malappuram local

ഊര്‍ങ്ങാട്ടിരി ചെറുപുഴ പാലം അപകടഭീഷണിയില്‍

അരിക്കോട്: ഊര്‍ങ്ങാട്ടിരി ഗ്രാമപ്പഞ്ചായത്ത് അശാസ്ത്രീയമായി നിര്‍മിച്ച കെട്ടിടം ചെറുപുഴ പാലത്തിന് അപകട ഭീഷണിക്ക് കാരണമാവുന്നു. പുഴയോര ഭൂമിയില്‍ ഇരുപ്പത്തൊന്‍പത് ലക്ഷം ചിലവിട്ട്് നിര്‍മാണം പൂര്‍ത്തീകരിച്ച പച്ചക്കറി വിപണന കെട്ടിടവും മണ്ണിടിച്ചില്‍ ഭീഷണിയിലാണുള്ളത്.
കെട്ടിടത്തിന്റെ പിറകുവശത്ത് അര മീറ്റര്‍ അകലം വരെ പുഴയോരം വെള്ളത്തിന്റെ ഒഴുക്കില്‍ ഇടിഞ്ഞുപോയിരിക്കുകയാണ്. കെട്ടിടം തകര്‍ന്ന് പുഴയിലേക്ക് വീണാല്‍ കോടികള്‍ മുടക്കി നിര്‍മിച്ച ചെറുപുഴ പാലം അപകടത്തിലാവും. പാലത്തിന്റെ അപ്രോച്ച് റോഡ് സ്ലാബിന് സമീപത്തുനിന്ന് കുറഞ്ഞ അകലം മാത്രമുള്ള കെട്ടിടമാണ് അപകട ഭീഷണി നേരിടുന്നത്. പാലത്തിന്റെ അപ്രോച്ച് റോഡ് സ്ലാബിന് സമീപം നിര്‍മാണപ്രവര്‍ത്തനം പാടില്ല എന്ന നിബന്ധന ലംഘിച്ചുകൊണ്ടാണ് കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കിയത്. കെട്ടിടം നിര്‍മിച്ചത് ഫണ്ട് ചെലവഴിക്കാന്‍ മാത്രമാണെന്ന ആരോപണവും ഉയരുന്നുണ്ട്.
പുഴ പുറമ്പോക്ക് റവന്യൂ ഭൂമിയാതിനാല്‍ തീരഭൂമിയില്‍ അറുപത് മീറ്റര്‍ വരെ നിര്‍മാണ പ്രവര്‍ത്തനം പാടില്ലെന്ന നിയമം പാലിക്കാതെ റവന്യു ഉദ്യോഗസ്ഥരുടെ അനുമതി തേടാതെയാണ് കെട്ടിട നിര്‍മാണം നടത്തിയത്. അശാസ്ത്രീയമായ പ്ലാനിങ് കാരണം തീരഭൂമി ഇടിയുകയും കെട്ടിടം അപകട ഭീഷണിയിലാവുകയും ചെയ്തതിനെ തുടര്‍ന്ന് പുഴ സംരക്ഷണഭിത്തി നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത്്. കെട്ടിടം തകര്‍ന്ന് പുഴയിലേക്ക് പതിച്ചാല്‍ ചെറുപുഴ പാലം അപകട ഭീഷണിയിലാവുകയും ചെറുപുഴയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുകയും ചെയ്യും.
അടുത്തിടെയുണ്ടായ പ്രളയത്തില്‍ ഈ കെട്ടിടം ഉള്‍പ്പെടെ വെള്ളത്തിലായിരുന്നു.

Next Story

RELATED STORIES

Share it