kasaragod local

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്റെ മരണം : ഡോക്ടര്‍മാര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന്



കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ പനത്തടിയിലെ കെ എസ് മാത്യുവിന്റെ മകന്‍ ജീന്‍സ് മാത്യു(22)വിന്റെ മരണം അനസ്തീസ്യയിലെ അപാകതമൂലമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് വ്യക്തമാക്കിയതോടെ ജീന്‍സിനെ ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍മാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത സംരക്ഷണ മുന്നണി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജീന്‍സ് മാത്യുവിനെ മാര്‍ച്ച് നാലിന്് ചികില്‍സയ്ക്കായി കാഞ്ഞങ്ങട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അസുഖം ഗുരുതരമാണെന്നും പെട്ടെന്ന് ശസ്ത്രക്രിയ നടത്തണമെന്നും പറഞ്ഞ് രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിക്കുകയും ശസ്ത്രക്രിയ നടത്തുകയുമായിരുന്നു. സാധാരണ ശസ്ത്രക്രിയക്ക്് മുമ്പ് സ്വീകരിക്കുന്ന പരിശോധനകളോ മുന്‍കരുതലുകളോ ഡോക്ടര്‍മാരുടെ ഭാഗത്തു നിന്നുണ്ടായിരുന്നില്ലെന്ന് ഭാരവാഹികള്‍ ആരോപിച്ചു. ശസ്ത്രക്രിയക്ക് ശേഷം കുട്ടിയുടെ സ്ഥിതി വഷളാവുകയും മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഇവിടെ വച്ച് മാര്‍ച്ച് 11ന് ഉച്ചയോടെയാണ് ജീന്‍സ് മാത്യു മരിച്ചത്. മരണത്തിന് കാരണം ചികില്‍സാപ്പിഴവാണെന്ന് കാണിച്ച് ജില്ലാ കലക്ടര്‍, ഡിജിപി, എന്‍ഡോസള്‍ഫാന്‍ റീഹാബിലിറ്റേഷന്‍ സെല്‍ എന്നിവിടങ്ങളില്‍ പരാതിയും നല്‍കിയിരുന്നു. പരാതി പ്രകാരം അസ്വാഭാവിക മരണത്തിന് ഹോസ്ദുര്‍ഗ്് പോലിസ് കേസ് റജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ബന്ധുക്കളുടെ നിര്‍ബന്ധപ്രകാരം മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തിരുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ അനശ്ചിതകാല സമര പരിപാടികള്‍ ആരംഭിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സുഭാഷ് ചീമേനി, പ്രവീണ മാവുങ്കാല്‍, കെ എസ് മാത്യു, കെ കെ അശോകന്‍, രാജീവ് തോമസ്, ജയകുമാര്‍, എം വി രവീന്ദ്രന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it