പടിയില്‍ ഒപ്പ് വയ്ക്കാതിരുന്നതിനെ തുടര്‍ന്ന് ഇവിടങ്ങളിലേയ്ക്കായി മാറ്റിവച്ച 3.5 കോടി രൂപ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പുതിയ റേഡിയേഷന്‍ മെഷീന്‍ സ്ഥാപിക്കുന്നതിനായി നല്‍കിയതായി അനില്‍ അക്കര എംഎല്‍എ അറിയിച്ചു. നിലവില്‍ അടാട്ട് ഗ്രാമപഞ്ചായത്തില്‍ 2100 തെരുവ് വിളക്കുകളും കോലഴി ഗ്രാമപഞ്ചായത്തില്‍ 2900 തെരുവ് വിളക്കുകളുമാണുള്ളത്. രണ്ട് ട്യൂബുള്ള തെരുവ് വിളക്കുകളില്‍ നിലവില്‍ 80 വാട്ടിന്റെ വൈദ്യുതിയുടെ ഉപയോഗമാണ് വരുന്നത്.
അതേസമയം ഈ വിളക്കുകളില്‍ നിന്ന് 30 വാട്ട് വൈദ്യുതിയുടെ പ്രകാശമാണ് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏകദേശം 50 വാട്ടോളം വൈദ്യുതിയുടെ പ്രസരണ നഷ്ടം ഉണ്ടാകുന്നു. രണ്ട് ട്യൂബുള്ള തെരുവ് വിളക്കുകളുടെ സ്ഥാനത്ത് 35 വാട്ടിന്റെ എല്‍ഇഡി ട്യൂബ് ലൈറ്റാണ് ഉപയോഗിക്കുന്നത്. ഈ വിളക്കിന് പ്രസരണ നഷ്ടം 0% ആണ്. അതുകൊണ്ട് തന്നെ നേരത്തേ 80 വാട്ടിന്റെ വിളക്കുകളില്‍ നിന്ന് ലഭിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ വെളിച്ചം ഈ വിളക്കുകളില്‍ നിന്ന് ലഭിക്കും. പഞ്ചായത്തുകള്‍ നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വിളക്കുകള്‍ക്ക് വാറണ്ടി ഇല്ലാത്തതാണ്. ഇപ്പോള്‍ സ്ഥാപിക്കുന്ന എല്‍ഇഡി വിളക്കുകള്‍ക്ക് 5 വര്‍ഷത്തെ വാറണ്ടി നല്‍കുന്നുണ്ട്.
അടാട്ട് ഗ്രാമപഞ്ചായത്ത് പ്രതിവര്‍ഷം 15 ലക്ഷത്തോളം രൂപയും കോലഴി ഗ്രാമപഞ്ചായത്ത് 18 ലക്ഷത്തോളം രൂപയും വൈദ്യുതി ചാര്‍ജ്ജ് ഇനത്തിലും  തെരുവ് വിളക്കുകളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിന് ഇത്രതന്നെ രൂപയും ചിലവ് വരുന്നുണ്ട്. എല്‍ഇഡി വിളക്കുകള്‍ സ്ഥാപിക്കുന്നതോടെ അടാട്ട് ഗ്രാമപഞ്ചായത്തിന് പ്രതിവര്‍ഷം 7 ലക്ഷത്തോളം രൂപയും കോലഴി ഗ്രാമപഞ്ചായത്തിന് 8 ലക്ഷത്തോളം രൂപയുമാണ് വൈദ്യുതി ചാര്‍ജ്ജ് ഇനത്തില്‍ ഇനി ചെലവഴിക്കേണ്ടി വരിക. കേടുപാടുകള്‍ തീര്‍ക്കേണ്ട ചിലവിനത്തില്‍ വിളക്കുകള്‍ അഴിച്ചുമാറ്റി സ്ഥാപിക്കുന്ന നാമമാത്ര ചിലവ് മാത്രമേ വരികയുള്ളൂ.
പദ്ധതി നടപ്പിലാകുന്നതോടെ പ്രതിവര്‍ഷം അടാട്ട്, കോലഴി ഗ്രാമപഞ്ചായത്തുകള്‍ക്ക് 20 ലക്ഷം രൂപയുടെ സാമ്പത്തിക നേട്ടത്തിനു പുറമേ തെരുവ് വിളക്കുകള്‍ പ്രകാശിക്കാതെ വരുന്നതുമൂലമുള്ള വലിയ പരാതി ഒഴിവാക്കാന്‍ സാധിക്കും. പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി അടാട്ട്, കോലഴി, മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ എംഎല്‍എ, കെഎസ്ഇബി എക്‌സി. എഞ്ചിനീയര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡ!ന്റ്, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ എന്നിവരടങ്ങിയ മോണിറ്ററിംഗ് കമ്മിറ്റി അതത് സ്ഥാപനങ്ങളില്‍ നിലവില്‍ വരുന്നതാണ്.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായി ഇഇഎസ്എല്‍ ആണ് പദ്ധതിക്ക് ആവശ്യമായ എല്‍ഇഡി ക്രോംപ്ടണ്‍ ഗ്രീവ്‌സ് കമ്പനിയുടെ തെരുവ് വിളക്കുകള്‍ നല്‍കുന്നത്. രാജ്യത്തും സംസ്ഥാനത്തും തെരുവ് വിളക്കുകളും വിളക്കുകളും പൂര്‍ണ്ണമായും ഫിലമന്റ് രഹിത വിളക്കുകളാക്കി മാറ്റുന്ന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് വടക്കാഞ്ചേരി മണ്ഡലത്തില്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയില്‍ പങ്കാളിയാകാതിരുന്ന വടക്കാഞ്ചേരി നഗരസഭ, തെക്കുംകര, മുളങ്കുന്നത്തുകാവ്, അവണൂര്‍, കൈപ്പറമ്പ്, തോളൂര്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് സ്വന്തം ഫണ്ടില്‍ നിന്നും ആകെ 5 കോടിയോളം രൂപ തനത് ഫണ്ടില്‍ നിന്ന് കണ്ടെത്തേണ്ടതായി വരും. വടക്കാഞ്ചേരി മണ്ഡലം 10 വര്‍ഷത്തിനകം ഊര്‍ജ്ജ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി മണ്ഡലത്തിലെ സര്‍ക്കാര്‍ ഓഫീസുകളും തൃശ്ശൂര്‍ മെഡിക്കല്‍ കോളജും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ സൗരോര്‍ജ്ജ പദ്ധതി നടപ്പിലാക്കി വരികയാണ്. ഇതിന്റെ ഭാഗമായി കുട്ടികളില്‍ ഊര്‍ജ്ജ സംരക്ഷണ ബോധം വളര്‍ത്തുന്നതിനായി മണ്ഡലത്തിലെ മുഴുവന്‍ അങ്കണവാടികളിലും അനര്‍ട്ടിന്റെ സഹായത്തോടെ സൗരോര്‍ജ്ജ പദ്ധതി നടപ്പിലാക്കുന്നതിന് 1 കോടി രൂപ അനുവദിച്ചതായി അനില്‍ അക്കര എംഎല്‍എ അറിയിച്ചു.
Next Story

RELATED STORIES

Share it