Kollam Local

എഐവൈഎഫിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന്

കൊല്ലം: പുനലൂരിലെ പ്രവാസിയുടെ ആത്മഹത്യയില്‍ എഐവൈഎഫിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് എഐവൈഎഫ് ജില്ലാ പ്രസിഡന്റ് എസ് വിനോദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എഐവൈഎഫ് പ്രവാസി സംരഭകനായ സുഗതകനെതിരേയല്ല സമരം നടത്തിയത്.
നിലം നികത്താനും സ്ഥാപനം നടത്താനും അനുമതി നല്‍കിയ വിളക്കുടി പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരേയാണ്. സുഗതനുമായി ഒരു പണമിടപാടും നടത്തുകയോ പണം ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല.
പഞ്ചായത്ത് അധികൃതര്‍ക്കെതിരേ തങ്ങളെക്കൂടാതെ യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്‌ഐ, ബി.ജെപി തുടങ്ങിയവരും സമരവുമായി വരാനിരിക്കെയായിരുന്നു.
എന്നാല്‍ എഐവൈഎഫ് മാത്രമാണ് ആദ്യം സമരവുമായെത്തിയത്. ഒരു സ്ഥാപനും തുടങ്ങാന്‍ നിമയസാധുതയില്ലാത്ത ഒരു സ്ഥലത്ത് പ്രവാസിയായ സുഗതന് വര്‍ക് ഷോപ്പ് തുടങ്ങാന്‍ മൗനാനുമതി കൊടുത്ത പഞ്ചായത്ത് പ്രസിഡന്റ് സി വിജയന്റെ അഴിമതി ചൂണ്ടിക്കാട്ടിയതാണ് എഐവൈഎഫ് സമരം ചെയ്തത്. ഈ അഴിമതിയില്‍ ഉള്‍പ്പെട്ട മറ്റ് പലരേയും രക്ഷപെടുത്താനായി എഐവൈഎഫിനെ ബലിയാടാക്കുകയാണ്.
തങ്ങളുടെ മേല്‍ കുറ്റം ആരോപിക്കാനും അടിച്ചേല്‍പ്പിക്കാനും കള്ളക്കേസില്‍ കുടുക്കാനും പ്രദേശത്തെ ചില പ്രാദേശിക സിപിഎം നേതൃത്വം ശ്രമിക്കുന്നതായും വിനോദ് ആരോപിച്ചു.
തങ്ങളെ കള്ളക്കേസില്‍ കുടുക്കാനും ഇവര്‍ ശ്രമിക്കുന്നുണ്ട്. ഇതിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കാന്‍ തീരുമാനിച്ചു.
അനധികൃത നിലം നികത്തുന്നതിന് അനുമതി നല്‍കിയ വിളക്കുടി പഞ്ചായത്തിലേക്ക് മാര്‍ച്ച് ആറിന് എഐവൈഎഫിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തുമെന്നും സുഗതന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും എസ് വിനോദ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കുന്നിക്കോട് മണ്ഡലം പ്രസിഡന്റ് എം മഹേഷും പങ്കെടുത്തു.
Next Story

RELATED STORIES

Share it