Editorial

എല്ലാം വോട്ടിനു വേണ്ടി

രാമക്ഷേത്രം നിര്‍മിക്കാന്‍ എന്ന പേരില്‍ അയോധ്യയില്‍ വിശ്വഹിന്ദു പരിഷത്ത് കല്ലിറക്കിയ സംഭവം രാജ്യസഭയില്‍ വലിയ ബഹളത്തിനു കാരണമായി. കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ജനതാദള്‍-യു എന്നീ പാര്‍ട്ടികളാണ് രാജ്യസഭയില്‍ സഭാനടപടികള്‍ക്കു തടസ്സമുണ്ടാക്കുംവിധം പ്രശ്‌നം ഉന്നയിച്ചത്. അതിനിടെ, വിഎച്ച്പിയുടെ നീക്കത്തില്‍ പ്രകോപിതരാവരുതെന്ന് ബാബരി ആക്ഷന്‍ കമ്മിറ്റി കണ്‍വീനറായ ലഖ്‌നോയിലെ അഡ്വ. സഫര്‍യാബ് ജീലാനി മുസ്‌ലിംകളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.
കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ടു നടത്തിയതെന്നു പറയപ്പെടുന്ന അഴിമതി ദേശീയ വിവാദമായി വളരുന്നതിനിടയില്‍ വിശ്വഹിന്ദുക്കളുടെ ഇത്തരം നീക്കങ്ങള്‍ ജനശ്രദ്ധ തിരിച്ചുവിടുന്നതിനു സഹായിക്കും എന്നുറപ്പാണ്. പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു, രാമക്ഷേത്രം ഓരോ ഇന്ത്യക്കാരന്റെയും ആഗ്രഹമാണെന്നു പ്രസ്താവന ഇറക്കിയതോടെ ഉത്തരേന്ത്യന്‍ മനസ്സില്‍ വര്‍ഗീയ വിഷം കോരിയിടുന്നതിന് ഉല്‍സാഹിക്കുന്ന സന്യാസിനിമാരും മഹന്തുക്കളും ഉടനെ രംഗത്തുവരുമെന്നു തീര്‍ച്ചയാണ്.
ബാബരി മസ്ജിദ് പൊളിച്ചു തല്‍ക്കാലം തട്ടിക്കൂട്ടിയ അമ്പലം സ്ഥിതി ചെയ്യുന്ന സ്ഥലത്തോ അതിനു ചുറ്റുമുള്ള 67 ഏക്കര്‍ ഭൂമിയിലോ ഒരു നിര്‍മാണവും നടത്തരുതെന്നു സുപ്രിംകോടതി വിധിയുണ്ട്. അലഹബാദ് ഹൈക്കോടതി തര്‍ക്കസ്ഥലം മൂന്നു വിഭാഗങ്ങള്‍ക്കായി ഓഹരി വച്ച് 'സ്വത്തുതര്‍ക്കം' തീര്‍ക്കാന്‍ നല്‍കിയ ഉത്തരവിനെതിരേയുള്ള അപ്പീല്‍ സുപ്രിംകോടതിയിലുണ്ടുതാനും. വിഎച്ച്പി നടപടി ക്ഷേത്രനിര്‍മാണത്തിന് ഒരു ഗുണവും ചെയ്യില്ലെന്നാണ് അതിന്റെയര്‍ഥം.
2017ലെ അസംബ്ലി തിരഞ്ഞെടുപ്പിനു മുമ്പായി യുപി പ്രവിശ്യയെ വേണ്ടത്ര വര്‍ഗീയവല്‍ക്കരിക്കാനുള്ള അമിത്ഷാ തന്ത്രത്തിന്റെ ഭാഗമായാണ് കല്ലിറക്കലെന്നു കരുതാവുന്നതാണ്. വിദേശത്ത് കൂടുതല്‍ സമയം ചെലവഴിക്കുന്ന പ്രധാനമന്ത്രിയും വിവാദങ്ങളുമല്ലാതെ ജനങ്ങളുടെ മുമ്പില്‍ മേനിപറയുന്നതിനു യാതൊന്നും കൈവശമില്ലാത്തതുകൊണ്ടാണ് സംഘപരിവാരം പഴകിപ്പുളിച്ച ക്ഷേത്രനിര്‍മാണപദ്ധതിക്ക് ജീവന്‍ നല്‍കാന്‍ ശ്രമിക്കുന്നത്. പ്രതിമ, ക്ഷേത്രം തുടങ്ങിയ വൈകാരികത നിര്‍മിക്കുന്ന പദ്ധതികളല്ലാതെ മറ്റെന്തുണ്ട് അവരുടെ ആവനാഴിയില്‍!
കേരളത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റായി പുനരവതരിച്ച കുമ്മനം രാജശേഖരനും എസ്എന്‍ഡിപിയിലെ വെള്ളാപ്പള്ളി നടേശനും അതേ ലക്ഷ്യംവച്ചുതന്നെയാണ് പ്രവര്‍ത്തിക്കുന്നത്. പണ്ട് ശാസ്താവിന്റെ പൂങ്കാവനമാണ് ശബരിമലയുടെ ചുറ്റുമുള്ള വിസ്തൃതമായ പ്രദേശങ്ങള്‍ എന്ന അസംബന്ധം എഴുന്നള്ളിച്ചയാളാണ് കുമ്മനം. അതേ ദുരുദ്ദേശ്യം തന്നെയാണ് ഹിന്ദു ക്ഷേത്രങ്ങള്‍ക്കു ചുറ്റുമുള്ള ഭൂമിയില്‍ നിന്ന് അഹിന്ദുക്കള്‍ ഒഴിഞ്ഞുപോവണമെന്ന ആവശ്യത്തിലുമുള്ളത്.
അഹിന്ദുക്കള്‍ ക്ഷേത്രങ്ങളിലേക്കുള്ള വഴി തടസ്സപ്പെടുത്തുന്നുണ്ടോ എന്നു പരിശോധിക്കാമെന്നു പറയുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആ വകയില്‍ നാലു വോട്ട് പ്രതീക്ഷിക്കുന്നുണ്ടാവും. വോട്ടുകള്‍ക്കായുള്ള ഇത്തരം കരുനീക്കങ്ങളാണ് ഇന്ത്യയൊട്ടുക്കും അസഹിഷ്ണുതയുടെ ചുടുകാറ്റ് പരത്തുന്നതിനു കാരണമായത്. മുഖ്യമന്ത്രിക്ക് അറിയാത്തതല്ലല്ലോ ഇത്.
Next Story

RELATED STORIES

Share it