World

എച്ച്1ബി വിസ: നടപടിക്രമങ്ങള്‍ യുഎസ് കൂടുതല്‍ കര്‍ശനമാക്കും

വാഷിങ്ടണ്‍: എച്ച്1 ബി വിസയ്ക്കായുള്ള നടപടിക്രമങ്ങള്‍ യുഎസ് കൂടുതല്‍ കര്‍ശനമാക്കും. മാതൃ സ്ഥാപനത്തില്‍ നിന്ന് മറ്റു സ്ഥാപനങ്ങളിലേക്ക് താല്‍ക്കാലിക ജോലിക്കായി (ഡെപ്യൂട്ടേഷന്‍) പോവുന്ന ജീവനക്കാര്‍ക്കുള്ള വിസയുടെ ചട്ടങ്ങളിലാണ് വ്യവസ്ഥകള്‍ കര്‍ശനമാക്കുന്നത്.
ജീവനക്കാര്‍ മറ്റു സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്ന സാഹചര്യങ്ങളില്‍ വ്യക്തമായ വിശദീകരണമില്ലാതെ വിസ അനുവദിക്കേണ്ടെന്നാണ് പുതിയ തീരുമാനം. ഐടി അടക്കമുള്ള രംഗങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ യുഎസ് സര്‍ക്കാരിന്റെ നീക്കം ബാധിക്കും. ജീവനക്കാരെ മറ്റു സ്ഥാപനങ്ങളിലേക്ക് ജോലിക്കയക്കുന്നതിന്റെ വിശദീകരണം കമ്പനികള്‍ നല്‍കണമെന്ന് പുതിയ ചട്ടങ്ങള്‍ വ്യവസ്ഥ ചെയ്യുന്നു. ഒപ്പം ജിവനക്കാരുടെ തൊഴില്‍ നൈപുണ്യവും വ്യക്തമാക്കണം. എങ്കില്‍ മാത്രമേ ജോലി അവസാനിക്കുന്ന കാലാവധി വരെയുള്ള എച്ച്1 ബി വിസ നല്‍കാനാവൂവെന്നും ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്യുന്നു. ഡപ്യൂട്ടേഷന്റെ ഭാഗമായി ഇതര കമ്പനികളിലേക്കു പോകുന്നവര്‍ക്ക് മൂന്നു വര്‍ഷത്തില്‍ താഴെ മാത്രമേ വിസ നല്‍കൂവെന്നും വ്യവസ്ഥയില്‍ പറയുന്നു.
യുഎസ് സ്വദേശികളായ വിദഗ്ധ തൊഴിലാളികളുടെ അഭാവത്തിലാണ് വിദേശികള്‍ക്ക് തൊഴിലിനായി എച്ച്1 ബി താല്‍ക്കാലിക വിസ അനുവദിക്കുന്നത്. പ്രതിവര്‍ഷം ഒന്നേകാല്‍ ലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക് ഈ വിസ കിട്ടുന്നുണ്ട്. യുഎസിലെ ബാങ്കിങ്, ടൂറിസം, വാണിജ്യ സേവനം തുടങ്ങിയ രംഗങ്ങളിലുള്ള  സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള ഐടി ജിവനക്കാരുടെ സേവനം തേടാറുണ്ട്്.
ജോലികളില്‍ നാട്ടുകാര്‍ക്കു മുന്‍ഗണന നല്‍കുകയെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയത്തിന്റെ അടിസ്ഥാനത്തിലാണു വിസ അനുവദിക്കുന്നതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
Next Story

RELATED STORIES

Share it