Flash News

എഫ്എ കപ്പില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ചെല്‍സിയും നേര്‍ക്കുനേര്‍

എഫ്എ കപ്പില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡും  ചെല്‍സിയും നേര്‍ക്കുനേര്‍
X


മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഃചെല്‍സി (രാത്രി 10, സോണി ടെന്‍ 1, 3)

ലണ്ടന്‍: ക്ലബ് ഫുട്‌ബോളിന്റെ ആരവങ്ങള്‍ക്ക് വിരാമം കുറിക്കുമ്പോള്‍ ആവേശക്കാഴ്ച ഒരുക്കാന്‍ ഇന്ന് കരുത്തരായ ചെല്‍സിയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും എഫ് എ കപ്പിന്റെ ഫൈനലില്‍ ഏറ്റുമുട്ടും. സീസണില്‍ ഒരു കിരീടം പോലും സ്വന്തമാക്കാന്‍ കഴിയാത്ത ഇരുടീമും ഫൈനലില്‍ മാറ്റുരയ്ക്കുമ്പോള്‍ പോരാട്ടം കനക്കുമെന്നുറപ്പ്. ഇതോടെ ആരാധകര്‍ക്കത് ആവേശ വിരുന്നൊരുക്കുമെന്ന് നിസ്സംശയം പറയാം. എഫ് എ കപ്പിന്റെ ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് ഇരു ടീമുകളും ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നത്. ഇതില്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ഇരുടീമും ഓരോ കപ്പും അക്കൗണ്ടിലാക്കിയിട്ടുണ്ട്. 1994ലെ ഫൈനലില്‍ ചെല്‍സിയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് യുനൈറ്റഡ് പരാജയപ്പെടുത്തിയപ്പോള്‍ 13 വര്‍ഷത്തിന് ശേഷം ഒരിക്കല്‍ കൂടി ഫൈനലില്‍ ഇരു ടീമും ഈ വെബ്ലി സ്റ്റേഡിയത്ത് പോരടിച്ചപ്പോള്‍ അധിക സമയത്ത് വീണ ഒരു ഗോളിലൂടെ ചെല്‍സി എഫ് എ കപ്പില്‍ കന്നി കിരീടം ചൂടി  ഇരട്ട മധുരം നുകര്‍ന്നു.
കരുത്തരായ രണ്ട് ടീമുകള്‍ തമ്മില്‍ മാറ്റുരയ്ക്കുന്നു എന്നതിലുപരി ജോസ് മൊറീഞ്ഞോ, അന്റോണിയോ കോന്റെ എന്ന രണ്ട് വെറ്ററന്‍ പരീശീലകര്‍ ഒരു ടൂര്‍ണമെന്റിന്റെ ഫൈനലില്‍ മുഖാമുഖമെത്തുന്നു എന്ന പ്രത്യേകതയും മല്‍സരത്തിനുണ്ട്. സെമിയില്‍ കരുത്തരായ ടോട്ടനത്തെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഫൈനല്‍ ടിക്കറ്റെടുത്തത്. എന്നാല്‍ താരതമ്യേന ദുര്‍ബലരായ സതാംപ്റ്റനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ മികവോടെയാണ് ചെല്‍സി താരങ്ങള്‍ ഇന്ന് ഫൈനലില്‍ ബൂട്ട്‌കെട്ടാനിറങ്ങുന്നത്. അടുത്ത സീസണിലെ ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായ ചെല്‍സി എഫ് എ കപ്പിലൂടെ ആശ്വാസ കിരീടം ചൂടാനാണ് ശ്രമിക്കുക. ഇക്കഴിഞ്ഞ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ അവസാന മല്‍സരത്തില്‍ ന്യൂകാസ്റ്റിലിനോട് 3-0ന് പരാജയപ്പെട്ടതോടെയാണ് ചെല്‍സിയുടെ അടുത്ത സീസണിലെ ചാംപ്യന്‍സ് ലീഗ് മോഹങ്ങള്‍ക്ക് വിള്ളല്‍ വീണത്.
പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത യുനൈറ്റഡ് 68 ഗോളുകള്‍ എ—തിര്‍ പോസ്റ്റിലേക്ക് അടിച്ചപ്പോള്‍ 28 ഗോളുകള്‍ മാത്രമാണ് വഴങ്ങിയതെന്നുള്ളത് ടീമിന്റെ ആക്രമണപ്രതിരോധ നിരയുടെ കരുത്ത് വ്യക്തമാക്കുന്നു. എന്നാല്‍ അഞ്ചാം സ്ഥാനത്തായി മല്‍സരം പൂര്‍ത്തിയാക്കിയ ചെല്‍സി 62 ഗോളുകള്‍ എതിര്‍ വലയില്‍ കോരിയിട്ടപ്പോള്‍ 38 ഗോളുകളാണ് വഴങ്ങിയത്. അവസാനമായി 2016ല്‍ യുനൈറ്റഡ് എഫ് എ കപ്പിന്റെ കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ അന്ന് ടീമിന്റെ വിജയശില്‍പിയായ ജെസ്സി ലിങ്കാര്‍ഡ്  ഇത്തവണയും ടീമിനൊപ്പം പന്ത് തട്ടാനിറങ്ങുമ്പോള്‍ ചെല്‍സിക്കത് കൂടുതല്‍ തലവേദനയുണ്ടാക്കും. താരത്തിന്‍മേലാണ് ചെല്‍സി പ്രതിരോധ നിര കൂടുതല്‍ ശ്രദ്ധ ചെലുത്തുക. കൂടാതെ ചെല്‍സിയുമായി യുനൈറ്റഡ് അവസാനം പോരാടിയപ്പോള്‍ അന്നും ജെസ്സിയുടെ ഗോള്‍ മികവിലാണ് യുനൈറ്റഡ് ചെല്‍സിയെ പൂട്ടിക്കെട്ടിയത്. എന്നാല്‍ പുതിയ വെംബ്ലി സ്റ്റേഡിയത്ത് യുനൈറ്റഡിനേക്കാള്‍ കൂടുതല്‍ തവണ വെന്നിക്കൊടി നാട്ടി എന്ന് കരുതി ചെല്‍സിക്ക് ആശ്വസിക്കാം. ഈ സ്റ്റേഡിയത്ത് 12 മല്‍സരങ്ങളില്‍ ചെല്‍സി ഇറങ്ങിയപ്പോള്‍ 10 ജയവും രണ്ട് തോല്‍വിയുമാണ് അവരുടെ അക്കൗണ്ടിലുള്ളത്. എന്നാല്‍ യുനൈറ്റഡ് നാല് മല്‍സരങ്ങളില്‍ ജയിച്ചെങ്കിലും രണ്ട് സമനിലയും രണ്ട് തോല്‍വിയും ടീം വഴങ്ങിയിട്ടുണ്ട്.
ലുക്കാക്കുവിന്റെ പരിക്കും യുനൈറ്റഡിന് വന്‍ തിരിച്ചടിയാണ്. പ്രീമിയര്‍ ലീഗില്‍ 27 ഗോളുമായി തിളങ്ങിയ യുനൈറ്റഡിന്റെ വിശ്വാസ സ്‌ട്രൈക്കറിലാണ് മൊറീഞ്ഞോ ആശങ്ക പ്രകടിപ്പിക്കുന്നത്.  വ്യത്യസ്ത കണക്കുകള്‍ ഇരു ടീമുകള്‍ക്കും ആധിപത്യം ഉറപ്പിക്കുമ്പോള്‍ ഫൈനലാണെന്നിരിക്കെ ഇരുടീമും കളത്തില്‍ നിറഞ്ഞാടിയാല്‍ മല്‍സരഫലം പ്രവചനാതീതമാവും.
Next Story

RELATED STORIES

Share it