malappuram local

എഫ്‌സിഐ ഗോഡൗണുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

മലപ്പുറം: കുറ്റിപ്പുറത്തും അങ്ങാടിപ്പുറത്തും പ്രവര്‍ത്തിക്കുന്ന രണ്ട് എഫ്‌സിഐ ഗോഡൗണുകളും പ്രവര്‍ത്തനം പ്രതിസന്ധിയില്‍. ജില്ലയിലെ റേഷന്‍ വിതരണത്തിന് ഭക്ഷ്യധാന്യം സംഭരിച്ച് വിതരണം ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളാണ് രണ്ടും. വാഗണില്‍ എത്തുന്ന ഭക്ഷ്യധാന്യം ഗോഡൗണിലെത്തിക്കാനുള്ള കരാര്‍ കാലാവധി കഴിഞ്ഞ് ഒരു മാസമായിട്ടും പുതുക്കാത്തതാണു പ്രതിസന്ധിക്ക് കാരണം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ റേഷന്‍ ഉപഭോക്താക്കളുള്ള ജില്ലയിലെ ഈ ഗോഡൗണുകള്‍ പ്രവര്‍ത്തന രഹിതമായാല്‍ പൊതു വിതരണം താറുമാറാവും. കുറ്റിപ്പുറം എഫ്‌സിഐ ഗോഡൗണ്‍ രണ്ടാഴ്ച്ചയായി പ്രവര്‍ത്തിക്കുന്നില്ല. ഇവിടേക്കുള്ള ഭക്ഷ്യധാന വരവും നിലച്ചിരിക്കുകയാണ്. പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി താലൂക്കുകളിലേക്ക് റേഷന്‍ വിതരണം നടത്തുന്നത് കുറ്റിപ്പുറത്ത് നിന്നാണ്. എന്നാല്‍, രണ്ടാഴ്ച്ചയിലധികമായി ഇവിടെ ഭക്ഷ്യധാന്യങ്ങള്‍ സ്റ്റോക്ക് തീര്‍ന്ന് വിതരണം നിലച്ചിരിക്കുകയാണ്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനു ജില്ലാ പൊതുവിതരണ വിഭാഗം ഇടപ്പെട്ട് കോഴിക്കോട് നിന്നു ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചിരിക്കുകയാണ് ഇപ്പോള്‍. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കുറ്റിപ്പുറം എഫ്‌സിഐ ഗോഡൗണില്‍ നിന്നു ലോഡെടുക്കുന്ന മൂന്നൂ താലുക്കുകളിലേക്ക് മാത്രമായി 75 ലോഡ് ഭക്ഷ്യധാന്യങ്ങള്‍ ലോറി മാര്‍ഗം എത്തിച്ചു. നിലവില്‍ അങ്ങാടിപ്പുറത്ത ആവശ്യത്തിന് സ്‌റ്റോക്ക് ഉള്ളതിനാല്‍ റേഷന്‍ വിരണത്തെ ഇത് ബാധിക്കില്ലെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ എന്‍ ജ്ഞാനപ്രകാശം പറഞ്ഞു. എന്നാല്‍, കുറ്റിപ്പുറം എഫ്‌സിഐയിലെ പ്രതിസന്ധി ഉടന്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ഗോഡൗണുകള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കിലും ജില്ലയിലെ റേഷന്‍ വിതരണത്തെ ഇത് ബാധിക്കില്ലെന്നും സപ്ലൈ ഓഫിസര്‍ പറഞ്ഞു. എഫ്‌സിഐ ഗോഡൗണുകളില്‍ പ്രതിസന്ധി നേരിട്ടാല്‍ ഭക്ഷ്യധാന്യം കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലുള്ള ഗോഡൗണുകളില്‍ നിന്നു കൊണ്ടുവരാറാണു ചെയ്യാറ്. അതിനാവശ്യമായ ഭീമമായ അധിക സാമ്പത്തിക ചെലവ് സംസ്ഥാന സര്‍ക്കാരിന് ബാധ്യതയായി മാറും. അതേസമയം, തിരുനാവായ, അങ്ങാടിപ്പുറം ഗുഡ്‌സ് ഷെഡ്, രണ്ട് എഫ്‌സിഐ ഗോഡൗണുകളുമായി ബന്ധപ്പെട്ടു ഉപജീവനം തേടുന്ന 150 ഓളം ലോറികളും അനുബന്ധ തൊഴിലാളികളും ദുരിതത്തിലേക്കാണ് ഈ പ്രതിസന്ധി എത്തിക്കുന്നത്. വാഗണില്‍ എത്തുന്ന ഭക്ഷ്യധാന്യം ഗോഡൗണിലെത്തിക്കാനുള്ള കരാര്‍ ഉടന്‍ പുതുക്കുനല്‍കുമെന്നാണ് എഫ്‌സിഐ ഉദ്യോഗസ്ഥര്‍ പറയുന്നത്. എഫ്‌സിഐ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള അനാസ്ഥമൂലമാണ് കരാര്‍ പുതുക്കാത്തതെന്നാണ് തൊഴിലാളികള്‍ ആരോപിക്കുന്നത്. നിലവിലുള്ള പ്രതിസന്ധി ഉടന്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ നിവേദനം സമര്‍പ്പിക്കുമെന്നും ലോറി അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it