Flash News

എറണാകുളം മാര്‍ക്കറ്റില്‍ മാലിന്യനീക്കം നിലച്ചുപരിശോധനയ്‌ക്കെത്തിയ സബ് ജഡ്ജി കുത്തിയിരുന്ന് പ്രതിഷേധിച്ചു

കൊച്ചി: മാലിന്യനീക്കം നിലച്ചതിനെതിരേ എറണാകുളം മാര്‍ക്കറ്റില്‍ മണിക്കൂറുകളോളം കുത്തിയിരുന്ന് സബ് ജഡ്ജിയുടെ പ്രതിഷേധം. കേരള  ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജി എ എം ബഷീറാണ് മാലിന്യക്കൂമ്പാരത്തിനിടയില്‍ മണിക്കൂറുകളോളം ഇരുന്നു പ്രതിഷേധിച്ചത്. വിവരമറിഞ്ഞ് കോര്‍പറേഷന്‍ മാലിന്യനീക്കം പുനരാരംഭിച്ചു. മുഴുവന്‍ മാലിന്യങ്ങളും വാഹനങ്ങളില്‍ കയറ്റിയതിനു ശേഷമാണ് എ എം ബഷീര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. മാര്‍ക്കറ്റിലെ മാലിന്യപ്രശ്‌നങ്ങള്‍ സംബന്ധിച്ച് നിരവധി പരാതികളാണ് ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് മുമ്പിലെത്തിയത്. ലൈസന്‍സില്ലാതെയാണ് പലരും കച്ചവടം നടത്തുന്നതെന്ന പരാതി പരിശോധിക്കാനാണ് ജഡ്ജി എത്തിയത്. എന്നാല്‍, മാര്‍ക്കറ്റിനുള്ളില്‍ ദിവസങ്ങളായി മാലിന്യനീക്കം നിലച്ചിരിക്കുകയാണെന്ന് കച്ചവടക്കാര്‍ അറിയിച്ചു. ഇതോടെ മാലിന്യനീക്കം പുനരാരംഭിക്കാതെ തിരിച്ചുപോകില്ലെന്ന് പ്രഖ്യാപിച്ച ജഡ്ജി സമീപത്തെ കടയില്‍ നിന്ന് കസേരയെടുപ്പിച്ച് മാലിന്യക്കൂമ്പാരത്തിനു സമീപത്ത് നിലയുറപ്പിച്ചു. ജഡ്ജിയുടെ പ്രതിഷേധ വിവരം അറിഞ്ഞതോടെ കോര്‍പറേഷന്‍ അധികൃതര്‍ ഇടപെട്ട് മാലിന്യനീക്കം ആരംഭിച്ചു.
ഒടുവില്‍ മാലിന്യവുമായി അവസാന ലോറിയും മാര്‍ക്കറ്റിനു പുറത്തേക്കു പോയതോടെയാണ് അദ്ദേഹം പ്രതിഷേധം അവസാനിപ്പിച്ചത്. മാര്‍ക്കറ്റിനുള്ളിലെ മാലിന്യനീക്കത്തെ നിരീക്ഷിക്കാന്‍ കച്ചവടക്കാരെയും അഭിഭാഷകരെയും ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിക്കുമെന്നും ആഴ്ചയിലൊരിക്കല്‍ ഈ കമ്മിറ്റി യോഗം ചേര്‍ന്ന് മാലിന്യനീക്കം സംബന്ധിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും സബ് ജഡ്ജി അറിയിച്ചു.
അതേസമയം, ജഡ്ജിയുടെ പ്രതിഷേധത്തിനിടെ മാലിന്യവുമായി പുറത്തുനിന്നെത്തിയ ഒരു വാഹനം മാര്‍ക്കറ്റിലെ വ്യാപാരികള്‍ കൈയോടെ പിടികൂടി. വാഹന ഉടമയെ സെന്‍ട്രല്‍ പോലിസെത്തി അറസ്റ്റ് ചെയ്തു. മാര്‍ക്കറ്റില്‍ മറ്റു പലയിടങ്ങളില്‍ നിന്നുള്ള കക്കൂസ് മാലിന്യങ്ങള്‍  ഉള്‍പ്പെടെ ദിവസവും കൊണ്ടുവന്നിടുന്നതായി വ്യാപാരികള്‍ ആരോപിച്ചു. രാത്രിയുടെ മറവിലാണ് മാലിന്യങ്ങള്‍ തള്ളുന്നത്. ദിവസവും ഇരുപതോളം ലോഡ് മാലിന്യമാണ് നിക്ഷേപിക്കുന്നത്.
ഇതില്‍ ആറു ലോഡ് മാത്രമാണ് പച്ചക്കറി മാലിന്യങ്ങള്‍. ബാക്കിയുള്ളവ പുറത്തുനിന്നുള്ളവര്‍ അനധികൃതമായി തള്ളുന്നതാണ്. കോര്‍പറേഷന്‍ ജീവനക്കാര്‍ ഈ മാലിന്യം കൃത്യമായി നീക്കാറില്ല. രണ്ടോ മൂന്നോ ലോഡ് മാത്രമാണ് എടുക്കുന്നത്. ബാക്കിയുള്ളവ അവിടെ ശേഷിക്കുന്നതിനാല്‍ അസഹനീയ ദുര്‍ഗന്ധവും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുമാണ് സൃഷ്ടിക്കുന്നത്.
Next Story

RELATED STORIES

Share it