എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭുമി ഇടപാട്, ചര്‍ച്ച അലസിപ്പിരിഞ്ഞു

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദമായ ഭുമി ഇടപാടിനെ തുടര്‍ന്ന് അല്‍മായരുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ആര്‍ച്ച് ഡയോസിയന്‍ മൂവ്‌മെന്റെ് ഫോര്‍ ട്രാന്‍സ്പരന്‍സി (എഎംടി) നേതാക്കള്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി നടത്തിയ ചര്‍ച്ച അലസിപ്പിരിഞ്ഞു. തങ്ങളുടെ ആവശ്യങ്ങള്‍ കര്‍ദിനാളിനു മുന്നില്‍ അവതരിപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ മറുപടി നിരാശാജനകമായിരുന്നെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം എഎംടി കണ്‍വീനര്‍മാരിലൊരാളായ റിജു കാഞ്ഞൂക്കാരന്‍ പറഞ്ഞു.  ഭൂമിയിടപാടുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന പ്രചാരണങ്ങള്‍ വിശ്വാസികളില്‍ ദുഃഖമുണ്ടാക്കുന്നതായി  കര്‍ദിനാളിനെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് എഎംടി പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്ന് എടുത്ത ആവശ്യങ്ങള്‍ തങ്ങള്‍ കര്‍ദിനാളിനെ അറിയിച്ചെങ്കിലും അദ്ദേഹം മൗനം പാലിക്കുകയായിരുന്നു. പ്രധാനമായും മൂന്ന് കാര്യങ്ങളാണ് കര്‍ദിനാളിനു മുന്നില്‍ അവതരിപ്പിച്ചത്. അതിരൂപതയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തങ്ങള്‍ നടത്തുന്ന ചര്‍ച്ചകള്‍ തടയുന്നവരെ നിയന്ത്രിക്കുക, ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട പിഴവുകള്‍ വെളിപ്പെടുത്തുക, ഗുരുതരമായ വീഴ്ചകള്‍ നടത്തിയ കര്‍ദിനാള്‍ സ്ഥാനത്യാഗം ചെയ്യുക എന്നിങ്ങനെയായിരുന്നു ആവശ്യങ്ങള്‍. എന്നാല്‍, ഇതൊന്നും അംഗീകരിക്കാന്‍ കര്‍ദിനാള്‍ തയ്യാറായില്ലെന്ന് എഎംടി പ്രവര്‍ത്തകര്‍ പറഞ്ഞു. മാര്‍ ജോര്‍ജ് ആലഞ്ചേരിക്കുവേണ്ടി രംഗത്തിറങ്ങി ചര്‍ച്ച തടയുന്നവരെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ അവരെ തനിക്ക് അറിയില്ലെന്ന മറുപടിയാണ് കര്‍ദിനാള്‍ നല്‍കിയത്. എന്നാല്‍, ഇവരെ അറിയില്ലെന്ന് പ്രസ്താവന ഇറക്കണമെന്ന് അവശ്യപ്പെട്ടപ്പോള്‍ അതിന് കര്‍ദിനാള്‍ തയ്യാറായില്ലെന്നും എഎംടി പ്രവര്‍ത്തകര്‍ പറഞ്ഞു. തങ്ങള്‍ നല്‍കിയ നിവേദനത്തില്‍ ഒരാഴ്ചയ്ക്കകം തീരുമാനമുണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോവുമെന്നും ഇവര്‍ അറിയിച്ചു. ഇതിനായി വിശ്വാസികളുടെ യോഗങ്ങള്‍ ഉടന്‍ വിളിച്ചുചേര്‍ക്കും. കര്‍ദിനാളിന്റെ നിഷേധാത്മക നിലപാടുകളെ തുടര്‍ന്ന് ഇവര്‍ അതിരൂപത സഹായമെത്രാന്‍ സെബാസ്റ്റ്യന്‍ ഇടയന്ത്രത്തിനെ കണ്ട് നിവേദനം സമര്‍പ്പിച്ചു. ഭൂമിയിടപാടില്‍ ആരോപണവിധേയരായ ഫാ. ജോഷി പുതുവ, ഫാ. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍ എന്നിവരെ സഭയുടെ പ്രവര്‍ത്തനങ്ങളില്‍നിന്ന് താല്‍ക്കാലികമായി മാറ്റിനിര്‍ത്തുക, അതിരൂപതയുടെ കീഴിലുള്ള വസ്തുവകകളുടെയും മറ്റ് ആസ്ഥികളുടെയും കൃത്യമായ കണക്ക് സൂക്ഷിക്കുക, ഭൂമിയിടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശ്വാസികള്‍ക്ക് മനസ്സിലാവുന്ന വിധത്തില്‍ വിശദീകരിക്കുന്നതിനായി ഒരുമാസത്തിനുള്ളില്‍ സര്‍ക്കുലര്‍ ഇറക്കുക, അതിരൂപതയുടെ നിലവിലുള്ള സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നതിനായി ധവളപത്രം ഇറക്കുക എന്നീ കാര്യങ്ങളാണ് സഹായ മെത്രാന്‍ സെബാസ്റ്റ്യന്‍ ഇടയന്ത്രത്തിനുമുമ്പില്‍ സമര്‍പ്പിച്ച നിവേദനത്തിലുള്ളത്. നിവേദനത്തിലെ കാര്യങ്ങള്‍ അനുഭാവപൂര്‍ണമായി പരിഗണിക്കാമെന്ന് സഹായമെത്രാന്‍ ഉറപ്പ് നല്‍കിയതായി എഎംടി പ്രവര്‍ത്തകര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it