kasaragod local

എട്ട് സെന്റ് സ്ഥലത്ത് സമൃദ്ധമായ കൃഷി; ചാക്കോച്ചന്‍ ഒരു മാതൃകയാണ്



കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്തിലെ പുതുമന ചാക്കോയുടെ വീട്ടുമുറ്റത്തെ തോട്ടം ആരേയും അതിശയിപ്പിക്കുന്നതാണ്. . വിവിധ ഏജന്‍സികളെ സഹകരിപ്പിച്ചു സ്വയംപര്യാപ്ത മാലിന്യമുക്ത ജൈവ കൃഷി നടപ്പിലാക്കുകയാണ് ഇദ്ദേഹം നേതൃത്വം നല്‍കുന്ന കാസര്‍കോട് ടൂറിസം ഡവലപ്‌മെന്റ് സൊസൈറ്റി (കെടിഡിഎസ്). അനുദിനം കുന്നുകൂടുന്ന മാലിന്യങ്ങളില്‍ നിന്നും ഭക്ഷ്യവിഷ വസ്തുക്കളില്‍ നിന്നും നാടിനെ രക്ഷിക്കുകയെന്നതാണ് ലക്ഷ്യം. ചാക്കോ ജോസഫിന്റെ സൗത്തിലെ എട്ടു സെന്റിലെ വീട്ടുമുറ്റത്തും ടെറസിലും ഒന്നു നോക്കിയാല്‍ എണ്ണിയാല്‍ തീരാത്തത്ര ഇനം പച്ചക്കറികളും ബോണ്‍സായി ഫലവൃക്ഷങ്ങളും തഴച്ചുവളരുന്നതു കാണാം. അപൂര്‍വമായി മാത്രം കണ്ടുവരുന്ന ഡ്രാഗണ്‍ ഫ്രൂട്ടും ഇവിടെ വളരുന്നു. മാത്രവുമല്ല ഉറുമാമ്പഴം നിറയെ കായ്ച്ചു നില്‍ക്കുന്ന ഗ്രോ ബാഗുകളില്‍ നെല്ലും വലിയ പ്രത്യേക ടാര്‍പ്പോളിന്‍ ചാക്കുകളില്‍ കദളിയും നേന്ത്രനും കാച്ചിലും ചേനയും ചേമ്പും കപ്പയും ഇഞ്ചിയുമെല്ലാം സമൃദ്ധമായി വളരുന്നു.  ഒരു നാടന്‍ പശുവിനെയും വളര്‍ത്തുന്നു. എല്ലാത്തിനും ജീവാമൃതമാണ് വളമായി ഉപയോഗിക്കുന്നത്. ഒരു കിലോ വരെ വളര്‍ച്ചയെത്തുന്ന ആസാം വാള മീനും ഒപ്പം ഗ്രാമപ്രിയ കോഴികളും ഈ കൊച്ചു പുരയിടത്തില്‍ വളരുന്നു. ആകെ ആയിരം ബാഗുകളിലുള്ള എല്ലാ വിളകളും നനയ്ക്കാന്‍ ഒരു മണിക്കൂര്‍ മതിയെന്നാണ് കോട്ടയത്ത് നിന്നും കുടിയേറിയ ഈ കര്‍ഷകന്‍ പറയുന്നത്.  സൊസൈറ്റി അടുത്തുതന്നെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അഞ്ഞൂറു കര്‍ഷക ഗ്രൂപ്പുകള്‍ക്ക് തുടക്കമിടും. ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും നടന്നുവരുന്നു. കൃഷി ആരംഭിക്കുന്നത് മുതല്‍ അവസാനം വരെ ആവശ്യമുള്ള നടീല്‍ വസ്തുക്കള്‍, വളര്‍ച്ചയ്ക്കും കീടാക്രമണത്തില്‍ നിന്നും രക്ഷയ്ക്ക്് ജൈവ രീതിയില്‍ നിര്‍മിച്ച ലായിനികള്‍, ആവശ്യമായ ജൈവ വളങ്ങള്‍ എന്നിവ യഥാസമയം എത്തിച്ചുകൊടുക്കും. ഏറെക്കാലം ടൂറിസം രംഗത്തും ചാക്കോ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ബേക്കല്‍ പള്ളിക്കര ബീച്ചിന്റെ മുഖഛായ മാറ്റിയതു ഇദ്ദേഹം ചുമതല വഹിച്ചിരുന്ന കാലത്താണ്. ഭാര്യ മേരിക്കുട്ടിയും എല്ലാ പ്രോത്സാഹനവുമായുണ്ട്.
Next Story

RELATED STORIES

Share it