azchavattam

എരിഞ്ഞുതീരാത്ത ലൂയിസ്

കെ എന്‍ നവാസ് അലി


മരിച്ച് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ലൂയിസിനെ നാട് മറന്നിട്ടില്ല. ഗൂഡല്ലൂരിലെ തണുപ്പിന്റെ കരിമ്പടം മൂടിയ അന്തരീക്ഷത്തില്‍ ലൂയിസിന്റെ ഓര്‍മകളുണ്ട്. കുടിയേറ്റ കര്‍ഷകരുടെ മനസ്സില്‍ ലൂയിസിന്റെ ജീവത്യാഗം ഇതിഹാസതുല്യമാണ്. മലയാളി മാത്രമല്ല, തമിഴനും ആദരവോടെ മാത്രമേ ലൂയിസിനെക്കുറിച്ച് പറയുന്നുള്ളൂ.
ലൂയിസിനെക്കുറിച്ച് കൂടുതലറിയാന്‍ ഗൂഡല്ലൂരിലെത്തിയപ്പോള്‍ ബസ് സ്റ്റാന്റില്‍ ഐസ് വില്‍പന നടത്തുന്ന പഴനിവേല്‍ പറഞ്ഞു: 'അവര്‍ പെരിയ മനുഷ്യന്‍ താന്‍, നാട്ടുകാര്‍ക്കു വേണ്ടി മരിച്ചവന്‍, മറക്കാനാവില്ല'.
ലൂയിസിന്റെ നാടായ മച്ചിക്കൊല്ലിയിലേക്കുള്ള ബസ്സില്‍ കയറിയപ്പോള്‍ അടുത്ത സീറ്റിലിരുന്ന വയസ്സനായ അണ്ണന്‍, ബസ്സിലെ കണ്ടക്ടര്‍, മച്ചിക്കൊല്ലിയിലെ ഓട്ടോഡ്രൈവറായ തമിഴ് യുവാവ് എല്ലാവരുടെയും മൊഴികളില്‍ ലൂയിസ് നിറഞ്ഞുനിന്നു.
1978 ഒക്ടോബര്‍ 7ന് ഗൂഡല്ലൂര്‍ ആര്‍ഡിഒ ഓഫിസിനു മുന്നില്‍ തീക്കൊളുത്തി കരിക്കട്ടയായി മാറിയ തുരുത്തിയില്‍ ലൂയിസിനെ ഓര്‍മപ്പെടുത്തലുകളില്ലാതിരുന്നിട്ടു പോലും നാട് ഓര്‍ത്തുവയ്ക്കുന്നു. മരിച്ച് 37 വര്‍ഷം കഴിഞ്ഞിട്ടും ഈ മനുഷ്യന്‍ എങ്ങനെയാണ് നാടിന്റെ ഓര്‍മകളില്‍ നിറയുന്നത്? ലൂയിസിന്റെ ജീവത്യാഗത്തിനു ശേഷം ജനിച്ച തലമുറ പോലും ഒരു സാധാരണ കുടിയേറ്റ കര്‍ഷകനായിരുന്ന ലൂയിസിനെക്കുറിച്ച് ആദരവോടെ മാത്രം സംസാരിക്കുന്നതെങ്ങനെ? അന്വേഷണങ്ങളെല്ലാം എത്തുന്നത് മച്ചിക്കൊല്ലിയിലെ ലൂയിസ് നഗറിലുള്ള ചെറിയ വീട്ടിലാണ്. അവിടെ ലൂയിസിന്റെ ഭാര്യ ചിന്നമ്മയുണ്ട്, കാലത്തിനു പോലും അണയ്ക്കാനാവാത്ത കനലുകള്‍ നെഞ്ചില്‍ പേറിക്കൊണ്ട്.

ചിന്നമ്മയുടെ ആത്മാവിലെ ഒസ്യത്ത്
'പ്രിയ ചിന്നമ്മേ, പ്രിയ മക്കളേ, വേദനിക്കേണ്ട. ഗൂഡല്ലൂരിലെ കര്‍ഷകരെ സംരക്ഷിക്കാന്‍ ഞാന്‍ എന്നെ ബലിയര്‍പ്പിക്കുന്നു. കിട്ടാനുള്ള കടം ചോദിച്ചു മുഷിയരുത്. ഞാന്‍ കൊടുക്കാനുള്ള കടങ്ങള്‍ കൊടുത്തുവീട്ടണം.' ഗൂഡല്ലൂര്‍ ആര്‍ഡിഒ ഓഫിസിനു മുന്നില്‍ ലൂയിസ് പെട്രോളൊഴിച്ച് ആത്മാഹുതി ചെയ്തപ്പോള്‍ കൂടെ കരുതിയിരുന്ന തകരപ്പെട്ടിയില്‍ ചിന്നമ്മയ്ക്കു വേണ്ടി എഴുതി സൂക്ഷിച്ച കത്തിലെ വരികളാണിത്. ആ വരികളിലൂടെ ചിന്നമ്മ, ലൂയിസിനൊപ്പമുള്ള ജീവിതം പറഞ്ഞുതുടങ്ങി.
പാലായിലെ വള്ളിച്ചിറ ഗ്രാമത്തില്‍ നിന്ന് ചെറുപ്പകാലത്ത് വയനാട്ടിലേക്കു താമസം മാറിയ ലൂയിസ് അവിടെ നിന്നു 1974ല്‍ ഗൂഡല്ലൂരിലെ മുതുമല വനത്തോടു ചേര്‍ന്ന മച്ചിക്കൊല്ലിയിലേക്കു കുടിയേറുമ്പോള്‍ ചിന്നമ്മയും മക്കളും കൂടെയുണ്ടായിരുന്നു. മൂത്ത ആണ്‍മക്കള്‍ അപ്പനോടൊപ്പം കാട് വെട്ടിത്തെളിയിച്ച് വിത്തിറക്കി. തുരുത്തിയില്‍ കുര്യന്‍, കുന്നത്ത് മാണി, പിട്ടാപ്പിള്ളിയില്‍ അന്തോണി തുടങ്ങിയവരും കുടിയേറ്റക്കാരായി അവിടെ എത്തിയിരുന്നു. കന്നിമണ്ണില്‍ അവര്‍ കരുത്തോടെ അധ്വാനിച്ചു. കാപ്പി, കുരുമുളക്, വാഴ, ഇഞ്ചി, കപ്പ, തെരുവപ്പുല്ല് എന്നിവയായിരുന്നു കൃഷി ചെയ്തിരുന്നത്. പെട്ടെന്നുള്ള വരുമാനത്തിനായി തെരുവപ്പുല്ല് വാറ്റി പുല്‍ത്തൈലമെടുക്കാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. കന്നിമണ്ണിന്റെ ഗന്ധം, കരുത്തോടെ വളരുന്ന ചെടികള്‍, മികച്ച വിളവ്, കര്‍ഷകനു വേണ്ട എല്ലാം അവിടെയുണ്ടായിരുന്നു. വനപ്രദേശം കൃഷിയിടമായി മാറിയതോടെ സ്ഥലത്തിന് പട്ടയം ലഭിക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ തുടങ്ങി. പുതിയ കുടിയേറ്റക്കാരെത്തി. എല്ലാവരെയും സംഘടിപ്പിക്കാനും അധികാരികള്‍ക്കു നിവേദനം നല്‍കാനും ലൂയിസായിരുന്നു മുന്നില്‍ നിന്നിരുന്നത്.

ഒരു നടന്‍ പിന്‍വാങ്ങുന്നു
വയനാട്ടില്‍ താമസിക്കുമ്പോള്‍ നടവയല്‍ അല്‍ഫോന്‍സ നടനകലാ സമിതിയുമായി ബന്ധപ്പെട്ട് ലൂയിസ് നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. 'കാക്കപ്പൊന്ന്', 'മാറ്റൊലി', 'കൂട്ടുകിണര്‍', 'ഒട്ടകവും സൂചിക്കുഴയും' തുടങ്ങി അക്കാലത്ത് പ്രശസ്തമായ പല നാടകങ്ങളും ലൂയിസ് അഭിനയിച്ചതും സംവിധാനം ചെയ്തതുമാണ്. റേഡിയോ നാടകങ്ങള്‍ക്കും ലൂയിസ് ശബ്ദം നല്‍കിയിരുന്നു. നാടകവും കലാപ്രവര്‍ത്തനങ്ങളുമായി ഒട്ടേറെ പണം ലൂയിസിനു നഷ്ടമായി. ഇതോടെയാണ് അദ്ദേഹം എല്ലാ കലാപ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ച് കുടിയേറ്റ കര്‍ഷകന്‍ മാത്രമായി മച്ചിക്കൊല്ലിയിലേക്കു മാറിയത്. പക്ഷേ, അവിടെയും ലൂയിസ് നിശ്ശബ്ദനായിരുന്നില്ല. താനുള്‍പ്പെടെയുള്ള കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങി. കൃഷിഭൂമിക്ക് പട്ടയം ലഭിക്കാന്‍ നിരന്തരം റവന്യൂ, ഫോറസ്റ്റ് ഓഫിസുകള്‍ കയറിയിറങ്ങി.
നിലമ്പൂര്‍ കോവിലകത്തിന്റെ ഉടമസ്ഥതയിലായിരുന്ന ഗൂഡല്ലൂരിലെ വനഭൂമി 1974ല്‍ സ്വകാര്യ നിയമം വഴിയാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഏറ്റെടുത്തത്. അതിനുമുമ്പു തന്നെ വനഭൂമിയില്‍ പലയിടങ്ങളിലും നിലമ്പൂര്‍ കോവിലകത്തിനു പാട്ടം നല്‍കി കര്‍ഷകര്‍ കുടിയേറ്റം തുടങ്ങിയിരുന്നു. പക്ഷേ, ഇവരെയും വനംവകുപ്പ് കുടിയിറക്കാന്‍ തുടങ്ങി. തമിഴ്‌നാട് സര്‍ക്കാര്‍ അറിയാതെയായിരുന്നു ആദ്യഘട്ടത്തില്‍ വനംവകുപ്പിന്റെ ഈ കുടിയിറക്കല്‍. സംരക്ഷിത വനത്തോടു ചേര്‍ന്ന കൃഷിക്കാരെ ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങുന്നത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സ്ഥിരം പരിപാടിയായിരുന്നു. ലൂയിസിന്റെ നേതൃത്വത്തില്‍ ഇതിനെ ചോദ്യംചെയ്തു തുടങ്ങിയതോടെ കൈക്കൂലി ഏര്‍പ്പാട് അവസാനിച്ചു.

കുടിയിറക്കും സമരവും
പക്ഷേ, ലൂയിസും കൂടെയുള്ളവരും ഇതോടെ വനംവകുപ്പിന്റെ ശത്രുക്കളായി മാറി. ഇതിനെത്തുടര്‍ന്ന് കൃഷിഭൂമിയില്‍ യൂക്കാലിപ്റ്റസ് നട്ടു വനമാക്കി മാറ്റാനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ ലൂയിസും സംഘവും തടഞ്ഞ് തിരിച്ചയച്ചു. അമ്പതോളം കൃഷിക്കാരാണ് അക്കാലത്ത് മച്ചിക്കൊല്ലിയിലുണ്ടായിരുന്നത്. 1974ല്‍ നിലമ്പൂര്‍ കോവിലകത്തില്‍ നിന്നു വനം സര്‍ക്കാര്‍ ഏറ്റെടുത്തതോടെ കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ തുടങ്ങി.
നിലവില്‍ അഞ്ചോ അതിലധികമോ ഏക്കര്‍ ഭൂമിയുള്ളവര്‍ക്ക് രണ്ടര ഏക്കറാണ് സബ്ഡിവിഷനിലൂടെ സര്‍ക്കാര്‍ വീതിച്ചുനല്‍കിയത്. അഞ്ച് ഏക്കറില്‍ താഴെ കൈവശഭൂമിയുള്ളവര്‍ക്ക് ഒന്നും നല്‍കേണ്ടെന്നായിരുന്നു തമിഴ്‌നാട്ടിലെ കരുണാനിധി സര്‍ക്കാരിന്റെ തീരുമാനം. ഇതോടെ മച്ചിക്കൊല്ലിയിലെ അമ്പതോളം കര്‍ഷക കുടുംബങ്ങള്‍ ഒരുതുണ്ട് ഭൂമിക്കുപോലും അവകാശമില്ലാതെ തങ്ങളുടെ കൂരകളില്‍ നിന്നും കൃഷിയിടങ്ങളില്‍ നിന്നും ഇറങ്ങേണ്ടി വന്നു.
അന്നോളം നട്ടുനനച്ചുണ്ടാക്കിയ കൃഷിയിടവും വീടും വിട്ട് മക്കളെയുമായി തെരുവിലേക്കിറങ്ങേണ്ടി വന്ന കര്‍ഷകരുടെ അവസ്ഥ അതിദയനീയമായിരുന്നു. പട്ടയം ലഭിച്ചവര്‍ക്കാവട്ടെ ചുറ്റുമുള്ള പ്രദേശങ്ങള്‍ വനഭൂമിയാക്കിയതോടെ വനത്തിനകത്ത് കുടുങ്ങിയ അവസ്ഥയും. നിലനില്‍പ്പിനായുള്ള പോരാട്ടത്തിന് ലൂയിസ് എസ്ഡിപിആര്‍ ഭഗവത്‌സിങ്, അക്കര ബാപ്പു, കെ ബേബി, എ ജെ മാത്യു എന്നിവരോടൊപ്പം സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി. 1978 ആയപ്പോഴേക്കും കര്‍ഷകരുടെ ആക്ഷന്‍ കമ്മിറ്റി ഉദ്യോഗസ്ഥര്‍ക്ക് അവഗണിക്കാനാവാത്ത ശക്തിയായി വളര്‍ന്നിരുന്നു. നിരന്തരമായ കര്‍ഷക സമരങ്ങളെ തുടര്‍ന്ന് നീലഗിരി എസ്പി, ഗൂഡല്ലൂര്‍ ഡിഎഫ്ഒ, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ 1978 ഒക്ടോബറില്‍ ആക്ഷന്‍ കമ്മിറ്റി നേതാക്കളെ ചര്‍ച്ചയ്ക്കു ക്ഷണിച്ചു. ഗൂഡല്ലൂര്‍ ബെല്‍വഡിയാറില്‍ നടന്ന യോഗത്തില്‍ പക്ഷേ കര്‍ഷകരുടെ ആവശ്യങ്ങളൊന്നും അംഗീകരിച്ചില്ല. കുടിയിറക്ക് ശക്തമായി തുടരുമെന്നു കൂടി ഉദ്യോഗസ്ഥര്‍ പ്രഖ്യാപിച്ചു. ചര്‍ച്ചയ്‌ക്കെത്തിയ ആക്ഷന്‍ കമ്മിറ്റി നേതാക്കള്‍ ഇതിനെ എതിര്‍ത്തതോടെ അവരെ അവിടവച്ചു തന്നെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
സമരസമിതി നേതാക്കളെ അറസ്റ്റ് ചെയ്തതിന്റെ അടുത്ത ദിവസം തന്നെ വനം റവന്യൂ ഉദ്യോഗസ്ഥര്‍ മച്ചിക്കൊല്ലിയില്‍ ക്രൂരമായ കുടിയിറക്ക് ആരംഭിച്ചു. കുടിലുകള്‍ തകര്‍ത്തു. നട്ടു നനച്ചുണ്ടാക്കിയവയും വിളവെടുക്കാന്‍ പ്രായമായവയും വെട്ടിയും തീയിട്ടും നശിപ്പിച്ചു. പുരുഷന്‍മാരെ അറസ്റ്റ് ചെയ്തു ക്രൂരമര്‍ദ്ദനങ്ങള്‍ക്കിരയാക്കി. പലരും ഒളിവില്‍ പോയി. വീട്ടിനകത്തു നിന്ന് സ്ത്രീകളെയും കുഞ്ഞുങ്ങളെയും അടിച്ചോടിച്ചാണ് വീട്ടുസാധനങ്ങള്‍ ഉള്‍പ്പെടെ വീടുതകര്‍ത്ത് തീയിട്ടത്. ഗര്‍ഭിണികള്‍ക്കു വരെ ഓടി രക്ഷപ്പെടേണ്ടി വന്നു. ലൂയിസും കുടുംബവും അധ്വാനിച്ചുണ്ടാക്കിയവയെല്ലാം ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു. കര്‍ഷകരുടേതായ എല്ലാം നശിപ്പിച്ച ശേഷം അവരെ ആട്ടിയിറക്കുക എന്ന ഹീനതന്ത്രമാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ അനുമതിയോടെ ഉദ്യോഗസ്ഥര്‍ നടപ്പാക്കിയത്.

1978 ഒക്ടോബര്‍ ആറാം തിയ്യതി. ലൂയിസും സുഹൃത്ത് എ ജെ മാത്യുവും അന്നു രാത്രി ഒളിവില്‍ കഴിഞ്ഞത് പാലംവയല്‍ ജോസഫിന്റെ വീട്ടിലായിരുന്നു. ഏതോ കനത്ത തീരുമാനമെടുത്ത രീതിയിലായിരുന്നു ലൂയിസിന്റെ പെരുമാറ്റം. 'പെട്രോള്‍ ശരീരത്തിലൊഴിച്ച് തീക്കൊളുത്തിയാല്‍ മരിക്കാന്‍ എത്ര സമയം വേണ്ടിവരും' എന്ന് ലൂയിസ് മാത്യുവിനോട് ചോദിച്ചു. മരണത്തിനു മുമ്പുള്ള തയ്യാറെടുപ്പുപോലെ രാത്രി മുഴുവന്‍ തുണ്ടു കടലാസില്‍ എന്തൊക്കെയോ എഴുതിക്കൊണ്ടിരുന്നു. അതില്‍ ഗൂഡല്ലൂര്‍ ആര്‍ഡിഒക്ക് ഉള്‍പ്പെടെയുള്ള നിവേദനങ്ങളും കുടിയിറക്കല്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന മുദ്രാവാക്യങ്ങളുമുണ്ടായിരുന്നു. നേരം പുലര്‍ന്നപ്പോള്‍ രണ്ടുപേരും വീടുവിട്ടിറങ്ങി. മാത്യുവിനോട് മറ്റു സമരക്കാരെ കാണാനാവശ്യപ്പെട്ട് പേപ്പറും പേനയ്ക്ക് മഷിയും വാങ്ങി ലൂയിസ് ഗൂഡല്ലൂരിലേക്കു നടന്നു.അങ്ങേയറ്റം പ്രക്ഷുബ്ധമായ മനസ്സോടെ ലൂയിസ് ഗൂഡല്ലൂര്‍ ആര്‍ഡിഒ ഓഫിസിലേക്കു കടന്നുചെന്നു. കുടിയിറക്ക് നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ഡിഒയ്ക്കു നിവേദനം നല്‍കി. ഗവണ്‍മെന്റ് കണ്ണു തുറക്കണം, അക്രമം അവസാനിപ്പിക്കണം എന്നിവ ആവശ്യപ്പെട്ടുള്ള കടലാസുകള്‍ ആര്‍ഡിഒയ്ക്ക് മുന്നില്‍ നിരത്തിവച്ചു. പക്ഷേ, കുടിയേറ്റ കര്‍ഷകന്റെ അധ്വാനത്തിനും ജീവിതത്തിനു തന്നെയും ഒരു വിലയും കാണാതെ ലൂയിസിനെ ഇറക്കിവിടാനാണ് ആര്‍ഡിഒ ശ്രമിച്ചത്. ഒരു ആവശ്യവും അംഗീകരിക്കില്ലെന്നും കുടിയിറക്ക് തുടരുമെന്നും പറഞ്ഞു.
മെല്ലെ പുറത്തിറങ്ങിയ ലൂയിസ് ഓഫിസിന്റെ അല്‍പം അകലെ  റോഡിലെ വളവിലേക്കു മാറിനിന്നു. ഭാര്യക്കുള്ള കത്ത് തകരപ്പെട്ടിയില്‍ അടച്ചുവച്ചു. 'ഉദ്യോഗസ്ഥരുടെ കണ്ണ് തുറപ്പിക്കാന്‍, ഫോറസ്റ്റ് അക്രമം അവസാനിപ്പിക്കാന്‍, കൃഷിഭൂമി കൃഷിക്കാരന് നല്‍കുന്നതിന്, ഭൂരഹിതര്‍ക്ക് ഭൂമി കിട്ടുവാന്‍ ആത്മാഹുതി ചെയ്യുന്നു' എന്നെഴുതിയ കത്തും പെട്ടിയില്‍ അടച്ചുവച്ചു. സമീപത്തായി ചെരിപ്പുകള്‍ ഊരിവച്ചു. കൈലിമുണ്ടും പുതപ്പും ദേഹത്ത് നന്നായി ചുറ്റി പെട്രോളൊഴിച്ചു തീക്കൊളുത്തി. ആളിക്കത്തിയ ലൂയിസ് സ്വയം തീപ്പന്തമായി മാറി. ആളിക്കത്തുന്ന ജീവനുള്ള ആ പന്തം അലര്‍ച്ചയോടെ മുദ്രാവാക്യം വിളിച്ച് ആര്‍ഡിഒ ഓഫിസിലേക്ക് ഓടി. പക്ഷേ ഓഫിസിലേക്ക് കയറുന്നതിനു മുമ്പു തന്നെ ആ തീമനുഷ്യന്‍ മറിഞ്ഞു വീണു. തൊലിയും മാംസവും ഉരുകിയൊലിച്ച് കൈ കാലുകള്‍ വളഞ്ഞ് അല്‍പ്പസമയത്തിനകം കരിക്കട്ടപോലെയായി. പോലിസുകാരും നാട്ടുകാരും ആളെ തിരിച്ചറിയാന്‍ ഓടിക്കൂടി. കൈയിലുണ്ടായിരുന്ന തകരപ്പെട്ടി തുറന്നുനോക്കിയപ്പോള്‍ പെട്ടി നിറയെ കര്‍ഷകരുടെ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള തുണ്ടു കടലാസുകളായിരുന്നു. എല്ലാറ്റിന്റെയും അടിയില്‍ മച്ചിക്കൊല്ലി ലൂയിസ് എന്ന പേരും ഒപ്പും.

അധികാരികളെ ഭയപ്പെടുത്തിയ മൃതദേഹം

ലൂയിസിന്റെ മൃതദേഹം ജനം തിങ്ങിക്കൂടും മുമ്പ് രാത്രിയില്‍ തന്നെ ഗൂഡല്ലൂര്‍ ആശുപത്രിക്കടുത്തുള്ള ലത്തീന്‍ പള്ളിയില്‍ അടക്കാനായിരുന്നു ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ തീരുമാനം. കര്‍ഷകനേതാവായ ലൂയിസിന്റെ ജീവത്യാഗം ഗൂഡല്ലൂരില്‍ വന്‍കലാപത്തിനു തന്നെ കാരണമാവുമെന്ന് അധികാരികള്‍ ഭയന്നു. കലക്ടറും പോലിസും വളരെയേറെ നിര്‍ബന്ധിച്ചിട്ടും കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം മാത്രമേ ശവസംസ്‌കാരം നടത്തൂവെന്ന തീരുമാനത്തില്‍ വൈദികര്‍ ഉറച്ചുനിന്നു. ഒടുവില്‍ കുടുംബാംഗങ്ങള്‍ തീരുമാനിച്ച പ്രകാരം മച്ചിക്കൊല്ലി പള്ളി സെമിത്തേരിയില്‍ അടക്കാന്‍ വിലാപയാത്രയായി കൊണ്ടുപോയി. കനത്തു പെയ്യുന്ന മഴ വകവയ്ക്കാതെ അയ്യായിരത്തോളം പേരാണ് 10 കിലോമീറ്ററിലധികം ദൂരം വിലാപയാത്രയായി മച്ചിക്കൊല്ലിയിലേക്കു നടന്നത്.

എംജിആര്‍ മച്ചിക്കൊല്ലിയില്‍

ലൂയിസിന്റെ ജീവത്യാഗം ഫലം കണ്ടു തുടങ്ങി. കുടിയിറക്ക് നിര്‍ത്തിവച്ചു. കുടിയേറ്റ കര്‍ഷകര്‍ ആരെയും ഭയക്കാതെ സമാധാനത്തോടെ ജീവിക്കാന്‍ തുടങ്ങി. തമിഴ്‌നാട് മുഖ്യമന്ത്രി എംജിആര്‍ രണ്ടു മാസത്തിനു ശേഷം മച്ചിക്കൊല്ലിയിലെത്തി ലൂയിസിന്റെ വീട് സന്ദര്‍ശിച്ചു. ഒരു കിലോമീറ്റര്‍ മല കയറിയാണ് അദ്ദേഹവും മന്ത്രിയായ പി ടി സരസ്വതിയും ലൂയിന്റെ വിധവയെ കാണാനെത്തിയത്. ശുദ്ധമലയാളിയായ എംജിആര്‍ ലൂയിസിന്റെ കുടുംബത്തിന് പട്ടയമുള്‍പ്പെടെ എല്ലാ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തു. പക്ഷേ തങ്ങള്‍ക്കു മാത്രമായി പട്ടയം വേണ്ടെന്നായിരുന്നു ലൂയിസിന്റെ വിധവയുടെ അപ്രതീക്ഷിത മറുപടി. ലൂയിസ് ജീവത്യാഗം ചെയ്തത് എല്ലാ കര്‍ഷകര്‍ക്കും വേണ്ടിയാണ്, കുടുംബത്തിനു വേണ്ടി മാത്രമല്ല. അതുകൊണ്ടുതന്നെ തങ്ങള്‍ക്കു മാത്രമായി പട്ടയം നല്‍കേണ്ടെന്നും ചിന്നമ്മ തമിഴ്‌നാട് മുഖ്യമന്ത്രിയോട് പറഞ്ഞു. എല്ലാ കര്‍ഷകര്‍ക്കും സ്ഥലവും പട്ടയവും വാഗ്ദാനം ചെയ്തു മടങ്ങിയ എംജിആര്‍ പക്ഷേ വാക്കുകളെല്ലാം ലംഘിക്കുകയായിരുന്നുവെന്ന് ചിന്നമ്മ ഓര്‍ക്കുന്നു. 1981 മുതല്‍ കുടിയിറക്ക് വീണ്ടും തുടങ്ങി.

മകന്റെ ദുരന്തം

ഇതിനിടെ അപ്രതീക്ഷിത ദുരന്തം കൂടി ലൂയിസിന്റെ കുടുംബത്തിനു നേരിടേണ്ടി വന്നു. ഇളയ മകന്‍ ടോമിയെ കൃഷിയിടത്തില്‍വച്ച് കാട്ടാന ചവിട്ടിക്കൊന്നു. ഇതോടെ കിട്ടിയ വിലയ്ക്ക് സ്ഥലവും വീടും വിറ്റ് കുടുംബം ബോസ്പുരയിലേക്കു താമസം മാറി. ലൂയിസിന്റെ ജീവത്യാഗത്തോടെ ലൂയിസ് നഗറായി മാറിയ ബോസ്പുരയിലെ ചെറിയ വീട്ടില്‍ ഇപ്പോള്‍ പൊള്ളുന്ന ഓര്‍മകളുമായി ലൂയിസിന്റെ വിധവ ജീവിക്കുന്നു. ി
Next Story

RELATED STORIES

Share it