Flash News

എല്ലാ സ്‌കൂളുകളിലും മലയാളം നിര്‍ബന്ധം; ബില്ല് പാസാക്കി



തിരുവനന്തപുരം: കേരളത്തിലെ എല്ലാ സ്‌കൂളുകളിലും മലയാളം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള മലയാള ഭാഷ (നിര്‍ബന്ധിത ഭാഷ) ബില്ല് നിയമസഭ പാസാക്കി. ശീര്‍ഷകത്തില്‍ 'നി ര്‍ബന്ധിത'’എന്ന വാക്ക് ഒഴിവാക്കി 'മലയാള ഭാഷാപഠന നിയമം'’എന്നാണ് പേര്. എന്നാല്‍, മലയാള ഭാഷ നിര്‍ബന്ധിതമായി പഠിപ്പിക്കുന്നതിനു പീഠികയില്‍ വ്യവസ്ഥ ചെയ്തു. നിയമം അനുസരിച്ച് ഇനി ഒന്നാം ക്ലാസില്‍ ചേരുന്ന കുട്ടി മലയാളം അറിയാതെ എസ്എസ്എല്‍സി പാസാവില്ല. 1 മുതല്‍ 10 വരെ ക്ലാസുകളില്‍ മലയാളം നിര്‍ബന്ധമാവും. ഒന്നാം ക്ലാസ് മുതല്‍ ക്രമാനുഗതമായി മലയാളം പഠിപ്പിക്കും. ഭാഷാന്യൂനപക്ഷ സ്‌കൂളുകളില്‍ നിലവില്‍ മൂന്നു ഭാഷകള്‍ പഠിപ്പിക്കുന്നുണ്ട്. അതോടൊപ്പം മലയാളം കൂടി പഠിപ്പിക്കണം. അവര്‍ക്കു വേണ്ടി സാധാരണ മലയാളം പാഠപുസ്തകത്തിനു പകരം എസ്ഇആര്‍ടിയുടെ നേതൃത്വത്തില്‍ പ്രത്യേക പാഠപുസ്തകം തയ്യാറാക്കും. ഓറിയന്റല്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസ് മുതല്‍ മലയാളം പഠിപ്പിക്കണം. മലയാളം പഠിപ്പിക്കാന്‍ അധ്യാപകരില്ലെങ്കില്‍ പുതിയ തസ്തിക സൃഷ്ടിച്ച് അധ്യാപകരെ നിയമിക്കും. സിബിഎസ്ഇ, ഐസിഎസ് സ്‌കൂളുകള്‍ക്ക് നിരാക്ഷേപപത്രം നല്‍കുമ്പോള്‍ മലയാളം പഠിപ്പിക്കണമെന്ന സര്‍ക്കാര്‍ വ്യവസ്ഥ വയ്ക്കും. അത് സമൂഹത്തിന്റെ സ്‌നേഹപൂര്‍ണമായൊരു തലോടലാണെന്നു മന്ത്രി പറഞ്ഞു. അവിടെ നിലവില്‍ എട്ടാം ക്ലാസ് വരെ ത്രിഭാഷാ പഠനമാണ്. ഒമ്പതാം ക്ലാസിലേക്ക് മറ്റൊരു മലയാള പുസ്തകം തയ്യാറാക്കും. നിയമത്തിന്റെ ശീര്‍ഷകത്തി ല്‍ നിന്ന് ഒഴിവാക്കിയ 'നിര്‍ബന്ധം' എന്ന പദം പീഠികയില്‍ നിന്ന് ഒഴിവാക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും അത് അംഗീകരിച്ചില്ല. ചരിത്രത്തിലേക്കുള്ള വഴിതുറക്കലാണ് പുതിയ നിയമമെന്ന് വിദ്യാഭ്യാസമന്ത്രി മറുപടി പറഞ്ഞു.
Next Story

RELATED STORIES

Share it