kasaragod local

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക്

കാസര്‍കോട്:  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അവകാശങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഭരണകൂട സംവിധാനങ്ങളോട് വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന് പീഡിത ജനകീയ മുന്നണി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ പുനരധിവാസ സെല്ലും ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ക്ക് നേരെ മുഖം തിരിക്കുന്ന സാഹചര്യത്തില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്താന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും ഭാരവാഹികള്‍ അറിയിച്ചു.
ഡോക്ടര്‍മാരുടെ പ്രാഥമികപരിശോധനയ്ക്ക് ശേഷം നാലായിരത്തോളം രോഗികളാണ് 2017 ഏപ്രില്‍ മാസത്തില്‍ നടന്ന പ്രത്യേകമെഡിക്കല്‍ ക്യാമ്പിലെത്തിയത്. ഫീല്‍ഡ് സര്‍വ്വെ അടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് 1905 പേരുടെ ലിസ്റ്റ് ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ സെല്‍ യോഗത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സാങ്കേതിക കാരണം പറഞ്ഞ് മാറ്റിവെക്കുകയായിരുന്നു. ദുരിതങ്ങളുടെ തോത് കുറയ്ക്കുന്നതിന് ഇത് 287 ആയി ചുരുക്കി.  കീടനാശിനി ലോബികള്‍ക്കു വേണ്ടിയാണ് ഇത്തരമൊരട്ടിമറി നടത്തിയത്.
ദുരിതബാധിതര്‍ക്കു വേണ്ടി സുപ്രീം കോടതി നടത്തിയ സുപ്രധാന വിധി നടപ്പാക്കാതിരിക്കുന്നത് ആര്‍ക്ക് വേണ്ടിയാണെന്ന് ഭാരവാഹികള്‍ ആരാഞ്ഞു. ബഡ്‌സ് സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് വേണ്ടി നബാര്‍ഡ്  ആവശ്യമായ തുക അനുവദിച്ചിട്ടും പെരിയ മഹാത്മാ ബഡ്‌സ് സ്‌കൂളിനു മാത്രമാണ് കെട്ടിടം പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തത്.
നഷ്ടപരിഹാരത്തിനായി കഴിഞ്ഞ മന്ത്രിസഭയില്‍ എം എ ല്‍എആയിരുന്ന സമയം സ്വകാര്യ ബില്ല് അവതരിപ്പിച്ച ഇ ചന്ദ്രശേഖരന്‍ മന്ത്രിയായപ്പോള്‍  ഒന്നും പറയുന്നില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.
കേരളാ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ഗോഡൗണുകളില്‍ രണ്ടു പതിറ്റാണ്ടിലധികം കാലമായി ദ്രവിച്ചുകൊണ്ടിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ നീക്കം ചെയ്തു നിര്‍വീര്യമാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നില്ല. സര്‍ക്കാര്‍ നയത്തിനെതിരേ  11 ന് കലക്ടറേറ്റിന് മുമ്പില്‍ ഏകദിന സൂചനാ ഉപവാസം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it