എന്‍ജിഒകള്‍ക്കെതിരായ നടപടി: കേന്ദ്രത്തിനെതിരേ സന്നദ്ധസംഘടനകള്‍

ന്യൂഡല്‍ഹി: സര്‍ക്കാരിതര സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ വിദേശ ധനസഹായത്തിനു നിയന്ത്രണമേര്‍പ്പെടുത്തുന്ന സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരേ സന്നദ്ധ പ്രവര്‍ത്തകര്‍.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളെ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുകയാണെന്ന് 'സപ്പോര്‍ട്ട് സെല്‍ ഫോര്‍ സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷന്‍സ്' കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
10,500 ലേറെ സംഘടനകളുടെ എഫ്‌സിആര്‍എ (ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റഗുലേഷന്‍ ആക്ട്) ലൈസന്‍സ് റദ്ദാക്കുകയോ സസ്‌പെന്‍ഡ് ചെയ്യുകയോ വഴി ശതകോടി രൂപയുടെ വിദേശ ധനസഹായമാണു മുടങ്ങിക്കിടക്കുന്നതെന്നും താഴെത്തട്ടിലുള്ള ജനാധിപത്യവല്‍ക്കരണത്തെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ ഈ ഫണ്ടുകള്‍ക്കു കഴിയുമായിരുന്നെന്നും സന്നദ്ധപ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
എഫ്‌സിആര്‍എ നിയമത്തിന് കീഴിലെ ചട്ടങ്ങള്‍ സ്വാഭാവികനീതിയുടെ തത്വങ്ങള്‍ക്കെതിരാണെന്ന് കോമണ്‍വെല്‍ത്ത് ഹ്യൂമന്‍ റൈറ്റ്‌സ് ഇനീഷ്യേറ്റീവിന്റെ വെങ്കടേഷ് നായക് പറഞ്ഞു. പോരായ്മകളുള്ള പ്രസ്തുത നിയമം, വിമത ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണെന്നും നായക് പറഞ്ഞു.
സര്‍ക്കാരിന്റെ കാപട്യമാണ് പുതിയ സംഭവവികാസങ്ങളിലൂടെ പ്രകടമാവുന്നതെന്ന് ലോയേഴ്‌സ് കലക്ടീവ് എന്ന സര്‍ക്കാരിതര സംഘടനയുടെ ഭാഗമായ മുതിര്‍ന്ന അഭിഭാഷകന്‍ ആനന്ദ് ഗ്രോവര്‍ പറഞ്ഞു. ലോയേഴ്‌സ് കലക്ടീവിന്റെ വിദേശ ധനസഹായ ലൈസന്‍സ് ഈയിടെ കേന്ദ്രം സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാര്‍ശ്വവല്‍കൃത സമുദായങ്ങളുടെ ജനാധിപത്യവല്‍ക്കരണ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുകയെന്ന തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടെന്ന് നാഷനല്‍ കാംപയിന്‍ ഫോര്‍ ദലിത് റൈറ്റ്‌സിന്റെ ഭാഗമായ പോള്‍ ദിവാകര്‍ പറഞ്ഞു. ദലിത്, ആദിവാസി സമൂഹങ്ങള്‍ക്കായി സര്‍ക്കാരിതര സംഘടനകള്‍ ലഭ്യമാക്കുന്ന വിഭവങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ നിന്ന് ഇവരെ തടയുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് ദിവാകര്‍ പറഞ്ഞു.
സംഭാവന നല്‍കുന്നവര്‍ക്കെതിരേ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കുകളുടെ നിയമസാധുതയെ സംഘടനകള്‍ ചോദ്യംചെയ്തു. കൂടാതെ ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയ നിരീക്ഷണ പട്ടികയ്‌ക്കെതിരേയും വിമര്‍ശനമുയര്‍ന്നു.
Next Story

RELATED STORIES

Share it