എയര്‍ഹോസ്റ്റസിനോട് അപമര്യാദ: വിമാനത്തില്‍ ബഹളം; ഹിന്ദുമഹാസഭ നേതാവും അഭിഭാഷകരും അറസ്റ്റില്‍

കോയമ്പത്തൂര്‍: മദ്യപിച്ച് വിമാനത്തില്‍ കയറി എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയതിന് ഹിന്ദുമഹാസഭ നേതാവിനെയും രണ്ട് അഭിഭാഷകരെയും പോലിസ് അറസ്റ്റ് ചെയ്തു.ബുധനാഴ്ച രാത്രി കോയമ്പത്തൂരില്‍നിന്ന് ചെന്നൈയിലേക്ക് പറക്കാനിരുന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. അഖിലഭാരത് ഹിന്ദുസഭാ തമിഴ്‌നാട് യൂനിറ്റ് ഉപാധ്യക്ഷന്‍ സുഭാഷ് സ്വാമിനാഥന്‍, അഭിഭാഷകരായ സെന്തല്‍ കുമാര്‍, രാജ എന്നിവരെയാണ് സിഐഎസ്എഫ് അറസ്റ്റ് ചെയ്തത്.
രാത്രി 10 മണിക്ക് വിമാനത്തില്‍ കയറിയ ഇവര്‍ എയര്‍ഹോസ്റ്റസിന്റെ ഫോട്ടോ എടുത്തു. എയര്‍ഹോസ്റ്റസും വിമാനജീവനക്കാരും യാത്രക്കാരും ഇതിനെ എതിര്‍ത്തു. അതോടെ വാഗ്വാദവും ബഹളവുമായി. ജീവനക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് എയര്‍ഹോസ്റ്റസിന്റെ ചിത്രം മൊബൈല്‍നിന്ന് ഒഴിവാക്കി.ഇതിനിടെ ജീവനക്കാരെയും യാത്രക്കാരെയും ഇവര്‍ ഭീഷണിപ്പെടുത്തി.
തുടര്‍ന്ന് പൈലറ്റ് ഇറങ്ങിവന്നപ്പോള്‍ വാഗ്വാദം രൂക്ഷമായി. മദ്യപസംഘത്തെ തങ്ങളോടൊപ്പം യാത്രചെയ്യാന്‍ അനുവദിക്കുന്നുവെങ്കില്‍ തങ്ങള്‍ പുറത്തിറങ്ങുമെന്ന് യാത്രക്കാര്‍ വ്യക്തമാക്കി.ഇതോടെ സുരക്ഷാജീവനക്കാരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൂന്നുപേരെയും സിഐഎസ്എഫ് അറസ്റ്റ് ചെയ്യുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് വിമാനം ഒരു മണിക്കൂര്‍ വൈകിയാണു പുറപ്പെട്ടത്.മൂന്നുപേരെയും പോലിസ് മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കി. ഹിന്ദുമഹാസഭാ നേതാവ് സുഭാഷ് സ്വാമിനാഥനെ 14 ദിവസം റിമാന്‍ഡ് ചെയ്തു മജിസ്‌ട്രേറ്റ് രാജവേലു ഉത്തരവിട്ടു. മറ്റു രണ്ട് അഭിഭാഷകരെ ജാമ്യത്തില്‍ വിട്ടു.വിമാനത്തില്‍ യാത്രക്കാര്‍ക്ക് നേരിട്ട അസൗകര്യങ്ങള്‍ക്ക് ഇന്‍ഡിഗോ അധികൃതര്‍ ഖേദം പ്രകടിപ്പിച്ചു.
Next Story

RELATED STORIES

Share it