എണ്ണ പര്യവേഷണം: പുതിയ നയത്തിന് അംഗീകാരം

ന്യൂഡല്‍ഹി: എണ്ണ-വാതക പര്യവേഷണം, ലൈസന്‍സ്, വിലനിര്‍ണയം തുടങ്ങിയവയുമായി ബന്ധപ്പെട്ട പുതിയ നയത്തിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. സങ്കീര്‍ണമായ പ്രദേശങ്ങളില്‍ പര്യവേഷണം നടത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുന്നതാണു പുതിയ നയം. വരുമാനം പങ്കുവയ്ക്കുന്നതിനെ അടിസ്ഥാനപ്പെടുത്തിയുള്ള നയത്തിനാണു സര്‍ക്കാര്‍ രൂപംനല്‍കിയതെന്നു പെട്രോളിയം മന്ത്രി ധര്‍മേന്ദ്രപ്രധാന്‍ പറഞ്ഞു. ചെലവ്, വരുമാനം തുടങ്ങിയവയുടെ അടിസ്ഥാനത്തിലായിരുന്നു ഇതുവരെയുള്ള നയം.
ആഴക്കടല്‍, ഉയര്‍ന്ന സമ്മര്‍ദ്ദമുള്ള പ്രദേശങ്ങള്‍, പ്രയാസകരമായ താപനിലയുള്ള പ്രദേശങ്ങള്‍ എന്നിവയെയാണു പര്യവേഷണത്തിനു പ്രയാസമുള്ള പ്രദേശങ്ങളായി കണക്കാക്കിയിരിക്കുന്നത്. ഇത്തരം പ്രദേശങ്ങളെ 2014ല്‍ തയ്യാറാക്കിയ നയത്തില്‍ പ്രത്യേകമായി പരിഗണിച്ചിരുന്നില്ല. നിരവധി കാരണങ്ങളാല്‍ ചില പ്രദേശങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ ഓഹരിവയ്ക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍ സര്‍ക്കാര്‍ ഒപ്പുവച്ചിരുന്നില്ലെന്നു മന്ത്രി പറഞ്ഞു. പാരമ്പര്യ, പാരമ്പര്യേതര ഹൈഡ്രോ കാര്‍ബണുകള്‍ ഖനനം ചെയ്യാന്‍ പുതിയ ലൈസന്‍സ് നയം അനുമതിനല്‍കുന്നുണ്ട്. ഒറ്റ ലൈസന്‍സ് കൊണ്ടുതന്നെ ഇതു സാധ്യമാവും. അസംസ്‌കൃത എണ്ണയ്ക്കും വാതകത്തിനും ഇതു വിപണിയില്‍ സ്വാതന്ത്ര്യം നല്‍കും- മന്ത്രി പറഞ്ഞു. രാജ്യത്തെ 50 മില്യന്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്കു പാചകവാതക സബ്‌സിഡി നല്‍കുന്നതിന് 8000 കോടി അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. പെട്രോളിയം മേഖലയിലെ 28 കരാറുകള്‍ നീട്ടിനല്‍കാനും തീരുമാനമായി.
Next Story

RELATED STORIES

Share it