kannur local

എടക്കാട് പെട്രോള്‍ പമ്പിന് സമീപം വാഹനാപകടങ്ങള്‍ തുടര്‍ക്കഥ ; മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല



എടക്കാട്: എടക്കാട് പെട്രോള്‍ പമ്പിന് സമീപം വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു. ഇന്നലെ കടമ്പൂര്‍ സ്വദേശിനിയായ യുവതി ബസ്സിടിച്ചു മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. എടക്കാട് ബസാറിലേക്ക് പോവുന്ന പഴയ ദേശീയപാതയും ബൈപാസും ചേരുന്ന ഇവിടെ പെട്രോള്‍പമ്പിലേക്ക് പോവുന്നതും പമ്പില്‍ നിന്ന് തിരിച്ചിറങ്ങുന്നതുമായ വാഹനങ്ങളാണ് അപകടത്തില്‍പ്പെടുന്നത്. തലശ്ശേരി-കണ്ണൂര്‍ ഭാഗത്തുനിന്ന് കുതിച്ചെത്തുന്ന ബസ്സുകളാണ് പലപ്പോഴും അപകടങ്ങള്‍ വരുത്തുന്നത്. ഇതിന് മുമ്പും ഇവിടെ ബൈക്ക് യാത്രികരും കാല്‍നട യാത്രികരും അപകടത്തില്‍പ്പെട്ട് മരണപ്പെട്ടിരുന്നു. അപകടാവസ്ഥയേറിയ പ്രദേശമായിട്ടും മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഇന്നലെ എടക്കാട് ബസാറില്‍നിന്ന് പെട്രോള്‍ പമ്പിലേക്ക് എണ്ണയടിക്കാന്‍ വരവെയാണ് തലശ്ശേരി ഭാഗത്തുനിന്നെത്തിയ ബസ്സിടിച്ച് കടമ്പൂര്‍ സ്വദേശിനിയായ ബൈക്ക് യാത്രക്കാരി മരണപ്പെട്ടത്. പെട്രോള്‍ പമ്പിന്റെ എതിര്‍ദിശയില്‍ കടമ്പൂര്‍ ഭാഗത്തേക്ക് പോക്കറ്റ് റോഡുമുണ്ട്. ഇവിടെനിന്ന് ദേശീയപാതയിലേക്ക് കടക്കുന്ന വാഹനങ്ങളും അപകടത്തില്‍പ്പെടുന്നു. ബൈപാസില്‍ പോസ്റ്റ് ഓഫിസിന് സമീപവും അപകടം പതിവാണ്. എടക്കാട് ബീച്ച് റോഡിലേക്കും ബസാറിലേക്കും ബൈപാസ് മുറിച്ചുകടക്കുന്ന വാഹനങ്ങളും കാല്‍നട യാത്രക്കാരുമാണ് ഇവിടെ അപകടത്തില്‍പ്പെടുന്നത്. നാട്ടുകാര്‍ പലതവണ പ്രതിഷേധമുയര്‍ത്തിയിട്ടും നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല.
Next Story

RELATED STORIES

Share it