Flash News

എന്‍ജിനീയറിങ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ; ആദ്യഘട്ട അലോട്ട്‌മെന്റ് 27ന്



തിരുവനന്തപുരം: കേരള എന്‍ജിനീയറിങ് ആന്റ് ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പിആര്‍ ചേംബറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. ഉഷ ടൈറ്റസാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. കോഴിക്കോട് പുതിയറ സ്വദേശി എന്‍ ഷാഫില്‍ മഹീനാണ് സംസ്ഥാന തലത്തില്‍ ഒന്നാം റാങ്ക് ലഭിച്ചത്. 600ല്‍ 587.13 മാര്‍ക്ക് നേടിയാണ് ഷാഫില്‍ ഒന്നാമതെത്തിയത്. ആദ്യ പത്തു റാങ്കുകളും ആണ്‍കുട്ടികള്‍ നേടി. 90,806 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 72,440 പേര്‍ പ്രവേശനത്തിന് യോഗ്യത നേടി. ഇവരില്‍ 61,716 പേര്‍ റാങ്ക് ലിസ്റ്റില്‍ ഇടം നേടി. എന്‍ജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് യോഗ്യത നേടിയ വിദ്യാര്‍ഥികളുടെ രണ്ടാംവര്‍ഷ പ്ലസ്ടു പരീക്ഷാ മാര്‍ക്ക് ലിസ്റ്റുമായി (ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്) തുല്യ അനുപാതത്തില്‍ സമന്വയിപ്പിച്ചാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. പ്രവേശന പരീക്ഷയുടെ പേപ്പര്‍-1ന് (ഫിസിക്‌സ്, കെമിസ്ട്രി) ലഭിച്ച മാര്‍ക്കുമായി സമന്വയിപ്പിച്ചാണ് ഫാര്‍മസി റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്. അപേക്ഷയിലെ ന്യൂനതകള്‍ കാരണം എന്‍ജിനീയറിങ് വിഭാഗത്തില്‍ 107 വിദ്യാര്‍ഥികളുടെയും ഫാര്‍മസി വിഭാഗത്തില്‍ 158 പേരുടെയും ഫലം തടഞ്ഞുവച്ചിട്ടുണ്ട്. ഇതോടൊപ്പം പ്ലസ്ടു രണ്ടാംവര്‍ഷ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് ഹാജരാക്കാത്ത 699 വിദ്യാര്‍ഥികളുടെയും പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടില്ല. ആദ്യ 5000 റാങ്കുകളില്‍ 2,535 വിദ്യാര്‍ഥികള്‍ കേരള സിലബസില്‍ പ്ലസ്ടു പൂര്‍ത്തിയാക്കിയവരാണ്. 2,280 പേര്‍ സിബിഎസ്ഇ വിഭാഗത്തിലും 140 വിദ്യാര്‍ഥികള്‍ ഐസിഎസ്ഇ വിഭാഗത്തിലും 45 പേര്‍ മറ്റു സിലബസുകളിലും പഠിച്ച വിദ്യാര്‍ഥികളാണ്. എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് 27ന് നടക്കും. തുടര്‍ന്ന് ആദ്യഘട്ട അലോട്ട്‌മെന്റ് 30നും രണ്ടാംഘട്ടം ജൂലൈ പത്തിനും മൂന്നാംഘട്ട അലോട്ട്‌മെന്റ് ജൂലൈ 20നും നടക്കും. പ്രവേശന നടപടികള്‍ അവസാനിപ്പിക്കുന്നത് ആഗസ്ത് 15നാണ്. എന്‍ജിനീയറിങ് വിഭാഗത്തില്‍ 159 കോളജുകളിലായി 54,606 സീറ്റുകളാണുള്ളത്.  ഇതില്‍ 33,000ഓളം സീറ്റുകള്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് അലോട്ട്‌മെന്റിനായി ലഭ്യമാക്കും.
Next Story

RELATED STORIES

Share it