Flash News

ഉറങ്ങുന്ന റിസര്‍വേഷന്‍ യാത്രക്കാരെ ടിടിആര്‍മാര്‍ ഉണര്‍ത്തരുതെന്ന് റെയില്‍വേ



കെ പി ഒ റഹ്മത്തുല്ല

മലപ്പുറം: റിസര്‍വേഷന്‍ യാത്രക്കാര്‍ക്ക് തീവണ്ടിയില്‍ ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥയ്ക്കു ശാശ്വത പരിഹാരമാവുന്നു. ഇനിമുതല്‍ രാത്രി 10നു ശേഷം തീവണ്ടിയില്‍ കയറുന്ന യാത്രക്കാരെ രാവിലെ ആറുവരെ ടിടിആര്‍മാര്‍ വിളിച്ചുണര്‍ത്തി പരിശോധിക്കുന്ന അവസ്ഥയുണ്ടാവില്ല. ഇങ്ങിനെ പരിശോധിക്കുന്നത് വിലക്കി റെയില്‍വേ ഉത്തരവ് പുറപ്പെടുവിച്ചു. ജൂലൈ ഒന്നുമുതലാണു പുതിയ ഉത്തരവ് പ്രാബല്യത്തില്‍വരിക. ജൂണ്‍ ഏഴിനു പുറപ്പെടുവിച്ച ഉത്തരവ് രാജ്യത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും കഴിഞ്ഞദിവസം ലഭിച്ചു. ടിടിആര്‍മാരുടെ നിരന്തരമുള്ള പരിശോധനമൂലം ഉറക്കം നഷ്ടപ്പെടുന്നുവെന്നു പരാതിപ്പെട്ടുകൊണ്ട് പതിനായിരക്കണക്കിന് കത്തുകളാണ് കഴിഞ്ഞവര്‍ഷം  റെയില്‍വേയ്ക്ക് ലഭിച്ചത്. ഇതിനു പരിഹാരം തേടി റെയില്‍വേ നിയോഗിച്ച വിദഗ്ധ കമ്മിറ്റിയുടെ ശുപാര്‍ശയനുസരിച്ചാണു പുതിയ ഉത്തരവ്. റിസര്‍വേഷന്‍ കോച്ചുകളില്‍ ഇനിമുതല്‍ രാത്രികാലങ്ങളില്‍ യാത്രക്കാരെ വിളിച്ചുണര്‍ത്തി ടിക്കറ്റ് പരിശോധിക്കേണ്ടതില്ലെന്ന കര്‍ശന നിര്‍ദേശമാണ് ഉത്തരവിലുള്ളത്. റിസര്‍വ് ചെയ്ത കോച്ചുകളില്‍ യാത്രക്കാര്‍ സ്‌റ്റേഷനുകളില്‍നിന്നു കയറുമ്പോള്‍ തന്നെ നിര്‍ബന്ധമായും ടിക്കറ്റ് പരിശോധന നടത്തണം. ഇതിനായി ടിടിആര്‍മാര്‍ രാത്രി 10നു ശേഷം യാത്രക്കാര്‍ കയറുന്ന വാതില്‍പ്പടിയില്‍ തന്നെ ഉണ്ടാവണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എക്‌സ്പ്രസ്, സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളിലെല്ലാം ഈ രീതി പിന്തുടരണം. ദീര്‍ഘദൂര ട്രെയിനുകളില്‍ യാത്രക്കാര്‍ രാത്രിഭക്ഷണം കഴിച്ച് എട്ടുമണിയോടെ കിടന്നുറങ്ങുകയാണു പതിവ്. എന്നാല്‍ ടിക്കറ്റ് പരിശോധിക്കാന്‍ ടിടിആര്‍മാര്‍ എത്തുന്നത് അധികവും രാത്രി 10നു ശേഷമാണ്. അതിനാല്‍ തന്നെ പലരുടെയും ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥയുണ്ട്. ഇതിനു പരിഹാരമെന്ന നിലയ്ക്കാണു പുതിയ പരിഷ്‌കാരം. കൂടുതല്‍ റിസര്‍വേഷന്‍ യാത്രക്കാരുള്ള സ്റ്റേഷനുകളില്‍ എത്തിയാല്‍ മാത്രം ടിക്കറ്റ് പരിശോധിക്കുന്ന എളുപ്പരീതിയാണ് ടിടിആര്‍മാര്‍ പിന്തുടരുന്നത്. രാത്രി ഓരോ സ്‌റ്റേഷനില്‍ നിന്നും കയറുന്ന യാത്രക്കാരെ അപ്പോള്‍ തന്നെ പരിശോധിച്ച് അവരവരുടെ സീറ്റുകളില്‍ കിടന്നുറങ്ങാന്‍ അനുവദിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. റെയില്‍വേയുടെ പുതിയ ഉത്തരവ് നടപ്പില്‍വരുന്നതോടെ സ്‌റ്റേഷനില്‍ നിന്നു കയറുമ്പോള്‍ തന്നെ പരിശോധന പൂര്‍ത്തിയാവും. ഒരു യാത്രക്കാരനും അസമയത്തുള്ള പരിശോധനാ ശല്യമുണ്ടാവില്ല. റിസര്‍വേഷന്‍ യാത്രക്കാര്‍ക്ക് വലിയ അനുഗ്രഹമാണ് പുതിയ ഉത്തരവെന്നു യാത്രക്കാരും അവരുടെ സംഘടനകളും ചൂണ്ടിക്കാണിക്കുന്നു.
Next Story

RELATED STORIES

Share it