Flash News

എംഎല്‍എമാരുടെ പദ്ധതി സമര്‍പ്പണത്തില്‍ വീഴ്ച ; ചെലവഴിച്ചില്ലെങ്കില്‍ ഫണ്ട്മാര്‍ച്ചോടെ നഷ്ടമാവും



എന്‍ എ ശിഹാബ്

തിരുവനന്തപുരം: എംഎല്‍എമാരുടെ ആസ്തി വികസന ഫണ്ടില്‍ പെടുത്തി നിര്‍ദേശിച്ച പദ്ധതികളില്‍ രൂപരേഖ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ഈ മാസം 31വരെ ദീര്‍ഘിപ്പിച്ച് ധനകാര്യവകുപ്പ് ഉത്തരവ്. ഇങ്ങനെ അംഗീകാരം ലഭിക്കുന്ന പദ്ധതികള്‍ക്ക് അനുവദിക്കുന്ന തുക അടുത്ത മാര്‍ച്ച് 31നകം ചെലവഴിക്കണമെന്നും അല്ലെങ്കില്‍ തുക നഷ്ടമാവുമെന്നും ഉത്തരവില്‍ പറയുന്നു. എംഎല്‍എമാരുടെ ആസ്തി വികസന ഫണ്ട് ചെലവഴിക്കുന്നതിനുള്ള മാര്‍ഗരേഖ അനുസരിച്ച് പദ്ധതി രൂപരേഖ സമര്‍പ്പിക്കാനുള്ള സമയം സപ്തംബര്‍ 30ന് അവസാനിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. സപ്തംബറില്‍ നിരവധി അവധിദിവസങ്ങളുണ്ടായ സാഹചര്യത്തില്‍ കാലാവധി ദീര്‍ഘിപ്പിക്കണമെന്ന് കാണിച്ച് അപേക്ഷകള്‍ ധനവകുപ്പിന് ലഭിച്ചിരുന്നു. 2012ല്‍ യുഡിഎഫ് സര്‍ക്കാരാണ് എംഎല്‍എമാര്‍ക്കു നിയോജകമണ്ഡലത്തിലെ ആസ്തിവികസനത്തിനു പ്രതിവര്‍ഷം അഞ്ചുകോടി രൂപ വീതം അനുവദിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ യഥാസമയം പദ്ധതി രൂപരേഖ സമര്‍പ്പിക്കുന്നതില്‍ ഉേദ്യാഗസ്ഥതലത്തില്‍ വീഴ്ചയുണ്ടായി. പദ്ധതി തുക നേടിയെടുക്കാന്‍ ജനപ്രതിനിധികള്‍ക്കും കഴിഞ്ഞില്ല. 2012 മുതല്‍ സമര്‍പ്പിച്ച പദ്ധതികള്‍ നടപ്പാക്കാന്‍ സാവകാശം അനുവദിക്കണമെന്ന ജനപ്രതിനിധികളുടെ അപേക്ഷ കണക്കിലെടുത്ത് 2016 മാര്‍ച്ച് 31വരെയും പിന്നീട് 2017 മാര്‍ച്ച് 31 വരെയും സമയം ദീര്‍ഘിപ്പിച്ചിരുന്നു. യഥാസമയം പദ്ധതിരേഖ സമര്‍പ്പിക്കാത്തതിനാല്‍ എംഎല്‍എമാരുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് 500 കോടിയിലേറെ നഷ്ടമാവുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. ഭരണാനുമതി ലഭിക്കാത്ത  പദ്ധതികളുടെ കൃത്യമായ കണക്കു ലഭ്യമല്ല. പല എംഎല്‍എമാര്‍ക്കും അഞ്ചുകോടി രൂപ വരെയുള്ള പദ്ധതികള്‍ക്കു ഭരണാനുമതി കിട്ടാനുണ്ട്. നാലുവര്‍ഷത്തേക്ക് 20 കോടി രൂപ എംഎല്‍എമാര്‍ക്കു ലഭിക്കേണ്ടതായിരുന്നുവെങ്കിലും പദ്ധതി രൂപരേഖ സമര്‍പ്പിക്കാതിരുന്നതിനാല്‍ മുഴുവന്‍ തുക ഭൂരിഭാഗം പേര്‍ക്കും ലഭിച്ചില്ല. അതേസമയം, അഞ്ചുവര്‍ഷം മുമ്പു സമര്‍പ്പിച്ച പല പദ്ധതികള്‍ക്കും ഇപ്പോള്‍ പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണ്. പഴയ പദ്ധതി മാറ്റി പുതിയ പദ്ധതി സമര്‍പ്പിക്കാന്‍ പലരും അനുമതി തേടിയിരുന്നു. പദ്ധതികള്‍ മാറ്റി സമര്‍പ്പിക്കാന്‍ അനുവദിക്കില്ലെന്നും ധനവകുപ്പ് അറിയിച്ചു. ഓരോ സാമ്പത്തികവര്‍ഷവും ശേഷിക്കുന്ന ഫണ്ട് മറ്റു സാമ്പത്തികവര്‍ഷത്തെ പദ്ധതികളുമായി ചേര്‍ക്കാനും അനുവദിക്കില്ല. എംഎല്‍എ മാറിയാലും അതേ പദ്ധതി പുതിയ എംഎല്‍എയ്ക്കു വീണ്ടും സമര്‍പ്പിക്കാമെന്നും ധനവകുപ്പ് വ്യക്തമാക്കി.ഹാദിയയുടെ സ്വാതന്ത്ര്യത്തിനൊപ്പം നില്‍ക്കണമെന്ന് സാംസ്‌കാരിക നായകര്‍
Next Story

RELATED STORIES

Share it