Alappuzha local

ഉറ്റവര്‍ തീരമണഞ്ഞു; ആലപ്പുഴയുടെ കണ്ണീര്‍ തോര്‍ന്നു

ആലപ്പുഴ: ഉറ്റവരുടെ തോരാത്ത കണ്ണീരിന് അറുതി വരുത്തി  ആലപ്പുഴയില്‍ നിന്നും  മല്‍സ്യബന്ധനത്തിന് പോയി കടലില്‍ കാണാതായ മുഴുവന്‍ തൊഴിലാളികളും തീരമണഞ്ഞു. ഓഖി ചുഴലി കൊടുങ്കാറ്റ് കേരളതീരത്തും ആഞ്ഞുവീശുമെന്ന ആദ്യവാര്‍ത്തയെത്തിയതു മുതല്‍ ഉറ്റവര്‍ക്കു വേണ്ടി ആലപ്പുഴക്കാര്‍ തോരാ കണ്ണീരുമായി  പ്രാര്‍ത്ഥനയിലായിരുന്നു.
ഇന്നലെ ഉച്ചയോടെയാണ് ആലപ്പുഴയില്‍ നിന്നു കാണാതായവരെ കണ്ടെത്തിയതായി അറിയുന്നത്. കാണാതായ അഞ്ചുപേരെ രക്ഷപെടുത്തി കോസ്റ്റ്ഗാര്‍ഡിന്റെ അഭിനവ് എന്ന കപ്പലില്‍ ബേപ്പൂരിലേക്ക് എത്തിക്കുകയായിരുന്നു. ഇവരെ കോഴിക്കോട്ടു നിന്ന് ആലപ്പുഴയിലെത്തിക്കാന്‍ കോഴിക്കോട് ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് കലക്ടര്‍ സംവിധാനമൊരുക്കിയെന്ന വിവരം കൂടി എത്തിയപ്പോള്‍ നാട് ആശ്വാസത്തിലാവുകയായിരുന്നു.
കഴിഞ്ഞ 29 നാണ്   ചെട്ടികാട് സ്വദേശികളായ യേശുദാസ്, സിബിച്ചന്‍, ജോസഫ്, കാട്ടൂര്‍ സ്വദേശി ജോയി, തുമ്പോളി സ്വദേശിയായ ഷാജി എന്ന ഇഗ്‌നേഷ്യസ് ജോയല്‍ എന്ന ബോട്ടില്‍ മല്‍സ്യ ബന്ധനത്തിന് പുറപ്പെട്ടത്. ഒന്നോ രണ്ടോ ദിവസം കടലില്‍ തങ്ങി മല്‍സ്യബന്ധനം നടത്തി വരാറുള്ള ഇവര്‍ പുറപ്പെട്ടതിന് തൊട്ടടുത്ത ദിവസമാണ് ഓഖിയുടെ വരവറിയിച്ചുള്ള സന്ദേശങ്ങള്‍ നാട്ടില്‍ പരിഭ്രാന്തി പരത്തിയത്. മറ്റു വള്ളങ്ങളില്‍ കടലിലേക്ക് പോയ സഹപ്രവര്‍ത്തകരൊക്കെ മടങ്ങിയെത്തിയെങ്കിലും ജോയല്‍ മാത്രം തീരത്തണഞ്ഞില്ല.അന്നു മുതല്‍ ഇവരുടെ തിരിച്ചു വരവിനായി കണ്ണീരും പ്രാര്‍ത്ഥനയുമയി കാത്തിരിക്കുകയായിരുന്നു ചെട്ടികാട് ഗ്രാമം.
വിവിധ സ്ഥലങ്ങളില്‍നിന്ന് മല്‍സ്യബന്ധനത്തിന് പോയ ജില്ലയില്‍ നിന്നുള്ളവര്‍ മഹാരാഷ്ട്രയിലും ലക്ഷദ്വീപിലും സുരക്ഷിതരാണെന്ന് വിവരം തൊട്ടു പുറകെ ലഭിച്ചു. ഗാലക്‌സി ബോട്ടില്‍ മല്‍സ്യബന്ധനത്തിനുപോയി കാണാതായ പുറക്കാട് പഞ്ചായത്തിലെ 11ാം വാര്‍ഡിലെ പുതുവല്‍ വീട്ടില്‍ മോഹന്‍ദാസ് മഹാരാഷ്ട്രയിലെ ദേവ്ഗഡ് തുറമുഖത്ത് സുരക്ഷിതനായിരിക്കുന്നുവെന്നും അന്നമ്മാള്‍ എന്ന വള്ളത്തില്‍ മല്‍സ്യബന്ധനത്തിനു പോയ നീര്‍ക്കുന്നം തെക്കാനിശേരില്‍ രഞ്ജിത്ത് (30), തുമ്പോളി അരയന്‍ പറമ്പ് പ്രതാപന്‍ (58), കാഞ്ഞിരം ചിറ പീറ്റര്‍ (57) എന്നിവര്‍ ലക്ഷദ്വീപ് കല്‍പ്പേനിയില്‍ സുരക്ഷിതരാണെന്ന് വിവരം കൂടി ലഭിച്ചതോടെ നാട് ആശ്വാസത്തിരയേറി.
ദിവസങ്ങളോളം കടലില്‍ കഴിഞ്ഞ ഇവരെയോര്‍ത്തുള്ള സങ്കടം ഇടക്കിടെ രോഷമായി മാറിയപ്പോള്‍  ദേശീയ പാതയില്‍ പൂങ്കാവ് ജങ്ഷനിലും തുമ്പോളി ജങ്ഷനിലുമൊക്കെ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തി ഗതാഗതം തടസ്സപ്പെടുത്തി. ഇന്നലെ പകല്‍ ആലപ്പുഴ റെയില്‍വേസ്‌റ്റേഷന്‍പോലും മല്‍സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തിന് വേദിയായി. കടലില്‍ കാണാതായവരെക്കുറിച്ചുള്ള എല്ലാ പ്രതിഷേധങ്ങള്‍ക്കും സങ്കടങ്ങള്‍ക്കും ഇന്നലെ വൈകീട്ടോടെ അറുതിയായി.
അതിനിടയില്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ജില്ലയില്‍ 414 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഒമ്പതു ദുരിതാശ്വാസ ക്യാംപുകളിലായി 1,516 പേരാണുള്ളത്. പുറക്കാട് അറബി സെയ്ദ് മദ്‌റസ ഹാളില്‍ ഒമ്പത്, കലവൂര്‍ ഷോണിമയില്‍ 38, കലവൂര്‍ ഹോളി ഫാമിലി പാരിഷ് ഹാളില്‍ 31, ആറാട്ടുപുഴ നല്ലാനിക്കല്‍ എല്‍പി സ്‌കൂളില്‍ 75, കടക്കരപ്പള്ളി തൈക്കല്‍ പള്ളിയില്‍ 12, മാരാരിക്കുളം വടക്ക് സെന്റ് തോമസ് എല്‍പി സ്‌കൂളില്‍ 7, ആറാട്ടുപുഴ എംഎല്‍പിഎസ്എല്‍പി സ്‌കൂളില്‍ 80, മംഗലം എല്‍പിഎസില്‍ 82, വലിയഴീക്കല്‍ സുബ്രഹ്മണ്യം ക്ഷേത്രം ഹാളില്‍ 80 എന്നിങ്ങനെയാണ് കുടുംബങ്ങളുള്ളത്.
Next Story

RELATED STORIES

Share it